ernakulam local

ജില്ലയെ നയിക്കാന്‍ 2,053 ജനപ്രതിനിധികള്‍

കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിന് ശേഷം ജില്ലയെ നയിക്കുക 2,053 ജനപ്രതിനിധികള്‍. കൊച്ചി കോര്‍പറേഷനിലെ 74 ഡിവിഷനുകളിലും ജില്ലാ പഞ്ചായത്തിലെ 27 ഡിവിഷനുകളിലും നഗരസഭകളില്‍ 429 ഉം ബ്ലോക്ക് പഞ്ചായത്തുകളില്‍ 185 ഉം ഗ്രാമപ്പഞ്ചായത്തുകളില്‍ 1338 വാര്‍ഡുകളിലേയ്ക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 23,62,893 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. ഇതില്‍ ഭൂരിപക്ഷം സ്ത്രീ വോട്ടര്‍മാരാണ്. 12,02,082 പേര്‍.
11,60,793 പേര്‍ പുരുഷന്മാരും 18 ഭിന്നലിംഗത്തില്‍പ്പെട്ടവരുമാണ്. 2010ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ആകെ 23,15,420 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. ഇതില്‍ 18,50,131 പേര്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. ജില്ലയിലെ 13 നഗരസഭകളില്‍ ഏറ്റവും കൂടുതല്‍ വാര്‍ഡുകളുള്ളത് തൃപ്പൂണിത്തുറയിലാണ്. ഇവിടെ 49 വാര്‍ഡുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
26 വാര്‍ഡുകളുള്ള ആലുവ നഗരസഭയിലാണ് ഏറ്റവും കുറവ്. അങ്കമാലി നഗരസഭയില്‍ 30 വാര്‍ഡുകളും, ഏലൂര്‍, കോതമംഗലം നഗരസഭകളില്‍ 31 വാര്‍ഡുകള്‍ വീതവും കളമശ്ശേരിയില്‍ 42ഉം മരടില്‍ 33ഉം മൂവാറ്റുപുഴയില്‍ 28ഉം നോര്‍ത്ത് പറവൂരില്‍ 29ഉം പെരുമ്പാവൂരില്‍ 27ഉം തൃക്കാക്കരയില്‍ 43ഉം പുതുതായി രൂപീകരിച്ച കൂത്താട്ടുകുളം നഗരസഭയില്‍ 28ഉം പിറവത്ത് 32 ഉം വാര്‍ഡുകളുമാണ് ഉള്ളത്.
14 ബ്ലോക്ക് പഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ വാര്‍ഡുകള്‍ ഉള്ളത് വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിലാണ്. കോതമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ 14 വാര്‍ഡുകളും ആലങ്ങാട്, അങ്കമാലി, ഇടപ്പള്ളി, കൂവപ്പടി, മുളന്തുരുത്തി, മൂവാറ്റുപുഴ, പള്ളുരുത്തി, പാമ്പാക്കുട, പാറക്കടവ്, പറവൂര്‍, വടവുകോട്, വൈപ്പിന്‍ എന്നീ ബ്ലോക്കുകളില്‍ 12 വാര്‍ഡുകള്‍ വീതവുമാണുള്ളത്. ആകെ 82 ഗ്രാമപ്പഞ്ചായത്തുകളാണ് ജില്ലയിലുള്ളത്.
പുനര്‍വിഭജനത്തോടെ ഗ്രാമപ്പഞ്ചായത്തുകളായിരുന്ന പിറവവും കൂത്താട്ടുകുളവും നഗരസഭകളായതോടെ 84ല്‍ നിന്നും രണ്ട് പഞ്ചായത്തുകള്‍ കുറഞ്ഞിട്ടുണ്ട്.
Next Story

RELATED STORIES

Share it