Wayanad

ജില്ലയില്‍ 22,895 അംഗപരിമിതര്‍

കല്‍പ്പറ്റ: ജില്ലയില്‍ തയ്യാറാക്കിയ അംഗപരിമിത സെന്‍സസില്‍ 22,895 പേരുടെ വിവരങ്ങള്‍. സംസ്ഥാന സര്‍ക്കാര്‍ സാമൂഹിക നീതി- ആരോഗ്യ- പഞ്ചായത്ത് വകുപ്പുകളുടെ സഹകരണത്തോടെ നടത്തിയ അംഗപരിമിത സെന്‍സസിന്റെ സമാപന പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ റഷീദ് നിര്‍വഹിച്ചു.  വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ചലന- പഠന- സംസാര- ഭാഷാ വൈകല്യം, ബുദ്ധിമാന്ദ്യം, മാനസിക രോഗം, ഓട്ടിസം, കുഷ്ഠരോഗം, സെറിബ്രല്‍ പാള്‍സി, അപസ്മാരം, കൂന് തുടങ്ങി 22 ഇന ശാരീരിക- മാനസിക വൈകല്യങ്ങളുള്ളവരുടെ വിവരങ്ങളാണ് സെന്‍സസിന്റെ ഭാഗമായി ശേഖരിച്ചത്. ജില്ലയിലെ അംഗപരിമിതരുടെ എണ്ണം, തരംതിരിച്ച വിവരം, അംഗപരിമിതിയിലേക്ക് നയിച്ച കാര്യങ്ങള്‍, അംഗപരിമിതത്വം സംഭവിച്ച പ്രായം, സാമൂഹിക- സാമ്പത്തികാവസ്ഥ, ഗ്രാമ-പട്ടണ പ്രദേശങ്ങളിലെ അംഗപരിമിതരുടെ തോത്, സ്ത്രീ-പുരുഷ അനുപാതം എന്നീ വിവരങ്ങള്‍ ശേഖരിച്ചു.

ജില്ലയില്‍ 2011ലെ ജനസംഖ്യാ കണക്കെടുപ്പില്‍ ആകെയുള്ള 7,85,840 പേരില്‍ 20,4064 പേര്‍ അംഗപരിമിതരാണെന്നു കണ്ടെത്തിയിരുന്നു. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ അംഗപരിമിതരെ തരംതിരിക്കുന്നതിനായി നടത്തിയ വിവരശേഖരണത്തില്‍ 22,895 പേരെയും കണ്ടെത്തി. രാജ്യത്താദ്യമായി ശാസ്ത്രീയവും സമഗ്രവുമായി സെന്‍സസ് പൂര്‍ത്തീകരിച്ച സംസ്ഥാനം കേരളമാണ്. വിവരശേഖരണത്തിന്റെ ആദ്യഘട്ടത്തില്‍ അങ്കണവാടി ടീച്ചര്‍മാരുടെയും രണ്ടാംഘട്ടത്തില്‍ ആരോഗ്യവകുപ്പിലെ ജെ.എച്ച്.ഐ, ജെ.പി.എച്ച്.എന്‍. എന്നിവരുടെയും സേവനം ഉറപ്പുവരുത്തിയിരുന്നു.   കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ പി പി ആലി അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ അനില്‍കുമാര്‍, ജില്ലാ സാമൂഹികനീതി ഓഫിസര്‍ വി കെ രത്‌നസിങ്, അംഗപരിമിത സെന്‍സസ് ജില്ലാ കോ-ഓഡിനേറ്റര്‍ ടി ഒ റെയ്മണ്‍, ഡോ. ബിജോയ് സംസാരിച്ചു.
Next Story

RELATED STORIES

Share it