kasaragod local

ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണം; വാഹനങ്ങള്‍ തടഞ്ഞു

കാസര്‍കോട്/കാഞ്ഞങ്ങാട്/തൃക്കരിപ്പൂര്‍: പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ധനവില്‍ പ്രതിഷേധിച്ച് യുഡിഎഫും എല്‍ഡിഎഫും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണ്ണം. രാവിലെ ചില സ്വകാര്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും ഓടിയിരുന്നു. എന്നാല്‍ ഉച്ചയോടെ ഇതും നിലച്ചു. വാഹനങ്ങള്‍ ഓടാത്തതിനാല്‍ സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചു. വിദ്യാലയങ്ങള്‍ പ്രവര്‍ത്തിച്ചില്ല. നിരത്തിലിറങ്ങിയ ചില വാഹനങ്ങളെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് വച്ച് ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. പഴയ ബസ് സ്റ്റാന്റിലെ ഹെഡ്‌പോസ്റ്റ് ഓഫിസ് രാവിലെ തുറന്നിരുന്നു. യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രകടനമായെത്തി ഹെഡ്‌പോസ്റ്റ് ഓഫിസിലേക്ക് ഇരച്ചുകയറി. ഇതോടെ ജീവനക്കാര്‍ ഓഫിസ് അടക്കുകയായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ബസുകള്‍ സര്‍വീസ് നടത്താത്തതിനാല്‍ പൊതുജനങ്ങള്‍ പുറത്തിറങ്ങിയില്ല. കെഎസ്ആര്‍ടിസിയും പൂര്‍ണ്ണമായും സര്‍വീസ് നിര്‍ത്തിവച്ചു. വിവിധ സ്ഥലങ്ങളില്‍ നിന്ന് ട്രെയിനുകളില്‍ എത്തിയ യാത്രക്കാരെ പോലിസ് വാഹനങ്ങളില്‍ ലക്ഷ്യസ്ഥാനത്തെത്തിച്ചു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നാരംഭിച്ച യുഡിഎഫ് പ്രകടനത്തിന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, പി എ അഷ്‌റഫലി, എ എം കടവത്ത്, കരുണ്‍ താപ്പ, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, അഡ്വ. ഗോവിന്ദന്‍, അഷ്‌റഫ് എടനീര്‍, കരിവെള്ളൂര്‍ വിജയന്‍, മൂസ ബി ചെര്‍ക്കള, ആര്‍ ഗംഗാധരന്‍, ഉബൈദുല്ല കടവത്ത്, അബ്ബാസ് ബീഗം, അഡ്വ. വി എം മുനീര്‍ നേതൃത്വം നല്‍കി. എല്‍ഡിഎഫ് നേതൃത്വത്തില്‍ നടത്തിയ പ്രകടനത്തിന് ടി കെ രാജന്‍, വി രാജന്‍, കെ മുഹമ്മദ് ഹനീഫ്, അസീസ് കടപ്പുറം, അബ്ദുര്‍റഹ്്മാന്‍ ബാങ്കോട്, ഹസയ്‌നാര്‍ നുള്ളിപ്പാടി, രമേശന്‍ നേതൃത്വം നല്‍കി. ഉപ്പള നയാബസാറില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് വാഹനങ്ങള്‍ തടഞ്ഞു. ബദിയടുക്ക, പെര്‍ള, മുള്ളേരിയ സ്ഥലങ്ങളില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണം. ബദിയടുക്ക ടൗണില്‍ യുഡിഎഫ്, എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. കാഞ്ഞങ്ങാട് ടൗണിലും ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. കോട്ടച്ചേരി പെട്രോള്‍ പമ്പിന് മുന്നില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ ധര്‍ണ മുസ്്‌ലിംലീഗ് നേതാവ് എ ഹമീദ് ഹാജി ഉദ്ഘാടനം ചെയ്തു.യുഡിഎഫ് പ്രവര്‍ത്തകര്‍ ബൈക്ക് തള്ളി തൃക്കരിപ്പൂര്‍ ടൗണില്‍ പ്രകടനം നടത്തി. തൃക്കരിപ്പൂര്‍ വെള്ളാപ്പ് റോഡില്‍ നിന്നാരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി ചൊവ്വേരി പൊട്രോള്‍ പമ്പിന് സമീപം സമാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് എ ജി സി ബഷീര്‍, കെ കെ രാജേന്ദ്രന്‍, സി രവി, എം ടി പി കരീം, സത്താര്‍ വടക്കുമ്പാട്, പി വി കണ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it