ernakulam local

ജില്ലയില്‍ 82% വീടുകള്‍ പൂര്‍ത്തീകരിച്ചു

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ ലൈഫ് മിഷന്റെ ഒന്നാംഘട്ട പ്രവര്‍ത്തനത്തില്‍ ജില്ല മികച്ച നേട്ടം കൈവരിച്ചു.  ജില്ലയില്‍ പൂര്‍ത്തീകരിക്കാനുണ്ടായ 1081 വീടുകളില്‍ 882 വീടുകളും പൂര്‍ത്തീകരിച്ചു.  82% വീടുകളും പൂര്‍ത്തീകരിച്ച് ജില്ല ഒന്നാമതായി. സംസ്ഥാനത്ത് ശരാശരി 43% വീടുകളാണ് പൂര്‍ത്തിയാക്കിയത്.
ബാക്കിയുളള 199 വീടുകള്‍  ഏപ്രില്‍ 30 നകം തന്നെ പൂര്‍ത്തീകരിക്കാന്‍ നടപടിയെടുക്കുമെന്ന് ലൈഫ് മിഷന്‍ ജില്ലാകര്‍മസമിതി അധ്യക്ഷനായ ജില്ലാകലക്ടര്‍ മുഹമ്മദ് വൈ. സഫിറുല്ല അറിയിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴില്‍ ആകെ 553 വീടുകള്‍ പൂര്‍ത്തീകരിച്ചു. 647 വീടുകളായിരുന്നു ആകെ പൂര്‍ത്തിയാക്കാനുള്ളത്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ പൂര്‍ത്തീകരിച്ചത് ബ്ലോക്ക് പഞ്ചായത്തുകളാണെന്ന് ലൈഫ് മിഷന്‍ കണ്‍വീനറും ജില്ലയുടെ പ്രൊജക്ട് ഡയറക്ടറുമായ കെ ജി തിലകന്‍ പറഞ്ഞു.
ബ്ലോക്കു പഞ്ചായത്തുകള്‍ 256 വീടുകളില്‍ 233 എണ്ണം പൂര്‍ത്തീകരിച്ചപ്പോള്‍ ഗ്രാമപ്പഞ്ചായത്തുകള്‍ 205 എണ്ണം പൂര്‍ത്തീകരിച്ചു. 235 വീടുകളായിരുന്നു ഗ്രാമപ്പഞ്ചായത്തുകള്‍ ലക്ഷ്യം വച്ചത്. മുനിസിപ്പാലിറ്റികള്‍ 68ഉം കോര്‍പറേഷന്‍ 48ഉം പൂര്‍ത്തീകരിച്ചു. ഇവ യഥാക്രമം 89ഉം 67ഉം വീടുകളാണ് പൂര്‍ത്തിയാക്കാനുദ്ദേശിച്ചത്. പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ 211 വീടുകളും പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ 94ഉം ഫിഷറീസ് വകുപ്പിന്റെ കീഴില്‍ 23ഉം മൈനോറിറ്റി വെല്‍ഫെയറിനു കീഴില്‍ ഒരു വീടും പൂര്‍ത്തീകരിച്ചു.
ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഒത്തൊരുമിച്ച പ്രവര്‍ത്തനഫലമായിട്ടാണ് നേട്ടം കൈവരിക്കാനായതെന്ന് ജില്ലാ കോ-ഓഡിനേറ്റര്‍ ഏണസ്റ്റ് സി തോമസ് പറഞ്ഞു.
Next Story

RELATED STORIES

Share it