Kollam Local

ജില്ലയ്ക്ക് അനുവദിച്ചത് 70 കോടി; വിനിയോഗിച്ചത് 36 കോടി മാത്രം

കൊല്ലം: ജില്ലയില്‍ അനുവദിച്ച 70 കോടി രൂപയുടെ പട്ടികജാതി ഫണ്ടില്‍ ഇതുവരെ വിനിയോഗിച്ചത് 36 കോടി രൂപ മാത്രം. ആഗസ്തിന് മുമ്പ് മുഴുവന്‍ തുകയും വിനിയോഗിക്കണമെന്ന് ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയതായി ദേശീയ പട്ടികജാതി കമ്മിഷന്‍ ഉപാധ്യക്ഷന്‍ എല്‍ മുരുകന്‍ പറഞ്ഞു.
ആശ്രാമം ഗവ. ഗസ്റ്റ്ഹൗസില്‍ ജില്ലാതല അവലോകനയോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കര്‍ണാടക, ആന്ധ്ര, തെലുങ്കാന എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത്തരത്തില്‍ തുക കുറച്ച് വിനിയോഗിച്ചതിനു കാരണക്കാരായ ഉദ്യോഗസ്ഥരുടെ മേല്‍ ശിക്ഷണ നടപടി സ്വീകരിച്ചിട്ടുണ്ട്. പ്രശ്‌നം ഗൗരവതരമാണെന്നും അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വൈസ് ചെയര്‍മാന്‍ അറിയിച്ചു.ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ള പട്ടികജാതി-വര്‍ഗ വികസന ഫണ്ടില്‍ 76 ശതമാനം തുക വിനിയോഗിച്ചിട്ടുള്ളതായും കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ വെളിപ്പെടുത്തി. 82 കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ 63 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം 760 വീടുകള്‍ ജില്ലയില്‍ അനുവദിച്ചിട്ടുള്ളതില്‍ 490 എണ്ണം പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കാണ്. പ്രധാനമന്ത്രിയുടെ “സ്റ്റാന്‍ഡ് അപ് ഇന്ത്യ’ വായ്പാ പദ്ധതി പ്രകാരം ജില്ലയില്‍ ജൂലൈ വരെ മൂന്ന് ഗുണഭോക്താക്കള്‍ക്ക് മാത്രമേ വായ്പ അനുവദിച്ചിട്ടുള്ളു. ഓരോ ബാങ്ക് ബ്രാഞ്ചും ഒരു പട്ടികജാതി-വര്‍ഗ വിഭാഗക്കാരനോ ഒരു വനിതാ സംരംഭകയ്‌ക്കോ 10 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെ, വ്യവസായം തുടങ്ങാന്‍ വായ്പ അനുവദിക്കുന്നതാണ് നിര്‍ദ്ദിഷ്ട പദ്ധതി. ജില്ലയില്‍ 400 ബാങ്ക് ശാഖകളാണുള്ളത്. സ്റ്റാന്‍ഡ് അപ് ഇന്ത്യ പദ്ധതി പ്രകാരം വായ്പ അനുവദിക്കുന്നത് ത്വരിതപ്പെടുത്താന്‍ ലീഡ് ബാങ്കിന് നിര്‍ദേശം നല്‍കിയിട്ടുള്ളതായും കമ്മിഷന്‍ ഉപാധ്യക്ഷന്‍ അറിയിച്ചു.
പ്രധാനമന്ത്രിയുടെ “മുദ്ര’ പദ്ധതി പ്രകാരം 2017-18ല്‍ മൂന്ന് പേര്‍ക്കാണ് വായ്പ അനുവദിച്ചിട്ടുള്ളത്. 2016-17ല്‍ 17 പേര്‍ക്കും 2015-16 കാലയളവില്‍ 22 പേര്‍ക്കും വായ്പ അനുവദിച്ചിരുന്നു. ചെറുകിട വ്യവസായങ്ങള്‍ തുടങ്ങുന്നതിനും അവയുടെ പുനരുദ്ധാരണത്തിനുമായി 10 ലക്ഷം രൂപ വരെ വായ്പ നല്‍കുന്നതാണ് “മുദ്ര’ പദ്ധതി. പട്ടികജാതി പെണ്‍കുട്ടികളുടെ സാക്ഷരതാ നിലവാരവും ഉയര്‍ന്നുതന്നെയാണ്. ഈ അധ്യായന വര്‍ഷം സ്‌കൂളുകളില്‍ നിന്ന് പഠനം നിര്‍ത്തിപോയ പെണ്‍കുട്ടികളുടെ എണ്ണം ഒമ്പതാണ്. ഇതില്‍ മൂന്ന് പേര്‍ മാത്രമാണ് പട്ടികജാതി വിഭാഗത്തിലുള്ളത്. 55 പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ജില്ലയില്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നുണ്ട്.
പട്ടികജാതി ഹോസ്റ്റലുകളുടെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ മാസവും ഉദ്യോഗസ്ഥര്‍ ഹോസ്റ്റലുകള്‍ സന്ദര്‍ശിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശം നല്‍കി. പള്ളിമണില്‍ അക്രമികളുടെ മര്‍ദനത്തിനിരയായി മരിച്ച പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ആകാശിന്റെ വീടും കമ്മിഷന്‍ ഉപാധ്യക്ഷന്‍ സന്ദര്‍ശിച്ചു. ആകാശിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 4.05 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ പകുതി തുക കഴിഞ്ഞ ദിവസം കൈമാറി. ഇതിന് പുറമെ രണ്ട് ഏക്കര്‍ കൃഷിഭൂമിയും വീട് വയ്ക്കാന്‍ സ്ഥലവും നല്‍കും. ഇതിന് പുറമെ കുടുംബ പെന്‍ഷനായി പ്രതിമാസം 5000 രൂപയും നല്‍കും. യോഗ്യതയ്ക്കനുസരിച്ച് കുടുംബത്തിലെ ഒരംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കും. പട്ടികജാതി വിഭാഗക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങളിലെ പ്രതികളില്‍ ശിക്ഷ ലഭിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണെന്നും കമ്മീഷന്‍ ഉപാധ്യക്ഷന്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം ഗൗരവമായെടുക്കണമെന്ന് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പട്ടികജാതി അതിക്രമം തടയല്‍ നിയമത്തില്‍ ഭേദഗതി വരുത്തി കൂടുതല്‍ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇത് പ്രകാരം കേസുകളിലെ സാക്ഷികള്‍ക്ക് മതിയായ സംരക്ഷണം നല്‍കണം. അതിക്രമം നടന്ന് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ പ്രതികളെ പിടികൂടുകയും വേണം.അവലോകനയോഗത്തില്‍ ജില്ലാ കലക്ടര്‍ എസ് കാര്‍ത്തികേയന്‍, സിറ്റി പോലിസ് കമ്മിഷണര്‍ എ ശ്രിനിവാസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it