wayanad local

ജില്ലയില്‍ 51,374 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കി

കല്‍പ്പറ്റ: ജില്ലയില്‍ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്റെ ഭാഗമായി 51,374 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കി. ഇതില്‍ 197 അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികളും ഉള്‍പ്പെടും. 928 ബൂത്തുകളിലായി 65,602 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കാനായിരുന്നു ലക്ഷ്യമിട്ടത്. ഇതില്‍ 78.31 ശതമാനം പൂര്‍ത്തിയായി. ശേഷിക്കുന്ന കുട്ടികള്‍ക്ക് ഇന്നും നാളെയുമായി പരിശീലനം ലഭിച്ച വോളന്റിയര്‍മാര്‍ ഗൃഹസന്ദര്‍ശനം നടത്തി തുള്ളിമരുന്ന് നല്‍കും. കൂടാതെ ബസ്‌സ്റ്റാന്റുകള്‍, ഉല്‍സവ സ്ഥലങ്ങള്‍ തുടങ്ങിയ ട്രാന്‍സിറ്റ് പോയിന്റുകളിലും പോളിയോ ബൂത്തുകള്‍ പ്രവര്‍ത്തിക്കും.
ജില്ലാതല ഉദ്ഘാടനം പന്തിപ്പൊയില്‍ ആരോഗ്യ ഉപകേന്ദ്രത്തില്‍ എം വി ശ്രേയാംസ് കുമാര്‍ എംഎല്‍എ തുള്ളിമരുന്ന് നല്‍കി നിര്‍വഹിച്ചു. രാജ്യത്ത് 2011 ജനുവരി 13നു ശേഷം പോളിയോ സാധ്യതകളും അംഗവൈകല്യങ്ങളും കണ്ടെത്തിയിട്ടില്ലെങ്കിലും രോഗത്തിന് കാരണമായ വൈറസിനെ നിര്‍മാര്‍ജനം ചെയ്യുന്നതു വരെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് അനിവാര്യമാണ്.
രോഗപ്രതിരോധ ചികില്‍സാ പട്ടിക പ്രകാരം പോളിയോ വാക്‌സിന്‍ വ്യക്തിഗത സംരക്ഷണമാണ് നല്‍കുന്നതെങ്കില്‍ പള്‍സ് പോളിയോ തുള്ളിമരുന്ന് രോഗണുക്കളെ നിയന്ത്രിച്ച് കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കി പോളിയോ രോഗ നിയന്ത്രണമാണ് ലക്ഷ്യമാക്കുന്നത്. നിരന്തരമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെയാണ് പോളിയോ നിര്‍മാര്‍ജനമെന്ന ലക്ഷ്യം കൈവരിച്ചത്. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തില്‍ ജാഗ്രത പുലര്‍ത്തി രോഗനിയന്ത്രണം കൈവരിക്കേണ്ടത് അനിവാര്യമാണെന്ന് അഡീഷനല്‍ ഡിഎച്ച്എസ് സംസ്ഥാന ഒബ്‌സര്‍വര്‍ ഡോ. നിതാ വിജയന്‍ വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷയായ പരിപാടിയില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്മുഖന്‍, പടിഞ്ഞാറത്തറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി ജി സജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ ബി നസീമ, ആലി ഈന്തന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it