palakkad local

ജില്ലയില്‍ സിപിഎം-സിപിഐ ബന്ധം വഷളാവുന്നു

പാലക്കാട്: ജില്ലയില്‍ സിപിഎം-സിപിഐ ബന്ധം വഷളാവുന്നു. നേരത്തേ പത്തിരിപ്പാലയിലും മണ്ണാര്‍ക്കാടും ഇരുപാര്‍ട്ടിയും പരസ്യമായി വെല്ലുവളിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോളത് തൃത്താലയിലേക്കും വ്യാപിച്ചു. പത്തിരിപ്പാലയില്‍ നേതൃത്വത്തെ വെല്ലുവിളിച്ച് സിപിഎമ്മില്‍ നിന്ന് രാജിവ്ച്ച് വന്നവരെ, സിപിഐ തങ്ങളുടെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചിരുന്നു. തുടര്‍ന്ന് സിപിഎം വിട്ടവരെ ഉള്‍പ്പെടുത്തി പുതിയ ബ്രാഞ്ച് രൂപീകരിച്ച് ശക്തിപ്രകടനവും നടത്തി. മണ്ണാര്‍ക്കാട് മേഖലയില്‍ സിപിഎം-സിപിഐ പോര് അടിയുടെ വക്കിലാണെത്തി നില്‍ക്കുന്നത്. കഴിഞ്ഞ ദിവസം കുമരംപുത്തൂരില്‍ നടന്ന സിപിഐ പൊതുസമ്മേളനം സംഘര്‍ഷഭീതിയിലാണ് അവസാനിച്ചത്. തങ്ങള്‍ക്കെതിരേ പരസ്യ ആക്ഷേപം ഉന്നയിച്ചാല്‍ തിരിച്ചടി നല്‍കാന്‍ സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ച് നിന്നിരുന്നു. സംഘര്‍ഷം മണത്ത സിപിഐ പൊതുസമ്മേളനം നേരത്തെ അവസാനിപ്പിക്കുകയായിരുന്നു. ഇതിന് മുന്നേ ഡിവൈഎഫ്‌ഐ നേതാവും സിപിഎം പ്രാദേശിക നേതാക്കളും സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. അഴിമതി ആരോപണമാണ് സിപിഐ നേതിവിനെതിരെ സിപിഎം ഉന്നയിച്ചത്. മണ്ണാര്‍ക്കാട് മേഖലയില്‍ പരസ്യമായി കൊണ്ടും കൊടുത്തും മുന്നേറുന്നതിനിടെയാണ് തൃത്താലയിലും നേതാക്കള്‍ പരസ്യമായി കൊമ്പുകോര്‍ത്തത്. കഴിഞ്ഞ ദിവസം തൃത്താലയില്‍ നടന്ന സിപിഐ യോഗത്തില്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം മനോ മോഹനനെ പരസ്യമായി സിപിഐ നേതാക്കള്‍ വിമര്‍ശിച്ചിരുന്നു. ഇതിനെതിരെ സിപിഎമ്മും രംഗത്തെത്തി. യോഗം കഴിഞ്ഞ ശേഷം സിപിഎം നേതാക്കള്‍ ഇതിനെ ചോദ്യംചെയ്യുകയും ചെയ്തു. ഇത് വാക്കേറ്റത്തിലാണ് കലാശിച്ചത്. സിപിഐ നേതാവിനെ കൈയേറ്റം ചെയ്യാന്‍ശ്രമിച്ചെന്ന തരത്തില്‍ സംഭവം പ്രചരിപ്പിക്കപ്പെട്ടത്. സിപിഐ രൂക്ഷമായി വിമര്‍ശിച്ചാണ് സിപിഎം തിരുമിറ്റിക്കോട് ലോക്കല്‍ കമ്മിറ്റി പ്രസ്താവന നടത്തിയത്. കള്ളപ്രചരണം നടത്തി സിപിഎം പ്രവര്‍ത്തകരെ സമൂഹമധ്യത്തില്‍ ആക്ഷേപിക്കാനുള്ള ശ്രമം തിരിച്ചറിയണമെന്ന് സിപിഎം തിരുമിറ്റക്കോട് ലോക്കല്‍ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പൊതു റോഡില്‍ മൈക്ക് കെട്ടി മനോമോഹനനെ അപമാനിക്കാന്‍ ശ്രമിച്ചപ്പോള്‍, അതു കേട്ടു നിന്ന മനോമോഹനന്‍ പൊതുയോഗം കഴിഞ്ഞതിന് ശേഷം സംസാരിക്കുക മാത്രമാണ് ചെയ്തത്. അനാവശ്യ പദപ്രയോഗങ്ങള്‍ നടത്തിയത് സിപിഐക്കാരനായ ടി ഹംസയാണ്. മറ്റ് ഒരു പ്രശ്‌നവും അവിടെ ഉണ്ടായിട്ടില്ല. അതിന് ശേഷം മനോമോഹനന്‍ തന്റെ മകളുമൊപ്പം സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുന്നതിനിടയില്‍ ഇ വി ഹംസ എന്നയാള്‍ വാഹനത്തിന്റെ മുന്നിലേക്ക് ചാടി കൊല്ലുമെന്ന് പറഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചെന്നും സിപിഎം പ്രസ്താവനയില്‍ ആരോപിച്ചു. നാട്ടുകാര്‍ ഇടപ്പെട്ട് പ്രശ്‌നം അവസാനിപ്പിക്കുകയും ചെയ്തതാണ്. പിന്നീട് സിപിഐക്കാര്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് മനോമോഹനനും കിഷോറും കൊല്ലാന്‍ ശ്രമിച്ചെന്ന് പോലിസിന് മൊഴി നല്‍കുകയായിരുന്നുവെന്നും സിപിഎം പറയുന്നു. സംസ്ഥാനതലത്തില്‍ തന്നെ സിപിഐ-സിപിഎം നേതാക്കള്‍ പരസ്യപോര് നടത്തി മുന്നണി  ബന്ധം വഷളാക്കുന്നതിനിടെയാണ്, ജില്ലയിലും  ഇരുപാര്‍ട്ടി നേതാക്കളും വിഴുപ്പലക്കലുമായി കളംനിറയുന്നത്.
Next Story

RELATED STORIES

Share it