thiruvananthapuram local

ജില്ലയില്‍ സിറ്റിങ് എംഎല്‍എമാരുടെ പോരാട്ടം; 14 പേര്‍ ഗോദയില്‍

തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ പോരാട്ടരംഗത്തുള്ളത് 14 സിറ്റിങ് എംഎല്‍എമാര്‍. ആകെയുള്ള 14മണ്ഡലങ്ങളില്‍ പതിമൂന്നിടത്താണ് 14 സിറ്റിങ് എംഎല്‍എമാര്‍ ജനവിധി തേടുന്നത്. ഇടതുപക്ഷത്തുനിന്നു അഞ്ചും യുഡിഎഫില്‍ നിന്നു ഒമ്പതും എംഎല്‍എമാരാണ് മല്‍സരിക്കുന്നത്. സി ദിവാകരന്‍, ബി സത്യന്‍, വി ശിവന്‍കുട്ടി, ജമീല പ്രകാശം, വി ശശി എന്നിവരാണ് ഇടതുപാളയത്തി ല്‍ നിന്നുള്ളവര്‍.
വര്‍ക്കല കഹാര്‍, എം എ വാഹിദ്, കെ മുരളീധരന്‍, എന്‍ ശക്തന്‍, ആര്‍ ശെല്‍വരാജ്, കെ എസ് ശബരിനാഥന്‍, എ ടി ജോ ര്‍ജ്, പാലോട് രവി, വി എസ് ശിവകുമാര്‍ എന്നിവരാണ് കൈപ്പത്തി ചിഹ്നത്തില്‍ രംഗത്തുള്ളത്. രണ്ടുതവണ എംഎല്‍എ ആയവരെ വീണ്ടും മല്‍സരിപ്പിക്കേണ്ടതില്ലെന്ന കടുത്ത തീരുമാനത്തോടെയാണ് മുന്നണികളെല്ലാം സ്ഥാനാര്‍ഥി നിര്‍ണയം ആരംഭിച്ചതെങ്കിലും ചര്‍ച്ചകള്‍ പുരോഗമിക്കവെ കടുംപിടിത്തങ്ങള്‍ ഇല്ലാതായി. തലസ്ഥാന ജില്ലയില്‍ മല്‍സരിക്കുന്ന സിറ്റിങ് എംഎല്‍എമാരില്‍ ഭൂരിഭാഗവും രണ്ടിലേറെ തവണ എംഎല്‍എ ആയിട്ടുള്ളവരോ മല്‍സരിച്ചിട്ടുള്ളവരോ ആണ്. പാലോട് രവിയാണ് ജില്ലയില്‍ ഏറ്റവും അധികം തവണ ജനവിധി തേടിയിട്ടുള്ളത്. ഏഴാം തവണയാണു പാലോട് രവി ജനവിധി തേടുന്നത്. മൂന്നു തവണ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1987ലെ തിരഞ്ഞെടുപ്പിലാണ് അദ്ദേഹം ആദ്യമായി മല്‍സരത്തിനെത്തുന്നത്. നെടുമങ്ങാട് മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ഥി കെ വി സുരേന്ദ്രനാഥിനോട് പരാജയപ്പെട്ടു.
എന്നാല്‍ 1991ലും 1996ലും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 91ല്‍ കെ ഗോവിന്ദപിള്ളയേയും 96ല്‍ എം രാധാകൃഷ്ണനേയും പരാജയപ്പെടുത്തി. 2001ലും 2006ലും സിപിഐ സ്ഥാനാര്‍ഥിയായ മാങ്കോട് രാധാകൃഷ്ണന്‍ പാലോട് രവിയെ പരാജയപ്പെടുത്തി. 2011ല്‍ അദ്ദേഹം വീണ്ടും എംഎല്‍എ സ്ഥാനത്തു തിരിച്ചെത്തി. 2016ല്‍ തന്റെ ഏഴാം അംഗത്തിനു തയാറെടുക്കുമ്പോള്‍ നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കര്‍ കൂടിയാണ് അദ്ദേഹം.
നെയ്യാറ്റിന്‍കര എംഎല്‍എ ആര്‍ ശെല്‍വരാജും വര്‍ക്കല എംഎല്‍എ വര്‍ക്കല കഹാറും അഞ്ചാം തവണയാണ് അങ്കത്തിനിറങ്ങുന്നത്. 2001ല്‍ ഇടതു സ്ഥാനാര്‍ഥിയായാണു ശെല്‍വരാജ് ആദ്യം മല്‍സര രംഗത്തെത്തുന്നത്. പാറശാല മണ്ഡലത്തില്‍ മല്‍സരിച്ച അദ്ദേഹം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുന്ദരന്‍ നാടാരോടു പരാജയപ്പെട്ടു. എന്നാല്‍ 2006ല്‍ സുന്ദരന്‍ നാടാരെത്തന്നെ പരാജയപ്പെടുത്തി അദ്ദേഹം നിയമസഭയിലെത്തി. 2011ല്‍ നെയ്യാറ്റിന്‍കരയിലായിരുന്നു മൂന്നാം വിജയം. അന്നു പരാജയപ്പെടുത്തിയതു കോണ്‍ഗ്രസ് നേതാവു തമ്പാനൂര്‍ രവിയെ. സിപിഎം ടിക്കറ്റില്‍ മല്‍സരിച്ച് എംഎല്‍എയായ അദ്ദേഹം ഒരു വര്‍ഷം തികയുന്നതിനു മുമ്പു പാര്‍ട്ടിയുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നു എംഎല്‍എ സ്ഥാനവും പാര്‍ട്ടി അംഗത്വവും രാജിവെച്ചു കോണ്‍ഗ്രസില്‍ ചേര്‍ന്നു. അദ്ദേഹത്തിന്റെ രാജിയെത്തുടര്‍ന്നു നെയ്യാറ്റിന്‍കരയില്‍ ഉപതിരഞ്ഞെടുപ്പു നടന്നപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച അദ്ദേഹം വീണ്ടും നിയമസഭയിലെത്തി. നാലു തവണ വര്‍ക്കല മണ്ഡലത്തില്‍ മല്‍സരിച്ച കഹാര്‍ മൂന്നു തവണയും തിരഞ്ഞെടുക്കപ്പെട്ടു. 1991ല്‍ ആദ്യമായി മല്‍സരിച്ച അദ്ദേഹം സിറ്റിങ് എംഎല്‍എ ആയിരുന്ന വര്‍ക്കല രാധാകൃഷ്ണനോടു പരാജയപ്പെട്ടു. 2001ല്‍ വര്‍ക്കലയില്‍ നിന്നുതന്നെ എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടു. 2006ലും 2011 ലും വിജയം ആവര്‍ത്തിച്ചു.
കോണ്‍ഗ്രസ് വിമതനായി കഴക്കൂട്ടം മണ്ഡലത്തില്‍ നിന്നും 2001ലാണ് എം എ വാഹിദ് ആദ്യമായി നിയമസഭയിലെത്തുന്നത്. 2006ല്‍ വാഹിദ് വിജയം ആവര്‍ത്തിച്ചു. അന്നു കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയായിരുന്നു. 215 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിപിഎമ്മിലെ കടകംപള്ളി സുരേന്ദ്രനെ അന്നു വാഹിദ് പരാജയപ്പെടുത്തിയത്. 2011ല്‍ വാഹിദ് വീണ്ടും കഴക്കൂട്ടത്തെ പ്രതിനിധീകരിച്ചു നിയമസഭയിലെത്തി. നാലാം തവണയും മണ്ഡലത്തില്‍ മല്‍സരത്തിനു തയ്യാറെടുക്കുകയാണ് അദ്ദേഹം. നിയമസഭാ സ്പീക്കറായ എന്‍ ശക്തനും ഇത്തവണ നാലാം അങ്കമാണ്. പഴയ നേമം മണ്ഡലത്തില്‍ നിന്നും 2001ലും 2006ലും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 2001ല്‍ തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഗതാഗത മന്ത്രിയായിരുന്നു. 2011ല്‍ പുതിയതായി രൂപീകരിക്കപ്പെട്ട കാട്ടാക്കട മണ്ഡലത്തില്‍ നിന്നും അദ്ദേഹം വീണ്ടും നിയമസഭയിലെത്തി.
ഡെപ്യൂട്ടി സ്പീക്കറായും സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മരണത്തെത്തുടര്‍ന്നു സ്പീക്കറായും തിരഞ്ഞെടുക്കപ്പെട്ടു. നെടുമങ്ങാട്ടെ ഇടതുസ്ഥാനാര്‍ഥി സിപിഐ നേതാവ് സി ദിവാകരന്‍ മൂന്നാം തവണയാണു മല്‍സരിക്കുന്നത്. വി ശിവന്‍കുട്ടിക്ക് ഇതു മൂന്നാം അങ്കമാണ്. ബി സത്യന്‍, കെ മുരളീധരന്‍, കെ എസ് ശബരിനാഥന്‍, എ ടി ജോര്‍ജ്, വി എസ് ശിവകുമാര്‍, ജമീല പ്രകാശം, വി ശശി എന്നീ എംഎല്‍എമാരും രണ്ടാം തവണയാണു മല്‍സരിക്കാനിറങ്ങുന്നത്.
Next Story

RELATED STORIES

Share it