kasaragod local

ജില്ലയ്ക്ക് ഇന്ന് 33ാം പിറന്നാള്‍ : ബാലാരിഷ്ടതകള്‍ വിട്ടുമാറാതെ കാസര്‍കോട്



കാസര്‍കോട്: ജില്ല രൂപീകരിച്ച് 33ാം വര്‍ഷത്തിലെത്തിനില്‍ക്കുമ്പോഴും അടിസ്ഥാന വികസനംപോലുമില്ലാതെ പിന്നാക്കാവസ്ഥയിലാണ് കാസര്‍കോട്. സപ്തഭാഷാ സംഗമഭൂമിയായ കാസര്‍കോട് വൈവിധ്യത്തിന്റെ നാടാണ്. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനം രൂപീകരിക്കുന്നതിന് മുമ്പ് മദ്രാസ് പ്രവിശ്യയുടെ ഭാഗമായ സൗത്ത് കനറ ജില്ലയിലായിരുന്നു കാസര്‍കോട്. 1957ല്‍ കേരള സംസ്ഥാനത്തിന്റെ ഭാഗമായെങ്കിലും അവിഭക്ത കണ്ണൂര്‍ ജില്ലയിലായിരുന്നു കാസര്‍കോട്. 1984ല്‍ ഹൊസ്ദുര്‍ഗ്, കാസര്‍കോട് താലൂക്കുകള്‍ ചേര്‍ത്ത് കാസര്‍കോട് ജില്ല രൂപീകരിക്കുകയായിരുന്നു. തലസ്ഥാനത്ത് നിന്നും ഏറെ അകലെ സ്ഥിതിചെയ്യുന്ന കാസര്‍കോട് വികസന രംഗത്ത് എന്നും പിന്നാക്കമായിരുന്നു. ജില്ലാ രൂപീകരണത്തോടുകൂടിയാണ് അല്‍പമെങ്കിലും മാറ്റമുണ്ടായത്. തീരദേശവും മലയോരവും കൂടിച്ചേര്‍ന്ന കാസര്‍കോട് ജില്ലക്കാര്‍ക്ക് ആതുര ശുശ്രൂഷ കേന്ദ്രത്തിന് മംഗലാപുരത്തെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ഒരു ജില്ലാ ആശുപത്രിയും ജനറല്‍ ആശുപത്രിയും ഉണ്ടെങ്കിലും ഡോക്ടര്‍മാരുടെ അഭാവവും അടിസ്ഥാന സൗകര്യമില്ലായ്മയും രോഗികള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് തറക്കല്ലിട്ട കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. മെഡിക്കല്‍ കോളജിനായി ഉക്കിനടുക്കയില്‍ നിര്‍മാണം ആരംഭിച്ചുവെങ്കിലും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഫണ്ടൊന്നും അനുവദിച്ചിട്ടില്ല. കാസര്‍കോട്ടെ പിന്നാക്കാവസ്ഥക്ക് പരിഹാരമുണ്ടാക്കാന്‍ രൂപീകരിച്ച പ്രഭാകരന്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ ചുവപ്പുനാടയിലാണ്. 11,123 കോടി രൂപയുടെ പദ്ധതിക്കാണ് കഴിഞ്ഞ സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടേയും സഹകരണ, സ്വകാര്യ മേഖലയുടേയും പങ്കാളിത്തത്തോടെ നടപ്പാക്കേണ്ട പദ്ധതികളാണ് കമ്മീഷന്‍ റിപോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ളത്. എന്നാല്‍ ഇതുസംബന്ധിച്ച് വ്യവസായികളുമായി ചര്‍ച്ച നടത്താനോ കേന്ദ്ര സഹായം ലഭ്യമാക്കാനോ നടപടികളൊന്നും ഉണ്ടായിട്ടില്ല. വ്യവസായത്തിന് ഇഷ്ടംപോലെ സ്ഥലം ഉണ്ടായിട്ടും പുതിയ വ്യവസായ സംരംഭങ്ങളൊന്നും ജില്ലയ്ക്ക് അനുവദിക്കപ്പെടുന്നില്ല. നേരത്തെ തുടങ്ങാന്‍ ഉദ്ദേശിച്ച ഉദുമ സ്പിന്നിങ് മില്ലിലെ ഉപകരണങ്ങള്‍ തുരുമ്പെടുത്ത് നശിക്കുകയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഒന്നാംവാര്‍ഷികത്തിന് മുന്നോടിയായി ഇത് തുറക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച ഏക പൊതുമേഖലാ സംരംഭമായ കാസര്‍കോട് അസ്ട്രാള്‍വാച്ചസ് പൂട്ടിയിരിക്കുകയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കശുവണ്ടി ഉല്‍പാദിപ്പിക്കുന്ന രണ്ടാമത്തെ ജില്ലയായ കാസര്‍കോട്ട് ഒരു കശുവണ്ടി ഫാക്ടറി പോലുമില്ല. ഉന്നത വിദ്യാഭ്യാസ രംഗത്തും ജില്ലയ്ക്ക് എടുത്തുപറയാനുള്ള സ്ഥാപനങ്ങളാന്നുമില്ല. നദികളാല്‍ സമ്പന്നമായ ജില്ല വേനല്‍കാലത്ത് കടുത്ത വരള്‍ച്ചയുടെ പിടിയിലാണ്. ഒരു ജലസേചന പദ്ധതി പോലും ജില്ലയ്ക്കില്ല. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് വെള്ളരിക്കുണ്ട്, മഞ്ചേശ്വരം എന്നീ രണ്ട് താലുക്കുകള്‍ അനുവദിച്ചതാണ് അടുത്തകാലത്തുണ്ടായ പ്രധാനനേട്ടം. താലൂക്കിനോടനുബന്ധിച്ച് വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രമായ ബേക്കല്‍, ജില്ലയിലെ ഇക്കോടൂറിസ്റ്റ് കേന്ദ്രമായ റാണിപുരം, കോടഞ്ചേരി തുടങ്ങിയവയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞുനീങ്ങുകയാണ്.
Next Story

RELATED STORIES

Share it