malappuram local

ജില്ലയില്‍ സിപിഐയും സിപിഎമ്മും തമ്മിലുള്ള അകല്‍ച്ച വര്‍ധിക്കുന്നു

ടിപി ജലാല്‍

മഞ്ചേരി: ജില്ലയില്‍ സിപിഐയും സിപിഎമ്മും തമ്മിലുളള അകല്‍ച്ച വര്‍ധിക്കുന്നു. പൊന്നാനി, ഏറനാട്, മഞ്ചേരി മണ്ഡലങ്ങളിലാണ് എതിര്‍പ്പ് രൂക്ഷമായിട്ടുള്ളത്. സ്ഥാനാര്‍ഥി നിര്‍ണയം കൂടി കഴിഞ്ഞതോടെ ഈ മുന്ന് മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് പ്രചാരണത്തെ ദോഷകരമായി ബാധിക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. പൊന്നാനിയിലെ മണലെടുപ്പുമായി ബന്ധപ്പെട്ട് സിപിഐയില്‍ തന്നെയുണ്ടായ പുറത്താക്കലും മറ്റുമാണ് പാര്‍ട്ടിയെ ജനങ്ങളില്‍ നിന്നകറ്റുന്നത്. ഈ പ്രശ്‌നം ജില്ലയിലെ മറ്റു മണ്ഡലങ്ങളിലേക്കും വ്യാപിക്കുന്നുണ്ട്.
പള്ളപ്രം സഹകരണ സംഘം മണലെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറി പണം വാങ്ങിയെന്നാരോപിച്ചതോടെയാണ് പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ക്ക് തുടക്കം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞടുപ്പില്‍ ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥിയില്‍ നിന്നു ലക്ഷങ്ങള്‍ വാങ്ങിയെന്നും ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍, പരാതിയില്‍ കാര്യമായി അന്വേഷണം നടത്താതെ രണ്ടുപേരെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുകയാണുണ്ടായത്. ഈ പ്രശ്‌നത്തിനു ശേഷമാണ് പൊന്നാനി നഗരസഭയില്‍ ഇരു പാര്‍ട്ടികളും പ്രതിപക്ഷവും ഭരണപക്ഷവുമാവുന്നത്. തൊട്ടുമുമ്പ് ഏറനാട് മണ്ഡലത്തില്‍ നടന്ന കന്നി നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് പൊതുസമ്മതനായ പി വി അന്‍വറിന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിക്കാന്‍ തയ്യാറാവാത്തതുമൂലം സിപിഐക്ക് കനത്ത തിരിച്ചടി ലഭിക്കുകയും ചെയ്തു. സ്വന്തം സ്ഥാനാര്‍ഥിക്ക് കെട്ടിവച്ച കാശ് പോലും ലഭിച്ചിരുന്നില്ല. സിപിഐയുമായി യുഡിഎഫ് നടത്തിയ നീക്കമാണ് അന്ന് പാര്‍ട്ടി സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്.
ഇതിലും വന്‍ പണമിടപാട് നടന്നിട്ടുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നെങ്കിലും അന്വേഷണം പോലും നടത്തിയിരുന്നില്ല. അന്ന് വെറും 2,700 ഓളം വോട്ട് മാത്രമാണ് ലഭിച്ചത്. അതേസമയം, മണ്ഡലത്തില്‍ വെറും 500ല്‍ താഴെ മാത്രമേ സിപിഐക്ക് വോട്ടര്‍മാരായുള്ളത്. ഏറനാടില്‍ ഡോ. വി പി എം അഷ്‌റഫിനെ തഴഞ്ഞാണ് അബ്ദുര്‍റഹിമാന് നറുക്കു വീഴുന്നത്. യുഡിഎഫിന്റെ സമ്മര്‍ദ്ദവും സാമ്പത്തികം താങ്ങാനാവില്ലെന്ന ഡോക്ടറുടെ വ്യക്തമാക്കലുമാണത്രെ ഈ ജനകീയനെ ഒഴിവാക്കാന്‍ കാരണം. എടവണ്ണയുടെ ചരിത്രത്തിലാദ്യമായി ഭരണത്തിലേറിയ ഇടതു മുന്നണിയുടെ വൈ. പ്രസിഡന്റുകൂടിയായ ഡോക്ടറെ ഒഴിവാക്കിയത് പി കെ ബഷീറിന് ഈസി വാക്കോവര്‍ നല്‍കാനാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. സിപിഎം അംഗമായിരുന്ന കെ ടി അബ്ദുര്‍റഹ്മാനെ രാജിവയ്പ്പിച്ച് സ്വതന്ത്രനാക്കിയാണ് ഇത്തവണ മല്‍സരിപ്പിക്കുന്നത്. പൊന്നാനി നഗരസഭയില്‍ സിപിഐ അംഗത്തെ രാജിവപ്പിച്ച് സിപിഎം അംഗമാക്കി മല്‍സരിപ്പിച്ചതിനൊരു തിരിച്ചടിയായും ഇതിനെ വ്യഖ്യാനിക്കുന്നുണ്ട്. മഞ്ചേരി മണ്ഡലം ഇത്തവണ സിപിഎമ്മിന് നല്‍കാമെന്ന് പറഞ്ഞെങ്കിലും പാര്‍ട്ടി ഏറ്റെടുത്തില്ല. കഴിഞ്ഞ തവണ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സിപിഐ ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കേണ്ടി വരുമോയെന്ന ആശങ്കയാണ് പാര്‍ട്ടിയെ പിന്തിരിപ്പിച്ചത്. ജില്ലയില്‍ കാര്യമായ പ്രവര്‍ത്തകരില്ലാതിരുന്നിട്ടും മുന്ന് സീറ്റ് നല്‍കുന്നുണ്ട്. എന്നാല്‍, ലഭിക്കുന്ന സീറ്റ് വില്‍പ്പനച്ചരക്കാക്കുന്ന രീതിയാണ് സിപിഐ സ്വീകരിക്കുന്നതന്ന് സിപിഎം ജില്ലാ കമ്മിറ്റിയംഗങ്ങള്‍ തുറന്നു പറയുന്നു.
ജില്ലയില്‍ എവിടെ നിന്നാലും ജയിക്കില്ലെന്നുറപ്പുള്ളതിനാല്‍ പരമാവധി പാര്‍ട്ടി ഫണ്ടുണ്ടാക്കുന്നതിനായി തിരഞ്ഞെടുപ്പിനെ ദുരുപയോഗപ്പെടുത്തുകയാണ് സിപിഐ ശ്രമിക്കുന്നതെന്ന് പഴയ കാല പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു.എടക്കരയില്‍ ഇടതു സ്ഥാനാര്‍ഥി പി വി അന്‍വറിനെതിരെയുള്ള എതിര്‍പ്പിനു പിന്നില്‍ സിപിഐയും ആര്യാടനുമുണ്ടെന്ന് സിപിഎമ്മിന് പരാതി ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ഏറനാടില്‍ സിപിഐ നിലപാടിനെതിരേ പരസ്യമായി വെല്ലുവിളിച്ചതാണത്രെ അന്‍വറിനെതിരേ തിരിയാന്‍ കാരണം.
വരും തിരഞ്ഞെടുപ്പുകളില്‍ ജില്ലയില്‍ സിപിഐയെ മാറ്റി നിര്‍ത്തി മല്‍സരിക്കാനുള്ള സാധ്യത കൂടുന്നുണ്ടെന്നാണ് വിവരം. പ്രചാരണത്തിന് പോലും കാര്യമായി രംഗത്തിറങ്ങാറാത്ത സിപിഐക്ക് പകരം ഐഎന്‍എലിനെ പരമാവധി കൂട്ടിപ്പിടിക്കുന്നതാവും ജില്ലയില്‍ മുന്നണിക്ക് കൂടുതല്‍ നേട്ടമുണ്ടാക്കുകയെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it