Kollam Local

ജില്ലയില്‍ 551 കോടി രൂപയുടെ റോഡ് വികസനം



കൊല്ലം: ജില്ലയില്‍ 551 കോടി രൂപയുടെ റോഡ് വികസനത്തിന് ഭരണാനുമതിയായി. കലക്‌ട്രേറ്റില്‍ ചേര്‍ന്ന ജില്ലാ വികസന സമിതിയോഗത്തിലാണ് ജില്ലാ കലക്ടര്‍ ഇക്കാര്യം അറിയിച്ചത്.  കിഫ്ബിയില്‍ നിന്ന് 449 കോടിരൂപ വിനിയോഗിച്ച് 16 റോഡുകളുടെ വികസനമാണ് ജില്ലയില്‍ നടപ്പിലാക്കുക. ബജറ്റ് വിഹിതമായ 102 കോടി രൂപയ്ക്ക് ലിങ്ക് റോഡിന്റെ തോപ്പില്‍ക്കടവ് വരെയുള്ള വിപുലീകരണവും സാധ്യമാവും. കിഫ്ബി പദ്ധതിയുടെ ഭാഗമായി കുന്നത്തൂരിലെ കൊല്ലേക്കടവ് പാലവും നിര്‍മിക്കും. ജില്ലയിലെ റോഡുകളുടെ അവസ്ഥ മെച്ചപ്പെടുത്തണമെന്ന നിര്‍ദ്ദേശം യോഗത്തില്‍ പങ്കെടുത്ത ജനപ്രതിനിധികളില്‍ നിന്ന് ഉയര്‍ന്നു. തുടര്‍ന്ന് പൊതുമരാമത്ത് റോഡ്‌സ് ഡിവിഷന്‍ പ്രതിനിധിയായി പങ്കെടുത്ത എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ റോഡ് വികസനത്തിനുള്ള രൂപരേഖ അവതരിപ്പിച്ചു. ഭരണാനുമതി കിട്ടിയ പശ്ചാത്തലത്തില്‍ തുടര്‍ നടപടികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച ആവശ്യങ്ങളാണ് പി അയിഷാപോറ്റി എംഎല്‍എ. ഉന്നയിച്ചത്. കൊട്ടാരക്കര നിന്നുള്ള ഉള്‍പ്രദേശ സര്‍വ്വീസുകള്‍ നിറുത്തിയത് പുനരാരംഭിക്കണം. ഇവിടെ പുലമണ്‍ റോഡിന്റെ അറ്റകുറ്റപ്പണി ഉടന്‍ തീര്‍ക്കണമെന്നും എംഎല്‍എ നിര്‍ദ്ദേശിച്ചു. നിര്‍മാണ മേഖലയിലെ അനിശ്ചിതത്വം പരിഹരിക്കുന്നതിന് സമീപജില്ലയില്‍ നിന്ന് നിര്‍മ്മാണ സാമഗ്രികള്‍ സുഗമമായി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കോവൂര്‍ കുഞ്ഞുമോന്‍ കുഞ്ഞുമോന്‍  എംഎല്‍എ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. തരിശായ നെല്‍വയലുകള്‍ മുഴുവന്‍ കൃഷിയോഗ്യമാക്കണം. കൊല്ലം തോടിന്റെ നവീകരണം അതിവേഗം പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശമാണ് എം. നൗഷാദ് എംഎല്‍എയുടേത്. കടപ്പാക്കടയുടെ വികസനത്തിന് സ്ഥലമെടുപ്പ് പൂര്‍ത്തീകരിക്കണം. റേഷന്‍ കാര്‍ഡിലെ വിവരങ്ങള്‍ പരിശോധിക്കാന്‍ കാര്‍ഡ് ഉടമകളെ റേഷന്‍ കടകളിലേക്ക് വിളിച്ചു വരുത്തുന്നത് അവസാനിപ്പിക്കണമെന്ന് ജി എസ് ജയലാല്‍ എംഎല്‍എ ആവശ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ കാര്‍ഡുകളിലെ മുന്‍ഗണന - ഇതര വിഭാഗങ്ങള്‍ നിശ്ചയിക്കുന്നതിനുള്ള പുതിയ മാനദണ്ഡങ്ങള്‍ കടകളില്‍ പരസ്യമായി പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദ്ദേശം ജില്ലാ കലക്ടര്‍ നല്‍കി.  ചവറയിലെ  കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് നടപടി വേണമെന്ന് എന്‍. വിജയന്‍പിള്ള എംഎല്‍എ ആവശ്യപ്പെട്ടു. ശാസ്താംകോട്ടയില്‍ ജലനിരപ്പ് മെച്ചപ്പെട്ട സാഹചര്യത്തില്‍ കുടിവെള്ള ലഭ്യത ഉറപ്പാക്കണം. ഇവിടെ ഒന്നിടവിട്ട ദിവസങ്ങളില്‍ 12 മണിക്കൂര്‍ പമ്പിങ് നടത്തിയിരുന്നത് 16 മണിക്കൂറായി ഉയര്‍ത്തിയിട്ടുണ്ടെന്ന് ജലഅതോറിറ്റി പ്രതിനിധി അറിയിച്ചു. ബസ് യാത്രാ ക്ലേശം സംബന്ധിച്ചാണ് കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പ്രതിനിധി എബ്രഹാം സാമുവല്‍ ഉന്നയിച്ചത്. കൊല്ലം-ചെങ്ങന്നൂര്‍ റൂട്ടില്‍ നവംബര്‍ ആദ്യവാരം നാലു പുതിയ ബസ്സുകള്‍ കൂടി ഓടുമെന്ന് ഗതാഗത വകുപ്പ് പ്രതിനിധി ഉറപ്പ് നല്‍കി. കെ സി വേണുഗോപാല്‍ എംപി യുടെ പ്രതിനിധി തൊടിയൂര്‍ രാമചന്ദ്രന്‍ യാത്രാ സൗകര്യം മെച്ചപ്പെടുത്തണമെന്ന ആവശ്യമാണ് ഉന്നയിച്ചത്. സബ്കലക്ടര്‍ ഡോ. എസ് ചിത്ര, എഡിഎം കെ ആര്‍ മണികണ്ഠന്‍, പ്ലാനിങ് ഓഫിസര്‍ ആര്‍ മണിലാല്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it