thrissur local

ജില്ലയില്‍ 911 സ്‌കൂളുകളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി

തൃശൂര്‍: പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ 911 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആരോഗ്യവകുപ്പിലെ സംഘം  പരിശോധന നടത്തി.
സ്‌കൂള്‍ കുട്ടികളില്‍ പകര്‍ച്ചവ്യാധികളും ആരോഗ്യപ്രശ്‌നങ്ങളും നിയന്ത്രിക്കുന്നതിനായി സ്‌കൂളുകളിലെയും പരിസരത്തെയും ശുചിത്വമില്ലായ്മയും കൊതുകു പെരുകുന്നതിനു കാരണമായ സാഹചര്യങ്ങളും ഒഴിവാക്കുക, കുടിവെള്ളത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുക, സ്‌കൂളില്‍ പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം തടയുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക എന്നീ  ലക്ഷ്യത്തോടെ ആരോഗ്യജാഗ്രത, ഹെല്‍ത്തി കേരള പരിപാടികളുടെ ഭാഗമായാണ് ആരോഗ്യവകുപ്പിലെ സംഘം സ്‌കൂളുകളില്‍ പരിശോധന നടത്തിയത്.  സര്‍ക്കാര്‍/സര്‍ക്കാരിതര വിദ്യാലയങ്ങളിലെ കിണറുകള്‍, കുടിവെള്ള സംഭരണികള്‍, മൂത്രപ്പുര, ഹോസ്റ്റലുകള്‍, സ്‌റ്റോറുകള്‍, പാചകപുരയുടെയും  പാചകതൊഴിലാളികളുടെയും ശുചിത്വം, വിദ്യാലയപരിസരം തുടങ്ങിയവ ജില്ലാ മെഡിക്കല്‍ ഓഫീസിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ്  പരിശോധനയ്ക്ക് വിധേയമാക്കിയത്. കുടിവെള്ള ഗുണമേന്മ പരിശോധന നടത്താത്ത 47 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും 58 സ്വകാര്യ സ്‌കൂളുകള്‍ക്കും ,കൊതുകുജന്യ സാഹചര്യങ്ങളുള്ള 6 വീതം സര്‍ക്കാര്‍/ സ്വകാര്യ സ്‌കൂളുകള്‍ക്കും കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി മൂത്രപ്പുര ഇല്ലാത്ത 8 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും 9  സ്വകാര്യ സ്‌കൂളുകള്‍ക്കും പുകവലി നിയന്ത്രണ നിയമപ്രകാരമുള്ള അനുബന്ധ ബോര്‍ഡുകള്‍ സ്ഥാപിക്കാത്ത   26 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും 24 സ്വകാര്യ സ്‌കൂളുകള്‍ക്കും ഉപാധികളോടെ നോട്ടീസ് നല്‍കി.
പരിശോധനയുടെ ഭാഗമായി വിദ്യാലയങ്ങളുടെ നൂറ്  വാര ചുറ്റളവിലുള്ള 348 കടകളില്‍ പുകയില ഉല്‍പന്നങ്ങളുടെ വില്‍പന ഉണ്ടോ എന്ന് പരിശോധിച്ച് 4 കടകളില്‍ നോട്ടീസ് നല്‍കി.
Next Story

RELATED STORIES

Share it