thiruvananthapuram local

ജില്ലയില്‍ 21 പേര്‍ പത്രിക സമര്‍പ്പിച്ചു

തിരുവനന്തപുരം: ജില്ലയില്‍ 21 പേര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ഇതോടെ ജില്ലയില്‍ ആകെ ലഭിച്ച പത്രികകളുടെ എണ്ണം 28 ആയി. പത്രികാസമര്‍പ്പണത്തിന്റെ ആദ്യദിനമായിരുന്ന വെള്ളിയാഴ്ച ഏഴ് പത്രികകള്‍ മാത്രമായിരുന്നു ലഭിച്ചത്.
നെടുമങ്ങാട് യുഡിഎഫ് സ്ഥാനാര്‍ഥി പാലോട് രവി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെ ഉപവരണാധികാരി കൂടിയായ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ നാമനിര്‍ദേശപത്രിക നല്‍കി. കേന്ദ്ര ഇലക്ഷന്‍ കമ്മിറ്റി ഓഫിസില്‍ നിന്നു യൂത്ത് കോണ്‍ഗ്രസ്, ഐഎന്‍ടിയുസി, മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അകമ്പടിയോടെ നെടുമങ്ങാട് മാര്‍ക്കറ്റ് ജങ്ഷനിലെ പൊന്നറ ശ്രീധരന്‍ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിനു ശേഷമാണ് നോമിനേഷന്‍ നല്‍കാന്‍ എത്തിയത്.
അരുവിക്കര നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കെ എസ് ശബരീനാഥന്‍ ജില്ലാ കലക്ടറേറ്റില്‍ വരണാധികാരി അസിസ്റ്റന്റ് ഡെപ്യൂട്ടി കമ്മീഷണര്‍ (ജനറല്‍) ജോണ്‍സണ്‍ പ്രേംകുമാര്‍ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. നേരത്തെ പിതാവ് ജി കാര്‍ത്തികേയന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്നതുപോലെ രാവിലെ ആര്യനാട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ എത്തി നേതാക്കളെയും പ്രവര്‍ത്തകരെയും കണ്ട ശേഷം ആര്യനാട് ജങ്ഷനിലെ ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് രാവിലെ 12ഓടെയാണ് കലക്ടറേറ്റിലെത്തി പത്രിക സമര്‍പ്പിച്ചത്.
നേമം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി വി സുരേന്ദ്രന്‍പിള്ളയും രാവിലെ 12ന് കൈതമുക്ക് സഹകരണ ജോയിന്റ് രജിസ്ട്രാര്‍ എന്‍ കെ വിജയനു മുന്നിലെത്തി പത്രിക സമര്‍പ്പിച്ചു. ആറ്റിങ്ങല്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ ചന്ദ്രബാബു രാവിലെ 11ന് ചിറയിന്‍കീഴ് ബ്ലോക്ക് ഓഫിസിലെത്തിയാണ് ബിഡിഒഎ ഫൈസിക്ക് മുമ്പാകെ പത്രിക സമര്‍പ്പിച്ചത്.
ഇതു കൂടാതെ എല്‍ഡിഎഫിന്റെ 11 സ്ഥാനാര്‍ഥികളും ഇന്നലെ പത്രിക നല്‍കി. നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ശിവന്‍കുട്ടി, വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി എന്‍ സീമ, തിരുവനന്തപുരം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ആന്റണി രാജു, അരുവിക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. എ എ റഷീദ്, കാട്ടാക്കടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഐ ബി സതീഷ്, ചിറയിന്‍കീഴിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ശശി, വര്‍ക്കലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ജോയി, നെടുമങ്ങാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി ദിവാകരന്‍, വാമനപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡി കെ മുരളി, കോവളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജമീല പ്രകാശം, പാറശ്ശാലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി കെ ഹരീന്ദ്രന്‍ എന്നിവരാണ് ഇന്നലെ പത്രിക സമര്‍പ്പിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ഥി പി കെ കൃഷ്ണദാസും ഇന്നലെ ഉച്ചക്ക് 2ന് വെള്ളയമ്പലത്തെ ജില്ലാ വ്യവസായകേന്ദ്രത്തില്‍ ജനറല്‍ മാനേജര്‍ സി എസ് സുരേഷ് കുമാറിനു മുന്നില്‍ പത്രിക സമര്‍പ്പിച്ചു.
Next Story

RELATED STORIES

Share it