Kottayam Local

ജില്ലയില്‍ 35 പഞ്ചായത്തുകളില്‍ വനിതാ പ്രസിഡന്റുമാര്‍

കോട്ടയം: ജില്ലയിലെ 71 ഗ്രാമപ്പഞ്ചായത്തുകളില്‍ 35 പഞ്ചായത്തുകളില്‍ ഇത്തവണ വനിതകള്‍ ഭരണം നിയന്ത്രിക്കും. ഇതില്‍ രണ്ടു പഞ്ചായത്തുകളില്‍ പട്ടികജാതി വനിതകളാവും പ്രസിഡന്റ് പദവിയിലിരിക്കുക.
ആറു നഗരസഭകളില്‍ പാലായിലെ നഗരഭരണം വനിത നിയന്ത്രിക്കുമ്പോള്‍ കോട്ടയത്ത് പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളയാള്‍ ചെയര്‍മാനാവും. ബാക്കി നാലു നഗരസഭകളിലെയും അധ്യക്ഷന്‍മാര്‍ ജനറലാണ്. കഴിഞ്ഞ തവണ വനിതാ സംവരണമായിരുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഇത്തവണ ജനറല്‍ വിഭാഗത്തിനാണ്.
വൈസ് പ്രസിഡന്റ് സ്ഥാനം വനിതയ്ക്കാണ്. 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ അഞ്ചെണ്ണത്തില്‍ വനിതാ പ്രസിഡന്റുമാര്‍ വരുമ്പോള്‍ പള്ളം ബ്ലോക്ക് പഞ്ചായത്തില്‍ പട്ടികജാതിക്കാരന്‍ പ്രസിഡന്റാവും.
കാഞ്ഞിരപ്പള്ളി, മാടപ്പള്ളി, ഉഴവൂര്‍, കടുത്തുരുത്തി, വൈക്കം ബ്ലോക്ക് പഞ്ചായത്തുകളിലാണു വനിതകള്‍ പ്രസിഡന്റാവുന്നത്. കാഞ്ഞിരപ്പള്ളി, അതിരമ്പുഴ, ചിറക്കടവ്, മാടപ്പള്ളി, അയര്‍ക്കുന്നം, പാറത്തോട്, വിജയപുരം, തിരുവാര്‍പ്പ്, മണര്‍കാട്, വാഴൂര്‍, എലിക്കുളം, പായിപ്പാട്, വെള്ളൂര്‍, കരൂര്‍, മണിമല, കിടങ്ങൂര്‍, ചെമ്പ്, തിടനാട്, നീണ്ടൂര്‍, മരങ്ങാട്ടുപിള്ളി, പൂഞ്ഞാര്‍ തെക്കേക്കര, വെള്ളാവൂര്‍, വെച്ചൂര്‍, മീനച്ചില്‍, മുത്തോലി, ഉഴവൂര്‍, കൂട്ടിക്കല്‍, കല്ലറ, മീനടം, തലപ്പുലം, കടപ്ലാമറ്റം, വെളിയന്നൂര്‍, മൂന്നിലവ് പഞ്ചായത്തുകളുടെ ഭരണമാണു വനിതകള്‍ നിയന്ത്രിക്കുന്നത്.
ഇതുകൂടാതെ മുളക്കുളം, തലയാഴം പഞ്ചായത്തുകളില്‍ പ്രസിഡന്റ് സ്ഥാനം പട്ടികജാതി സ്ത്രീകള്‍ക്കാണ് സംവരണം ചെയ്തിരിക്കുന്നത്. മുണ്ടക്കയം, തലയോലപ്പറമ്പ്, പനച്ചിക്കാട് പഞ്ചായത്തുകളില്‍ പട്ടികജാതിക്കാരനാണു പ്രസിഡന്റ് സ്ഥാനം നീക്കിവച്ചിരിക്കുന്നത്. പട്ടികവര്‍ഗത്തില്‍പ്പെട്ടയാള്‍ മേലുകാവ് പഞ്ചായത്തില്‍ പ്രസിഡന്റാവും.
അധ്യക്ഷന്‍മാരെ തിരഞ്ഞെടുക്കാനുള്ള തിരക്കിട്ട ചര്‍ച്ചകള്‍ മുന്നണികളും പാര്‍ട്ടികളും ആരംഭിച്ചു കഴിഞ്ഞു.
Next Story

RELATED STORIES

Share it