kasaragod local

 ജില്ലയില്‍ 20 പഞ്ചായത്തുകളില്‍ വരള്‍ച്ച രൂക്ഷം; കുഴല്‍ക്കിണറുകള്‍ നന്നാക്കാന്‍ അടിയന്തര നടപടി

കാസര്‍കോട്: രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന മഞ്ചേശ്വരം, കാസര്‍കോട് താലൂക്കുകളിലെ പഞ്ചായത്തുകളിലും വെള്ളരിക്കുണ്ട് താലൂക്കിലെ പനത്തടി, കോടോം-ബേളൂര്‍ പഞ്ചായത്തുകളിലും കുടിവെള്ളം ലഭ്യമാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി വി ജെ കുര്യന്‍ അധ്യക്ഷത വഹിച്ചു. തകരാറിലായ 383 കുഴല്‍കിണറുകള്‍ അറ്റകുറ്റപ്പണി നടത്തുന്നതിനും കുഴല്‍ കിണര്‍ ഇല്ലാത്ത പ്രദേശങ്ങളില്‍ നിര്‍മിക്കുന്നതിനും ഭൂജല വകുപ്പും പഞ്ചായത്തുകളും നടപടി സ്വീകരിക്കും. അഞ്ച് റിഗുകള്‍ ജില്ലയില്‍ എത്തിക്കും. ഓരോ വാര്‍ഡിലും ഒരു ഹാന്‍ഡ്പമ്പെങ്കിലും സ്ഥാപിക്കും. നിലവില്‍ റവന്യൂ ജീവനക്കാരും തദ്ദേശഭരണ സ്ഥാപനങ്ങളും നടത്തുന്ന ടാങ്കര്‍ ലോറികളിലെ കുടിവെള്ള വിതരണം തുടരും. വരള്‍ച്ച കൂടുതല്‍ വ്യാപകമായാല്‍ അതാത് തദ്ദേശ സ്വയംഭരണ സെക്രട്ടറിമാരുടെ മേല്‍നോട്ടത്തില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് കുടിവെള്ളം ലഭ്യമാക്കും.
സ്വകാര്യ വ്യക്തികളുടെ കുടിവെള്ള സ്രോതസ്സുകളെയും പ്രയോജനപ്പെടുത്തും. വോര്‍ക്കാടി പഞ്ചായത്തിലെ അരിങ്കുളം പദ്ധതി ജലഅതോറിറ്റി പരിശോധന നടത്തി മഞ്ചേശ്വരം മേഖലയില്‍ ഉപയോഗിക്കും. കുളങ്ങള്‍ നവീകരിച്ചും കുടിവെള്ളം ലഭ്യമാക്കും. മറ്റിടങ്ങളെ അപേക്ഷിച്ച് ജില്ലയില്‍ വരള്‍ച്ച രൂക്ഷമാണെന്ന് ബോധ്യപ്പെട്ടതായി അഡീഷണല്‍ ചീഫ് സെക്രട്ടറി പറഞ്ഞു.
കാസര്‍കോട് നഗരത്തിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ജലഅതോറിറ്റി 50 ജലകിയോസ്‌കുകള്‍ രണ്ടു ദിവസത്തിനകം സ്ഥാപിക്കും. ആവശ്യമുള്ള ഇടങ്ങളിലെല്ലാം ശുദ്ധജലം ലഭ്യമാക്കും. ജലവിതരണ കേന്ദ്രങ്ങളില്‍ 1000, 2000 ലിറ്ററിന്റെ ടാങ്ക് സ്ഥാപിച്ച് ശുദ്ധജലം ലഭ്യമാക്കും.
കാസര്‍കോട് ജില്ലയ്ക്ക് പ്രത്യേക പരിഗണന നല്‍കി ജലവിതരണ പദ്ധതികള്‍ക്ക് രൂപം നല്‍കുമെന്ന് ജലവിഭവ വകുപ്പ് സെക്രട്ടറി പറഞ്ഞു. ബാവിക്കര കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമാക്കും. നമ്പ്യാര്‍ക്കല്‍ അണക്കെട്ട് ജലവിതരണ പദ്ധതി വികസിപ്പിക്കും. കാഞ്ഞങ്ങാട് നഗരത്തിന്റെയും ജില്ലാ ആശുപത്രിയുടെയും ജലവിതരണത്തിനുള്ള ദീര്‍ഘകാല ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കും. ഒമ്പത് പുഴകളിലും റഗുലേറ്റര്‍ നിര്‍മിക്കും. ആദ്യഘട്ടത്തില്‍ മഞ്ചേശ്വരം, ഉപ്പള, മൊഗ്രാല്‍, ഷിറിയ, ചന്ദ്രഗിരി, ചിത്താരി പുഴകളില്‍ റഗുലേറ്റര്‍ നിര്‍മിക്കും. പാണ്ടിക്കണ്ടം റഗുലേറ്റര്‍ കം ബ്രിഡ്ജ് പൂര്‍ത്തീകരിക്കും. ജില്ലയിലെ 1200 കുളങ്ങള്‍ നവീകരിക്കുന്നതിനും കിണറുകളുടെ ജലസംഭരണശേഷി കൂട്ടുന്നതിനും ഒമ്പത് പുഴയോരങ്ങളുടെ സംരക്ഷണത്തിനും ദീര്‍ഘകാല പദ്ധതികള്‍ തയ്യാറാക്കും.
എഡിഎം വി പി മുരളീധരന്‍, കേരള വാട്ടര്‍ അതോറിറ്റി ടെക്‌നിക്കല്‍ അംഗം് ടി രവീന്ദ്രന്‍, ജലസേചന വകുപ്പ് ചീഫ് എന്‍ജിനീയര്‍ ഹരിനാരായണന്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it