thiruvananthapuram local

ജില്ലയെ ഹരിതാഭമാക്കാന്‍ 21 ലക്ഷം വൃക്ഷത്തൈകള്‍

തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് അഞ്ച് ലക്ഷം ഫലവൃക്ഷതൈകളൊരുക്കി ജില്ലാ പഞ്ചായത്ത്. ജില്ലയെ ഹരിതാഭമാക്കി മാറ്റുന്നതിന്റെ ഭാഗമായി സമ്പൂര്‍ണ ജലസുരക്ഷാ പദ്ധതിയായ ജലശ്രീയിലൂടെ 21 ലക്ഷം വൃക്ഷ തൈകളാണ് ത്രിതല പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ തയ്യാറാക്കിയിട്ടുള്ളത്. ജില്ലയിലെ 73 ഗ്രാമപ്പഞ്ചായത്തുകളിലും ഇതിനായി നഴ്‌സറികള്‍ സജ്ജീകരിച്ചിരുന്നതായി പ്രസിഡന്റ് വി കെ മധു പറഞ്ഞു. ജലശ്രീ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ജൂണ്‍ അഞ്ചിന് സ്‌കൂളുകളില്‍ തൈകള്‍ വിതരണം ചെയ്യുന്നത്.
നടുന്ന തൈകള്‍ വാര്‍ഡ് തലത്തില്‍ പരിപാലിക്കും. വിതരണവും പരിപാലനവും മഹാത്മാഗാന്ധിഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം നിര്‍വഹിക്കും. പ്ലാവ്, മാവ്, പേര തുടങ്ങിയ തൈകളാണ് വിതരണം ചെയ്യുക. സ്‌കൂളുകളെ കൂടാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും മറ്റ് സര്‍ക്കാര്‍ ഓഫിസുകളിലും വൃക്ഷ തൈകള്‍ വിതരണം നടത്തും.
വിപുലമായ ആഘോഷ പരിപാടികളോടെയാണ് പരിസ്ഥിതി ദിനാചരണം സംഘടിപ്പിക്കുന്നത്. ആഘോഷ പരിപാടികള്‍ക്ക് രൂപം നല്‍കുന്നതിനായി ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപ്പഞ്ചായത്ത് അധ്യക്ഷന്മാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥന്‍മാര്‍, തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എന്‍ജിനീയര്‍മാര്‍ എന്നിവരുടെ യോഗം ഇന്നലെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  ചേര്‍ന്നു. സ്‌കൂള്‍ തലത്തിലും പഞ്ചായത്ത് തലത്തിലും ആലോചനാ യോഗം ചേരാന്‍ പ്രധാനാധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കി. തൈകള്‍ സ്‌കൂളുകളിലെത്തിക്കാനാവശ്യമായ ക്രമീകരണങ്ങളും സജ്ജമാക്കി. പരിസ്ഥിതി ദിനത്തില്‍ ഒരു ഹരിത വിസ്മയത്തിന് തുടക്കമിടുകയാണ് ജില്ലാ പഞ്ചായത്തെന്നും പ്രസിഡന്റ്് വി കെ മധു പറഞ്ഞു.
Next Story

RELATED STORIES

Share it