Alappuzha local

ജില്ലയില്‍ 11 പേര്‍ക്കു കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു



ആലപ്പുഴ: ജില്ലയില്‍ ഇന്നലെ 1,325 പേര്‍ പനി ബാധിച്ച് ചികില്‍സ തേടി. ഇതില്‍ 67 പേരെ വിവിധ ആശുപത്രികളില്‍ കിടത്തി ചികില്‍സയ്ക്കായി പ്രവേശിപ്പിച്ചു. 11 പേര്‍ക്ക് കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 22 പേര്‍ക്ക് ഡെങ്കി സംശയിക്കുന്നുണ്ട്. കായംകുളം കൃഷ്ണപുരം, ഹരിപ്പാട്, ചേര്‍ത്തല തെക്ക്, മാരാരിക്കുളം, തണ്ണീര്‍മുക്കം, മുഹമ്മ, അരൂര്‍, എഴുപുന്ന, താമരക്കുളം, പള്ളിപ്പുറം, ചേര്‍ത്തല നഗരസഭ എന്നിവിടങ്ങളിലാണ് ഓരോരുത്തര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 97 പേര്‍ക്ക് വയറിളക്ക രോഗവും ഏഴ് പേര്‍ക്ക് ചിക്കന്‍പോക്‌സും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡെങ്കിപ്പനി ജില്ലയുടെ എല്ലാ പ്രദേശങ്ങളിലേക്കും വ്യാപിക്കുന്നത് ആരോഗ്യവകുപ്പ് അധികൃതരെ ആശങ്കയിലാക്കിയിരിക്കുകയാണ്. നേരത്തെ ആലപ്പുഴ നഗരത്തിലെയും സമീപ പഞ്ചായത്തുകളിലെയും ചില പ്രദേശങ്ങളില്‍ മാത്രമാണ് ഡെങ്കിപ്പനി റിപോര്‍ട്ട് ചെയ്തിരുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയുടെ എല്ലാ ഭാഗത്ത് നിന്നും ഡെങ്കി കേസുകള്‍ റിപോര്‍ട്ട് ചെയ്തു തുടങ്ങി. ഇന്നലെ 11 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചതില്‍ ജില്ലയുടെ മിക്ക പ്രദേശങ്ങളില്‍ നിന്നുമുള്ളവരുണ്ട്. കിഴക്കന്‍ പ്രദേശമായ ചാരുംമൂട്, തെക്കന്‍ പ്രദേശമായ കായംകുളം, വടക്കന്‍മേഖലയായ അരൂര്‍ തുടങ്ങി എല്ലാ മേഖലകളിലും ഡെങ്കിപ്പനി വ്യാപിക്കുകയാണ്. കൊതുക് നിയന്ത്രണത്തിനുള്ള പരിപാടികളൊന്നും തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്നില്ലെന്നാണ് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന പരാതിയാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ളത്. ഇതിനിടെ ഇന്ന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള ശുചീകരണ ദിനം വലിയൊരളവ് കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്.
Next Story

RELATED STORIES

Share it