Idukki local

ജില്ലയില്‍ 14 ഫാര്‍മസിസ്റ്റ് ഒഴിവ് ; നികത്താന്‍ നടപടിയില്ല



തൊടുപുഴ: ഇടുക്കി ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ 14 ഫാര്‍മസിസ്റ്റുകളുടെ ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്തിട്ട് കാലങ്ങളായി. എന്നാല്‍, ഇതേവരെ ഒഴിവുകള്‍ പൂര്‍ണമായി നികത്താന്‍ ഒരു നട—പടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 1961ലെ സ്റ്റാഫ് ഫിക്‌സേഷന്‍ അനുസരിച്ച് 300 രോഗികള്‍ക്ക് ഒരു ഫാര്‍മസിസ്റ്റ് വേണം. അധികമായി വരുന്ന 200 രോഗികള്‍ക്ക് രണ്ടാമത് ഒരാള്‍കൂടി എന്നാണ് കണക്ക്. അടുത്ത കാലത്തായി രോഗങ്ങളും രോഗികളും വര്‍ധിച്ചിട്ടുള്ളതിനാല്‍ ഈ സ്റ്റാഫ് പാറ്റേണ്‍ തന്നെ അപര്യാപ്തമാണ്. തൊടുപുഴ ജില്ലാ ആ—ശുപത്രിയില്‍ രണ്ടായിരത്തോളം രോഗികള്‍ ദിനംപ്രതി ഒപിയിലെത്തുന്നുണ്ട്.    ആശുപത്രിയില്‍ രോഗിക്ക് മരുന്നു നല്‍കിയ ശേഷം കഴിക്കേണ്ട വിധം വിശദമായി പറഞ്ഞുകൊടുക്കേണ്ടത് ഫാര്‍സിസ്റ്റുകളാണ്. മൂന്ന് മിനിട്ടില്‍ കുറയാത്ത സമയം ഇതിനായി വേണ്ടിവരും. പലപ്പോഴും രോഗികളുടെ ആധിക്യംമൂലം ഇതിനു കഴിയാറില്ല. പല പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഫാര്‍സിസ്റ്റ് ഇല്ല. ജില്ലയില്‍ സെക്കന്‍ഡ് ഗ്രേഡ് ഫാര്‍സിസ്റ്റുകളുടെ എട്ടും ഫസ്റ്റ് ഗ്രേഡ് ഫാര്‍സിസ്റ്റുകളുടെ ആറും ഒഴുവുകളുണ്ട്. ആര്‍ദ്രം, പാലിയേറ്റീവ് കെയര്‍ തുടങ്ങിയ പദ്ധതികളുടെ കീഴില്‍ കൂടുതല്‍ മരുന്നുകള്‍ കൈകാര്യം ചെയ്യേണ്ടിവരുന്നതിനാല്‍ നിലവിലുള്ളവര്‍ക്ക് അമിത ജോലിഭാരമാണ് ഇപ്പോള്‍.  കൂടാതെ ജില്ലയിലെ മിക്ക ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സ്റ്റോര്‍ കീപ്പര്‍ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. സ്റ്റോര്‍ പായ്ക്കര്‍ തസ്തികകളും മിക്കതും ഒഴിഞ്ഞുകിടക്കുന്നു. അടുത്ത കാലത്ത് സംസ്ഥാനത്ത് 30 സെക്കന്‍ഡ് ഗ്രേഡ് ഫാര്‍സിസ്റ്റുകളെ പുതുതായി നിയമിച്ചിട്ടുണ്ട്. ഇതില്‍ നാലു പേരെ മാത്രമാണ് ജില്ലയ്ക്കു ലഭിച്ചത്. 15 സ്റ്റോര്‍ കീപ്പര്‍മാരെ പുതുതായ നിയമിച്ചതില്‍ ഒരാളെ ജില്ലയ്ക്കു ലഭിച്ചു. ഒന്നര കോടി രൂപയുടെ മരുന്നുകള്‍ സൂക്ഷിക്കുന്ന ചെറുതോണിയിലെ ജില്ലാ ആശുപത്രിയില്‍ സ്റ്റോര്‍ സൂപ്രണ്ട് തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ജില്ലയില്‍ രണ്ട് ജില്ലാ ആശുപത്രികളും നാല് താലൂക്ക് ആശുപത്രികളുമടക്കം 62 ആശുപത്രികളാണുള്ളത്.
Next Story

RELATED STORIES

Share it