palakkad local

ജില്ലയില്‍ 21,31,322 വോട്ടര്‍മാര്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്

പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് പാലക്കാട് ജില്ല ഇന്ന് പോളിങ് ബൂത്തിലേക്ക് നീങ്ങും. 21,31,322 വോട്ടര്‍മാരാണ് ഇന്ന് ജില്ലയില്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുകയെന്ന് ജില്ല വരണാധികാരി പി മേരിക്കുട്ടി അറിയിച്ചു.
ഇവരില്‍ 10,33,371 പുരുഷന്‍മാരും 10,97,951 പേര്‍ സ്ത്രീകളുമാണ്. പാലക്കാട് ജില്ലാ പഞ്ചായത്തിലേക്കും 13 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 88 ഗ്രാമപ്പഞ്ചായത്തുകളിലേക്കും ഏഴ് മുനിസിപ്പാലിറ്റികളിലേക്കുമാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുക. ജില്ലാപഞ്ചായത്തിലെ 30 ഡിവിഷനുകളിലേക്ക് 121 സ്ഥാനാര്‍ഥികളാണ് മല്‍സരരംഗത്തുള്ളത്. 13 ബ്ലോക്ക് പഞ്ചായത്തുകളിലെ 183 ബ്ലോക്ക് നിയോജകമണ്ഡലങ്ങളിലേക്കായി 614 സ്ഥാനാര്‍ഥികളും 88 ഗ്രാമപ്പഞ്ചായത്തുകളിലെ 1490 വാര്‍ഡുകളിലേക്ക് 4933 സ്ഥാനാര്‍ഥികളുമുണ്ട്. ഏഴ് നഗരസഭകളിലെ 240 വാര്‍ഡുകളിലേക്ക് 798 സ്ഥാനാര്‍ഥികളാണുള്ളത്.
2973 പോളിങ് സ്‌റ്റേഷനുകളാണ് ജില്ലയില്‍ സജ്ജീകരിച്ചിരിക്കുന്നത്. അതില്‍ 2689 പോളിങ് സ്‌റ്റേഷനുകള്‍ ഗ്രാമപ്പഞ്ചായത്തുകളിലും 284 പോളിങ് സ്‌റ്റേഷനുകള്‍ നഗരസഭകളിലുമാണ്.
ജില്ലയില്‍ 12,786 ജീവനക്കാരെയാണ് പോളിങ് ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. 2973 പ്രിസൈഡിങ് ഓഫിസര്‍മാരേയും അത്രയും തന്നെ ഒന്നാം പോളിങ് ഓഫിസര്‍മാരേയും പോളിങ് സ്‌റ്റേഷനുകളില്‍ നിയോഗിച്ചിട്ടുണ്ട്. 5946 പോളിങ് ഓഫിസര്‍മാരും 164 സെക്ടറല്‍ ഓഫിസര്‍മാരും 730 റൂട്ട് ഓഫിസര്‍മാരും ജില്ലയില്‍ തിരഞ്ഞെടുപ്പ് ജോലികള്‍ക്കുണ്ട്. 1311 ഉദ്യോഗസ്ഥര്‍ റിസര്‍വ് ആയി നിലനിര്‍ത്തിയിട്ടുണ്ട്. ജില്ലയില്‍ 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. 13 ബ്ലോക്ക് പഞ്ചായത്തുകളില്‍ ഓരോന്ന് വീതവും ഏഴ് നഗരസഭകളിലുമായാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളുള്ളത്. നവംബര്‍ ഏഴിനാണ് വോട്ടെണ്ണല്‍ നടക്കുക.
Next Story

RELATED STORIES

Share it