thrissur local

ജില്ലയില്‍ 55.58 കോടിയുടെ ക്ഷേമ പെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യും: മന്ത്രി

തൃശൂര്‍: ജില്ലയിലെ 192453 ഗുണഭോക്താക്കള്‍ക്കുളള 555817400 രൂപയുടെ വിവിധ ക്ഷേമപെന്‍ഷനുകള്‍ കുടിശ്ശിക ഉള്‍പ്പെടെ അടിയന്തിരമായി വിതരണം ചെയ്യാന്‍ രാമനിലയത്തില്‍ ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ ഉദേ്യാഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഇതിനാവശ്യമായ തുക തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. വിതരണം ചെയ്യാനുളള തുക ജില്ലയിലെ തൃശൂര്‍ കോര്‍പറേഷന്‍, നഗരസഭകള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നീ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്ക് ഫെബ്രൂവരി 6 ന് ജില്ലയില്‍ സംഘടിപ്പിച്ചിരുന്ന ചടങ്ങില്‍ വിതരണം ചെയ്യും.
വാര്‍ദ്ധക്യകാലപെന്‍ഷന്‍, വികലാംഗപെന്‍ഷന്‍, വിധവാ പെന്‍ഷന്‍, അഗതി പെന്‍ഷന്‍, 50 വയസ്സിന് മുളില്‍ പ്രായമുളള അവിവാഹിതരായ സ്ത്രീകള്‍ക്കുളള പെന്‍ഷന്‍ എന്നിവയാണ് വിതരണത്തിന് തയ്യാറായിട്ടുളളത്.
വാര്‍ദ്ധക്യ കാലപെന്‍ഷന് 50867 ഉം വികലാംഗപെന്‍ഷന് 17565 ഉം വിധവാ പെന്‍ഷന് 75760 ഉം അഗതി പെന്‍ഷന് 39541 ഉം 50 വയസ്സിന് മുകളിലുളള സ്ത്രീകള്‍ക്കുളള പെന്‍ഷന് 8720 ഉം ഗുണഭോക്താക്കളാണ് ജില്ലയിലുള്ളത്.
വടക്കാഞ്ചേരി നിയോജക മണ്ഡലത്തില്‍ നടപ്പാക്കി വരുന്ന വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും യോഗം വിലയിരുത്തി. വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു.
മന്ത്രി സി എന്‍ ബാലകൃഷ്ണന്റെ എം.എല്‍.എ. ഫണ്ടില്‍ നിന്ന് മാത്രം അഞ്ച് കോടിയിലധികം രൂപ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചിരുന്നു. വികസന പദ്ധതികള്‍ വേണ്ടവിധം മുന്നോട്ട് കൊണ്ട് പോകുന്നതിന് മുന്‍കയ്യെടുത്ത ഉദേ്യാഗസ്ഥരെ മന്ത്രി യോഗത്തില്‍ അഭിനന്ദിച്ചു.
ജില്ലാ കളക്ടര്‍ വി. രതീശന്‍ , വടക്കാഞ്ചേരി നഗരസഭാ കൗ ണ്‍സിലര്‍ കെ. അജിത് കുമാര്‍ , ഫൈനാന്‍സ് ഓഫീസര്‍ ഇ. കെ. ഗോപിനാഥന്‍ , ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാ തല ഉദ്യോഗസ്ഥര്‍ പഞ്ചായത്ത് സെക്രട്ടറി മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it