kannur local

ജില്ലയുണര്‍ന്നത് ദുരന്ത വാര്‍ത്തകളറിഞ്ഞ്; മയ്യഴിപ്പുഴ കണ്ണീര്‍പുഴയായി

കണ്ണൂര്‍: അര്‍ധരാത്രിയും പുലര്‍ച്ചെയുമുണ്ടായ ദുരന്തവാര്‍ത്തകളറിഞ്ഞാണ് ഇന്നലെ കണ്ണൂര്‍ ജില്ലയുണര്‍ന്നത്. തളിപ്പറമ്പില്‍ സഹകരണാശുപത്രി കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തമുണ്ടായെങ്കിലും ആളപായമില്ലാത്തതിനാല്‍ ആശ്വസിച്ചതിനു തൊട്ടുപിന്നാലെയാണ് പെരിങ്ങത്തൂരില്‍ ബസ് പുഴയിലേക്കു മറിഞ്ഞ് മൂന്നുപേര്‍ മരിച്ചെന്ന വാര്‍ത്തയെത്തിയത്. രണ്ടിടത്തുമായി ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ് വാഹനങ്ങളുടെ സൈറണ്‍ നിലയ്ക്കാതെ മുഴങ്ങുകയായിരുന്നു. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ തീപിടിത്തത്തില്‍ ഓടിയെത്തിയ നാട്ടുകാരും അഗ്നിശമന സേനയും പോലിസുമാണ് തലനാരിഴയ്ക്കു വന്‍ ദുരന്തം ഒഴിവാക്കിയത്.പുലര്‍ച്ചെ മൂന്നോടെയാണു സംഭവമെങ്കിലും കിലോമീറ്ററുകള്‍ അകലെ നിന്നു പോലും യുവാക്കള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കെത്തി. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, എസ്പി ശിവവിക്രം, ഡിവൈഎസ്പിമാര്‍ അടക്കമുള്ള വന്‍ സുരക്ഷാസംഘമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിച്ചത്. ജീവനക്കാരും  ഡോക്ടര്‍മാരും നാട്ടുകാരുമെല്ലാം കൈമെയ് മറന്ന് പ്രവര്‍ത്തിച്ചതോടെയാണ് തളിപ്പറമ്പ് ദുരന്തഭൂമിയാവാതെ രക്ഷപ്പെട്ടത്. തീയും പുകയും നിറഞ്ഞ മുറിയില്‍ നിന്നു അവശ രോഗികളെയും കൂട്ടിരിപ്പുകാരെയും കുഞ്ഞുങ്ങളെയുമെല്ലാം ഞൊടിയിടയിലാണ് പുറത്തെത്തിച്ചത്. ഓട്ടോ ടാക്‌സി ജീവനക്കാരും വ്യാപാരികളുമെല്ലാം കുതിച്ചെത്തി.അപകട മേഖലകളില്‍ എല്ലാംമറന്ന് പ്രവര്‍ത്തിക്കുന്ന മലയാളികളുടെ നേര്‍ക്കാഴ്ചയാണ് ഇന്നലെ പുലര്‍ച്ചെ തളിപ്പറമ്പില്‍ അനുഭവിച്ചറിഞ്ഞത്.നേരം പുലര്‍ന്നപ്പോഴാണ് ടൂറിസ്റ്റ് ബസ്സിന്റെ രൂപത്തില്‍ കണ്ണീര്‍ വാര്‍ത്തയെത്തിയത്. മയ്യഴിപ്പുഴയുടെ ഭാഗമായ പെരിങ്ങത്തൂര്‍ പാലത്തിനു മുകളില്‍ നിന്നു 50 അടി താഴ്ചയുള്ള പുഴയിലേക്ക് ബസ് കൂപ്പുകുത്തി മാതാവും മകനും ഉള്‍പ്പെടെ മൂന്നു ജീവനുകളാണ് പൊലിഞ്ഞത്. അതിരാവിലെയായതിനാലും ബസ് പൂര്‍ണമായും മുങ്ങിത്താഴ്ന്നതിനാലുമാണ് മൂന്നുപേരുടെയും ജീവന്‍ രക്ഷിക്കാനാവാതിരുന്നത്. മാത്രമല്ല, ഫയര്‍ഫോഴ്‌സിനു ആവശ്യമായ ഉപകരണങ്ങളില്ലാത്തതും തിരിച്ചടിയായി. വിവരമറിഞ്ഞ ഉടന്‍ തന്നെ മുങ്ങല്‍ വിദഗ്ധരടക്കമുള്ള സുരക്ഷാസേന കണ്ണൂരില്‍ നിന്ന് പെരിങ്ങത്തൂരിലേക്ക് കുതിച്ചെത്തിയിരുന്നു. ബംഗളൂരുവില്‍ നിന്ന് പാനൂര്‍, പാറക്കല്‍, തൂണേരി, പെരിങ്ങത്തൂര്‍ വഴി തലശ്ശേരിയിലേക്ക് വന്ന ലാമ ബസാണ് രാവിലെ 5.45 ഓടെ അപകടത്തില്‍പെട്ടത്. പെരിങ്ങത്തൂര്‍ പാലത്തിന്റെ കൈവരി തകര്‍ത്ത് ബസ് പുഴയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. നിറയെ യാത്രക്കാരുമായി തലേന്ന് ബംഗളൂരുവില്‍ നിന്നു പുറപ്പെട്ട ബസ് യാത്രക്കാരെ മുഴുവന്‍ ഇറക്കിയ ശേഷം ജീവനക്കാര്‍ ബസ്സുമായി തലശ്ശേരി ഭാഗത്തേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്. അപകട സമയത്ത് രണ്ടു ജീവനക്കാരടക്കം നാലുപേര്‍ മാത്രമാണ് ബസ്സിലുണ്ടായിരുന്നത്. ബസ് മറിയുന്നതിനിടെ ഡ്രൈവര്‍ ചാടിയതിനാല്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. പരിക്കേറ്റ ഡ്രൈവര്‍ കതിരൂര്‍ സ്വദേശി ദേവദാസിനെയാണ് ആദ്യം രക്ഷപ്പെടുത്തിയത്. ഇയാളെ തലശ്ശേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ലീനര്‍ ജിതേഷിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.ബസ്സിനുള്ളില്‍ കുടുങ്ങിക്കിടന്ന പ്രേമലതയെയും മകന്‍ പ്രജിത്തിനെയും ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഇവര്‍ മരണപ്പെട്ട നിലയിലായിരുന്നു. ബസ്സില്‍ നിന്നു കുറേ പേര്‍ നാദാപുരത്ത് ഇറങ്ങിയിരുന്നു. ചൊക്ലി വഴിയാണ് ബസ് നിര്‍ത്തിയിടുന്നിടത്തേക്ക് പോവുന്നത് എന്നതിനാലാണ് പ്രേമലതയും മകനുംഇറങ്ങാതിരുന്നത്. ഇത് വിധിയുടെ രൂപത്തില്‍ മരണത്തിലേക്ക് മുങ്ങിത്താഴുകയായിരുന്നു.അപകടസ്ഥലം മന്ത്രി കെ കെ ശൈലജ, മുന്‍മന്ത്രി കെ പി മോഹനന്‍, പാനൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി റംല, കൗണ്‍സിലര്‍ റഈസ്, ചൊക്ലി പഞ്ചായത്ത് പ്രസിഡന്റ് വി കെ രാഗേഷ് എന്നിവരെത്തിയിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്തിയ മന്ത്രി ഉദ്യോഗസ്ഥര്‍ക്കു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി. തലശ്ശേരി ജനറല്‍ ആശുപത്രിയിലെത്തി മരിച്ചവര്‍ക്കു അന്തിമോപചാരമര്‍പ്പിക്കുകയും ബന്ധുക്കളെ അനുശോചനമറിയിക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it