kasaragod local

ജില്ലയില്‍ 12 കൃഷിഭവനുകളില്‍ ഓഫിസര്‍മാരില്ല

കാസര്‍കോട്: തെക്കന്‍ ജില്ലകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ വന്ന വേഗത്തില്‍ തന്നെ സ്വന്തം നാട്ടിലേക്ക് സ്ഥലംമാറ്റം വാങ്ങിപ്പോകുന്നത് പതിവായതോടെ ജില്ലയിലെ കൃഷിഭവനുകള്‍ നാഥനില്ലാകളരികളായി മാറുന്നു. ജില്ലയില്‍ 12 കൃഷിഭവനുകളിലാണ് ഓഫിസര്‍മാരില്ലാതെ പ്രവര്‍ത്തിക്കുന്നത്. രണ്ടു ബ്ലോക്കുകളില്‍ അസി. ഡയറക്ടറുടെ ഒഴിവുമുണ്ട്.
കൃഷിഭവന്റെ തലപ്പത്തും ആളില്ലാ കസേരകള്‍ അനവധിയാണ്. ആറു ഡെപ്യൂട്ടി ഡയറക്ടര്‍മാരില്‍ ഒന്ന് ഒഴിഞ്ഞ് കിടക്കുന്നു. തലപ്പത്തുള്ളവരും വേഗത്തില്‍ സ്ഥലംവാങ്ങി പോകുന്നുവെന്നും കൂടുതലും അവധിയിലായിരിക്കുമെന്നും ആക്ഷേപമുണ്ട്. ജില്ലയില്‍ കൃഷി വകുപ്പിന്റെ മറ്റ് ഓഫിസുകളിലും തലവന്മാരില്ലാത്തതിനാല്‍ പ്രവര്‍ത്തനത്തെ ബാധിക്കുന്നു.
ആദൂര്‍ കശുമാവ് വികസന ഓഫിസില്‍ ഓഫിസറില്ല. പുല്ലൂര്‍ സീഡ് ഫാമില്‍ സീനിയര്‍ കൃഷി ഓഫിസര്‍, കാസര്‍കോട് അസിസ്റ്റന്റ് സോയില്‍ കെമിസ്റ്റ് എന്നിവ ഒഴിഞ്ഞുകിടക്കുന്നു.
ഇതുമൂലം പദ്ധതികളുടെ നിര്‍വഹണം അവതാളത്തിലാവുകയും ഫണ്ട് പാഴാവുകയും ചെയ്യുന്നു. അയല്‍പക്കത്തും വിദൂരത്തുമുള്ള കൃഷിഭവനുകളിലെ ഓഫിസര്‍മാര്‍ക്ക് അധിക ചുമതല നല്‍കിയിട്ടുണ്ടെങ്കിലും പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുന്നുണ്ട്.
പഞ്ചായത്തുകളുടെ കാര്‍ഷിക പദ്ധതികളുടെ നിര്‍വഹണ വിഭാഗമായ കൃഷിഭവനുകളുടെ പ്രവര്‍ത്തനം താളം തെറ്റുമ്പോഴും ചുമതലയേല്‍ക്കുന്ന കൃഷി ഓഫിസര്‍മാര്‍ വേഗത്തില്‍ സ്വന്തം സൗകര്യത്തിന് തെക്കന്‍ ജില്ലകളിലേക്ക് സ്ഥലംമാറ്റം നേടി പോവുകയാണ്.
പുതുതായി ചുമതലയേല്‍ക്കുന്ന സ്ഥലങ്ങളില്‍ മൂന്നുവര്‍ഷമെങ്കിലും ജോലിചെയ്യണമെന്നാണ് ചട്ടമെങ്കിലും ഇതൊന്നും പാലിക്കാതെയാണ് സ്ഥലംമാറ്റം. മറ്റു ചിലര്‍ ഡെപ്യൂട്ടേഷനും സ്‌പെഷ്യല്‍ പ്രോജക്ടും പറഞ്ഞാണ് മുങ്ങുന്നത്.
ജില്ലയില്‍ മുമ്പ് 18 ഓഫിസര്‍മാരുടെ ഒഴിവുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ നിലവില്‍ വന്ന റാങ്ക് ലിസ്്റ്റില്‍നിന്ന് പുതുതായി നിയമനം നടത്തിയതോടെ ഒഴിവുകളുടെ എണ്ണം കുറഞ്ഞു. എന്നാല്‍ ചുമതലയേറ്റവര്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സ്ഥലംമാറിപ്പോയി. ജില്ലയുടെ വടക്കന്‍ മേഖലയിലാണ് പ്രശ്‌നം രൂക്ഷം. മഞ്ചേശ്വരം ബ്ലോക്കില്‍ വോര്‍ക്കാടി, മംഗല്‍പാടി, മീഞ്ച കൃഷിഭവനുകളില്‍ ഓഫിസര്‍മാരില്ല. എന്‍മകജെ, പുത്തിഗെ, പൈവളിഗെ ഓഫിസര്‍മാര്‍ക്കാണ് യഥാക്രമം അധിക ചുമതല. മീഞ്ച കൃഷി ഓഫിസര്‍ വന്നിട്ട് ഒരു മാസം പോലും നിന്നില്ല. മഞ്ചേശ്വരം ബ്ലോക്കിലെ കൃഷി അസി.ഡയറക്ടര്‍ അവധിയിലാണ്.
അധികചുമതല കാഞ്ഞങ്ങാട് ബ്ലോക്ക് അസി.ഡയറക്ടര്‍ക്കാണ്. കാസര്‍കോട് ബ്ലോക്കില്‍ നാല് മാസമായി അസിസ്റ്റന്റ് ഡയറക്ടറില്ല. ചുമതല ബദിയടുക്ക കൃഷി ഓഫിസര്‍ക്കാണ്. ചെമനാട്, ചെങ്കള എന്നിവിടങ്ങളില്‍ കൃഷി ഓഫിസറില്ല. കുമ്പള, മധൂര്‍ കൃഷി ഓഫിസര്‍മാര്‍ക്കാണ് അധിക ചുമതല.
കാറഡുക്ക ബ്ലോക്കില്‍ ദേലംപാടി, കുമ്പഡാജെ, ബെള്ളൂര്‍ എന്നിവിടങ്ങളില്‍ ഓഫിസറില്ല. ബേഡഡുക്ക, കാറഡുക്ക, മുളിയാര്‍ എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്കാണ് യഥാക്രമം അധിക ചുമതല. പരപ്പ ബ്ലോക്കില്‍ വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, കോടോം-ബേളൂര്‍ എന്നിവിടങ്ങളിലെ കൃഷി ഓഫിസര്‍മാരുടെ അധിക ചുമതല യഥാക്രമം ബളാല്‍, കിനാനൂര്‍-കരിന്തളം, കള്ളാര്‍ എന്നിവിടങ്ങളിലുള്ളവര്‍ക്കാണ്. കാഞ്ഞങ്ങാട് ബ്ലോക്കിലെ മടിക്കൈ കൃഷിഭവന്റെ അധിക ചുമതല പള്ളിക്കര കൃഷി ഓഫിസര്‍ക്കാണ്.
നീലേശ്വരം ബ്ലോക്കില്‍ മാത്രമാണ് എല്ലാ കൃഷിഭവനിലും ഓഫിസര്‍മാരുള്ളത്. ഈയിടെ മഞ്ചേശ്വരം, വോര്‍ക്കാടി, ഈസ്റ്റ് എളേരി എന്നിവിടങ്ങളില്‍ പുതിയ കൃഷി ഓഫിസര്‍മാരെ നിയമിച്ചപ്പോള്‍ ആളെത്തിയത് മഞ്ചേശ്വരത്ത് മാത്രം.
ഈസ്റ്റ് എളേരിയില്‍ എത്തേണ്ടയാള്‍ നാട്ടിലേക്ക് സ്ഥലംമാറ്റം വാങ്ങി. വോര്‍ക്കാടിയില്‍ നിയമനം ലഭിച്ചയാളെ കാണാനില്ല. മടിക്കൈയില്‍ നിയമനം ലഭിക്കുന്നവര്‍ വന്നതിനേക്കാളും വേഗത്തിലാണ് തിരിച്ചുപോകുന്നത്.

Next Story

RELATED STORIES

Share it