kasaragod local

ജില്ലയില്‍ സമ്പൂര്‍ണ ശുചീകരണം 27 മുതല്‍ 29 വരെ



കാസര്‍കോട്്: ജില്ലയിലെ 41 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മുഴുവന്‍ വാര്‍ഡുകളിലും 27 മുതല്‍ 29 തീയ്യതികളില്‍ കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിക്കാന്‍ സമ്പൂര്‍ണ ശുചീകരണം നടത്താന്‍ ജില്ലാതലത്തില്‍ചേര്‍ന്ന ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം തീരുമാനിച്ചു. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരും സെക്രട്ടറിമാരും വിവിധ വകുപ്പ് ഉദ്യോഗസ്ഥന്മാരും സംബന്ധിച്ചു. വ്യാപാരസ്ഥാപനങ്ങളിലും കൃഷിയിടങ്ങളിലും സര്‍ക്കാര്‍ ഓഫിസുകളിലും പൊതുജനങ്ങള്‍ കൂടുതലായി എത്തിച്ചേരുന്ന മറ്റു പ്രദേശങ്ങളിലും ശുചീകരണപ്രവര്‍ത്തനം നടത്തണം. മലയോരപ്രദേശങ്ങളിലെ റബര്‍, കവുങ്ങിന്‍ തോട്ടങ്ങളിലും ശുചീകരിക്കണം. വാര്‍ഡ് തലത്തില്‍ ശുചീകരണപ്രവര്‍ത്തനം ശക്തമാക്കാനും യോഗം തീരുമാനിച്ചു. പട്ടണപ്രദേശങ്ങളില്‍ മല്‍സ്യമാര്‍ക്കറ്റുകള്‍, പച്ചക്കറി വിപണന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ശുചീകരണം ശക്തമാക്കാനും തീരുമാനമായി.തദ്ദേശസ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ട് ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാമെന്നും മന്ത്രി പറഞ്ഞു. വാര്‍ഡ് തലത്തില്‍ 25000 രൂപ വരെ വിനിയോഗിക്കാം. പഞ്ചായത്ത് പരിധിയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഒരു ഡോക്ടര്‍ ഒരു പാരമെഡിക്കല്‍ സ്റ്റാഫ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ രണ്ട് ഡോക്ടര്‍മാര്‍ രണ്ട് പാരമെഡിക്കല്‍ സ്റ്റാഫ് എന്നിവരെ ചികില്‍സയ്ക്കായി ചുമതലപ്പെടുത്തി. ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ ആശുപത്രികളിലും വൈകീട്ട് ആറു വരെ ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തും. സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ രാത്രികാലങ്ങളിലും ഡോക്ടര്‍മാരുടെ സേവനം ലഭിക്കും. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കേന്ദ്രങ്ങളിലും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് മന്ത്രി പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലൂടെ പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ചികില്‍സിക്കാതെ ഭേദമാക്കാമെന്നും മറ്റുമുള്ള വ്യാജപ്രചാരണങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ടെന്നും ഇത്തരം പ്രചാരണങ്ങളില്‍ കുടുങ്ങരുതെന്നും  ജില്ലാകലക്ടര്‍ കെ ജീവന്‍ബാബു അറിയിച്ചു. എംഎല്‍എമാരായ കെ കുഞ്ഞിരാമന്‍, എം രാജഗോപാല്‍, നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രഫ. കെ പി ജയരാജന്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, ഡെപ്യൂട്ടി ഡിഎംഒ ഇ മോഹനന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് കെ വിനോദ് കുമാര്‍, എഡിഎം കെ അംബുജാക്ഷന്‍, ആര്‍ഡിഒ ഡോ. പി കെ ജയശ്രീ സംബന്ധിച്ചു.
Next Story

RELATED STORIES

Share it