palakkad local

ജില്ലയില്‍ 17.13 ലക്ഷം പേര്‍ വോട്ട് രേഖപ്പെടുത്തി

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ 2186112 വോട്ടര്‍മാരില്‍ 1713257 പേര്‍ വോട്ട് രേഖപ്പെടുത്തിയതായി ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി അറിയിച്ചു. പോളിങ് ശതമാനം 78.37 ആണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ വോട്ട് രേഖപ്പെടുത്തിയത് മലമ്പുഴ മണ്ഡലത്തിലാണ് 158931 പേര്‍. ഏറ്റവും കുറവ് ആലത്തൂരിലും 128141 പേര്‍. നിയമസഭാ തിരഞ്ഞെടുപ്പു കഴിഞ്ഞ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയതിനൊപ്പം വോട്ടെണ്ണലിന് എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
മലമ്പുഴ, പാലക്കാട്, ചിറ്റൂര്‍ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ ഗവ. വിക്‌ടോറിയാ കോളജില്‍ നടക്കും. മെയിന്‍ ഓഡിറ്റോറിയത്തില്‍ പാലക്കാട്ടെയും, മലയാളം ബ്ലോക്കില്‍ ചിറ്റൂരിലെയും, ബോട്ടണി ബ്ലോക്കില്‍ മലമ്പുഴയിലെയും വോട്ടുകളാണ് എണ്ണുക.ഒറ്റപ്പാലം, കോങ്ങാട്, മണ്ണാര്‍ക്കാട് മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ ശ്രീകൃഷ്ണപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൂന്നു ഹാളുകളിലായി രാവിലെ എട്ടു മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും.
തരൂര്‍, നെന്മാറ, ആലത്തൂര്‍ മണ്ഡങ്ങളിലെ വോട്ടുകള്‍ ആലത്തൂര്‍ ബി എസ് എസ് ഗുരുകുലം എച്ച് എസ് എസിലെ വിവിധ ആഡിറ്റോറിയങ്ങളിലും നടക്കും.തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍ മണ്ഡലങ്ങളിലെ വോട്ടണ്ണല്‍ എല്‍ എസ് എന്‍ ജി എച്ച്എസ്എസ് ഒറ്റപ്പാലത്തെ വിവിധ ഹാളുകളിലും നടക്കും.നാളെ (മെയ് 19) രാവിലെ എട്ടുമുതല്‍ ജില്ലയിലെ നാലുകേന്ദ്രങ്ങളിലും വോട്ടെണ്ണല്‍ ആരംഭിക്കും. കൗണ്ടിങ് ഏജന്റുമാര്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ രാവിലെ ഏഴുമണിക്ക് ഹാജരാകണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ മേല്‍നോട്ടത്തിലാകും വോട്ടെണ്ണല്‍ നടക്കുക. റിട്ടേണിങ് ഓഫിസര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫസര്‍, കൗണ്ടിങ് സൂപ്പര്‍വൈസര്‍, അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്‌സര്‍വര്‍മാര്‍ എന്നിവര്‍ക്കാണ് പ്രവേശനം. ഒരേ സമയം 14 മേശകളിലാണ് വോട്ടെണ്ണല്‍ നടക്കുക. സ്ഥാനാര്‍ഥികള്‍ക്ക് ഒരു ടേബിളിലേക്ക് ഒരു കൗണ്ടിങ് ഏജന്റിനെ നിയമിക്കാവുന്നതാണെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ പി വി ഗോപാലകൃഷ്ണന്‍ പറഞ്ഞു.
റിട്ടേണിങ് ഓഫസറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അതാത് മണ്ഡലങ്ങളിലെ സ്‌ട്രോങ്ങ് റൂം സൂപ്പര്‍വൈസര്‍മാര്‍ ബൂത്തുകളുടെ ക്രമനമ്പര്‍ അനുസരിച്ച് വോട്ടിങ് മെഷീന്‍ ടേബിളില്‍ എത്തിക്കും. തുടര്‍ന്ന് സെക്യൂരിറ്റി പരിശോധനകള്‍ നടത്തിയ ശേഷം 14 മേശകളിലായി വോട്ടെണ്ണല്‍ ആരംഭിക്കും.ആദ്യം പോസ്റ്റല്‍ വോട്ടുകളാവും റിട്ടേണിങ് ഓഫസര്‍ എണ്ണുക. തുടര്‍ന്ന് ബൂത്ത് നമ്പര്‍ ക്രമത്തില്‍ വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യ റൗണ്ട് പൂര്‍ത്തിയാകുന്നതിന് 30 മിനിറ്റുവരെ സമയം എടുത്തേക്കാം. തുടര്‍ന്ന് കൗണ്ടിങ് വേഗത്തിലാകുമെന്നും 12ന് മുമ്പ് അന്തിമ ഫലപ്രഖ്യാപനം പ്രതീക്ഷിക്കുന്നതായും ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി അറിയിച്ചു.
Next Story

RELATED STORIES

Share it