Pathanamthitta local

ജില്ലയും പകര്‍ച്ചവ്യാധികളുടെ നീരാളിപ്പിടിത്തത്തിലേക്ക്



ചുങ്കപ്പാറ: മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയതോടെ പത്തനംതിട്ട ജില്ലയും പകര്‍ച്ചവ്യാധികളുടെ നീരാളിപ്പിടുത്തത്തിലേക്ക്. 2007ന് സമാനമായ സാഹചര്യമാണ് ജില്ലയില്‍ നിലവിലുള്ളതെന്നാണ് ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ നല്‍കുന്ന മുന്നറിയിപ്പ്. പ്രതിരോധപ്രവര്‍ത്തനങ്ങളുടെ അന്ത്യഘട്ടത്തിലെത്തേണ്ട സമയത്തുപോലും മിക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇനിയും ആരംഭിച്ചിട്ടുപോലുമില്ല. ജില്ലയിലെ തോട്ടം മേഖലയില്‍ കൊതുകിന്റെ സാന്ദ്രത അത്യന്തം അപകടകരമായ രീതിയിലാണ്. ബ്രിട്ടോ ഇന്‍ഡെക്‌സ് പ്രകാരം തോട്ടം മേഖലയിലാണ് കൊതുകിന്റെ സാന്ദ്രത 80 കടന്നത്. ജില്ലയില്‍ കൊതുകുസാന്ദ്രത കൂടിയ പ്രദേശങ്ങളിലൊന്ന് ളാഹയാണ്. ബ്രിട്ടോ ഇന്‍ഡെക്‌സ് ഇവിടെ 84 ആണ്. ളാഹയില്‍ ഈ സീസണില്‍ നാല് പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചത് പഠനത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുണ്ട്. ചിറ്റാര്‍,സീതത്തോട് മേഖലയില്‍ 80ഉം. കോന്നിയില്‍ 74, റാന്നിയല്‍ 72, കോട്ടാങ്ങലില്‍ 76, കാഞ്ഞീറ്റുകരയില്‍ 74, പറക്കോട് 70, പന്തളത്ത് 68, മല്ലപ്പള്ളി 68 എന്നിങ്ങനെയാണ് കൊതുകുസാന്ദ്രതയുടെ തോത്. അപ്പര്‍കുട്ടനാട്, തിരുവല്ല നഗരസഭ, പത്തനംതിട്ട നഗരസഭ പ്രദേശങ്ങളില്‍ താരതമ്യേന കൊതുകുസാന്ദ്രത കുറവാണെന്ന് പഠനത്തില്‍ പറയുന്നു. തിരുവല്ലയിലും അപ്പര്‍കുട്ടനാട്ടിലും 62 ആണ് തോത്. ഈ സാഹചര്യത്തില്‍ ഡെങ്കിയടക്കമുള്ള കൊതുക് പരത്തുന്ന രോഗങ്ങള്‍ ജില്ലയില്‍ പടര്‍ന്നുപിടിക്കാന്‍ സാഹചര്യമുള്ളതായാണ് ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. ദേശീയ കീടരോഗനിയന്ത്രണത്തിന്റെ ഭാഗമായി വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റാണ് ജില്ലയില്‍ പഠനം നടത്തിയത്. ഈ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഏകോപിപ്പിക്കുകയാണ് ആരോഗ്യവകുപ്പിന് മുന്നിലുള്ള മാര്‍ഗം. ഇതിനായി വാര്‍ഡ് ഒന്നിന് 25000 രൂപവീതം അനുവദിച്ചിരിക്കുന്നു.ദേശീയ ആരോഗ്യമിഷനില്‍നിന്ന് 10,000 രൂപയും ശുചിത്വമിഷന്റെ 10,000 രൂപയും അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 5,000 രൂപയുമടക്കമാണിത്.          ജില്ലയിലെ മിക്ക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഈ തുക ഇനി കിട്ടാനുമുണ്ട്. ജില്ലയിലെ മിക്ക തദ്ദേശ സ്വയം സ്ഥാപനങ്ങളിലും ഞായറാഴ്ച മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും മഴയുടെ സാന്നിധ്യത്തില്‍ ഔദ്യോഗിക ഉദ്ഘാടനം നടത്തി പിരിയുകയായിരുന്നു. ചിക്കുന്‍ഗുനിയ അടക്കം പകര്‍ച്ചവ്യാധികള്‍ ജില്ലയില്‍ ഏറ്റവും അധികം പടര്‍ന്നുപിടിച്ചത് 2007ലാണ്.
Next Story

RELATED STORIES

Share it