Kottayam Local

ജില്ലയില്‍ 76.62 ശതമാനം പോളിങ്: ചിലയിടങ്ങളില്‍ സംഘര്‍ഷം; വോട്ടിങ് മെഷീനുകളും പണിമുടക്കി

കോട്ടയം: തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 73 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ കലക്ടര്‍ സ്വാഗത് ഭണ്ഡാരി അറിയിച്ചു. മികച്ച പോളിങാണ് ജില്ലയിലെ ഒമ്പത് മണ്ഡലങ്ങളിലും രേഖപ്പെടുത്തിയത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് വൈക്കം മണ്ഡലത്തിലാണ് 80.79 (2011-78.7)ശതമാനമാണ് പോളിങ് നില. ഏറ്റവും കുറവ് കടുത്തുരുത്തി മണ്ഡലത്തിലാണ് 68.40 (2011-72) ശതമാനമാണ് പോളിങ് നില. കോട്ടയം മണ്ഡലത്തില്‍ 77.80 (2011-77.4) ആണ് പോളിങ്. പുതുപ്പള്ളി മണ്ഡലത്തില്‍ 77.14 (2011-73.8) പോളിങ് രേഖപ്പെടുത്തി. കാഞ്ഞിരപ്പള്ളിയില്‍ 74.50 (2011-69.9) പോളിങ് രേഖപ്പെടുത്തിയപ്പോള്‍ പൂഞ്ഞാറില്‍ 78.55 (2011-70) രേഖപ്പെടുത്തി. പാലായില്‍ 77.42 (73.4) പോളിങ് നില രേഖപ്പെടുത്തിയപ്പോള്‍ ചങ്ങനാശ്ശേരിയില്‍ 75.25 (2011-72.5) പോളിങ് ശതമാനമായി.ഏറ്റുമാനൂരില്‍ 79.69(2011-78.2) പോളിങ് ശതമാനം രേഖപ്പെടുത്തി. അതേസമയം ചങ്ങനാശ്ശേരിയിലും പൂഞ്ഞാര്‍ മണ്ഡലത്തിലെ ഈരാറ്റുപേട്ടയിലും തിടനാടും വോട്ടിങ് മെഷീനുകള്‍ പണിമുടക്കി. കല്ലറ പഞ്ചായത്തില്‍ ഒരു ബൂത്തില്‍ വോട്ടിങ് യന്ത്രം തകരാറിലായത് ഒരു മണിക്കൂറിലേറേ വോട്ടിങ് തടസ്സപ്പെടുത്തി. കല്ലറ പഞ്ചായത്തിലെ മുണ്ടാര്‍ പാറേല്‍ കോളനിയിലെ ബൂത്തിലാണ് യന്ത്രം പണിമുടക്കിയത്. 20 മിനിറ്റോളം ഇവിടെ വോട്ടിങ് തടസ്സപ്പെട്ടു. തകരാര്‍ പരിഹരിച്ചു 7.20 ഓടെ വോട്ടിംഗ് ആരംഭിച്ചു. കല്ലറ പഞ്ചായത്തില്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ പ്രവര്‍ത്തിച്ചിരുന്ന ബൂത്തിലെ യന്ത്രം പണി മുടക്കിയതിനെ തുടര്‍ന്ന് ഒരു മണിക്കൂര്‍ 20 മിനിറ്റാണ് ഇവിടെ വോട്ടിങ് തടസപെട്ടത്. രാവിലെ വോട്ടിങ് ആരംഭിച്ച ശേഷം 9.30 ഓടെയായിരുന്നു യന്ത്രം പണി മുടക്കിയത്. പകരം യന്ത്രം എത്തിച്ചാണ് പോളിങ് പുനരാരംഭിച്ചത്.
വൈക്കം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയ ആള്‍ ക്രമനമ്പര്‍ മാറി വോട്ട് ചെയ്തു. 82 ക്രമനമ്പര്‍ വിളിച്ചപ്പോള്‍ 81 ക്രമനമ്പറിലുള്ള ആള്‍ വോട്ട് ചെയ്തതാണ് സംഭവത്തിന് കാരണം. ഇതേ തുടര്‍ന്ന് ഡിസിസി അംഗം അഡ്വ. കെപി ശിവജിക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ല. പിന്നീട് ജീവനക്കാര്‍ ഇദ്ദേഹത്തിന് ടെന്‍ണ്ടര്‍ വോട്ട് ചെയ്യാന്‍ അനുവാദം നല്‍കി. എന്നാല്‍ സ്ഥാനാര്‍ഥികള്‍ തമ്മില്‍ വോട്ടിങ് നിലയില്‍ തുല്യത പാലിച്ചാല്‍ മാത്രമേ ടെന്‍ണ്ടര്‍ വോട്ടിന് വിലയുള്ളൂ.
കോട്ടയത്തിനു സമീപം മൂലേടത്ത് മാനസികവൈകല്യംമൂലം 20 പേര്‍ക്ക് വോട്ട് ചെയ്യാനായില്ല. വോട്ടിങ് മെഷീനില്‍ മഷി പുരട്ടിയെന്ന് ആരോപിച്ച് പൂഞ്ഞാര്‍ മണ്ഡലത്തിലെ ഇടക്കുന്നത്തെ പോളിങ് ബൂത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. സംഭവത്തില്‍ പ്രിസൈഡിങ് ഓഫിസര്‍ക്ക് പരാതി നല്‍കി. എല്‍ഡിഎഫ് പ്രവര്‍ത്തകരും പ്രകടനം നടത്തി. സംഭവത്തെ തുടര്‍ന്ന് പോലിസ് ലാത്തിവീശി. പനച്ചിക്കാട് പാറക്കുളം ഗവ.എല്‍പിഎസ് 150ാം ബൂത്തില്‍ എല്‍ഡിഎഫ് യുഡിഎഫ് സംഘര്‍ഷം പോലിസ് ലാത്തി വീശി. വിജയപുരം കൊശമറ്റം ബൂത്തില്‍ എല്‍ഡിഎഫ് ബിജെപി സംഘര്‍ഷം ഉണ്ടായി. തുടര്‍ന്ന് പോലിസ് ഇടപെടലോടെ സംഘര്‍ഷം അയഞ്ഞു.
പോലിസ് മര്‍ദ്ദിച്ചെന്ന്; ഈരാറ്റുപേട്ടയില്‍ സംഘര്‍ഷം
ഈരാറ്റുപേട്ട: എംഇഎസ് ജങ്ഷനു സമീപം പോലിസും നാട്ടുകാരും തമ്മില്‍ നേരിയ സംഘര്‍ഷം. മദ്യലഹരിയില്‍ ഇലക്ഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്‌ഐ നാട്ടുകാരെ മര്‍ദ്ദിച്ചെന്ന് ആരോപിച്ചായിരുന്നു സംഘര്‍ഷം.
കൂടുതല്‍ പോലിസ് എത്തി സ്ഥിതി ശാന്തമാക്കി. കൂടാതെ ചേന്നാട് കവലയിലും ഇന്നലെ വൈകീട്ട് പോളിങിനു ശേഷം എല്‍ഡിഎഫും പ്രവര്‍ത്തകനും പി സി ജോര്‍ജിന്റെ പ്രവര്‍ത്തകനും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതു തടയാന്‍ വന്ന പോലിസുകാരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായി.
തുടര്‍ന്ന് ചേന്നാട് കവലയിലെ പള്ളിയിലേക്ക് ആളുകള്‍ നീങ്ങി. അവിടെ വച്ചും പോലിസുകാരുമായി സംഘര്‍ഷമുണ്ടായി.
തുടര്‍ന്ന് ഇന്നലെ രാത്രി എട്ടോടെ പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഈരാറ്റുപേട്ട സിഐ ഓഫിസില്‍ സമാധാന ചര്‍ച്ച ചേര്‍ന്നു. പള്ളിയിലേക്ക് പോയവര്‍ക്കെതിരേ ഈരാറ്റുപേട്ട സിഐ റിയാസിന്റെ നേതൃത്വത്തിലുള്ള പോലിസിന്റെ അതിക്രമമാണ് നടന്നതെന്ന് മുഹിയിദ്ദീന്‍പള്ളി കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
ചര്‍ച്ചയില്‍ നഗരസഭാ ചെയര്‍മാന്‍ ടി എം റഷീദ്, ഷോണ്‍ ജോര്‍ജ് പങ്കെടുത്തു. കൂടാതെ സിഐയ്‌ക്കെതിരേ നടപടി ഉണ്ടാവുമെന്ന് ഡിവൈഎസ്പി ചര്‍ച്ചയില്‍ ഉറപ്പു നല്‍കുകയും സംഭവത്തില്‍ ആര്‍ക്കെതിരെയും കേസ് എടുക്കില്ലെന്നും ഡിവൈഎസ്പി പറഞ്ഞു.
Next Story

RELATED STORIES

Share it