ജില്ലയില്‍ സംസ്ഥാന റെക്കോഡ്, സംസ്ഥാനത്ത് ദേശീയ റെക്കോഡ്, അനസ് പറക്കുന്നു

കോഴിക്കോട്: പാലക്കാട് പറളി എച്ച്എസ്എസിലെ പുതിയ നക്ഷത്രമാവുകയാണ് എന്‍ അനസ്. റെക്കോഡുകള്‍ തിരുത്തുന്നതാണ് താരത്തിന്റെ പുതിയ ഹരം. ഈ വര്‍ഷത്തെ ജില്ലാ കായികമേളയില്‍ സംസ്ഥാന റെക്കോഡ് മറികടന്ന അനസ് ഇന്നലെ പിന്തള്ളിയത് ദേശീയ റെക്കോഡാണ്. സംസ്ഥാന തലത്തില്‍ താരത്തിന്റെ കന്നി സ്വര്‍ണം കൂടിയായിരുന്നു ഇത്. നേരത്തേ ലോങ്ജംപില്‍ അനസിനു വെള്ളി ലഭിച്ചിരുന്നു.
ജൂനിയര്‍ ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപില്‍ ഒളിംപ്യനും ട്രിപ്പിള്‍ജംപിലെ തന്നെ ഇന്ത്യയുടെ സൂപ്പര്‍ താരവുമായ അഞ്ജു ബോബി ജോര്‍ജിനെ സാക്ഷിയാക്കിയാണ് അനസ് റെക്കോഡിലേക്ക് പറന്നിറങ്ങിയത്. 15.01 മീറ്റര്‍ ദൂരമാണ് താരം ഇന്നലെ ചാടിയത്. 2007ലെ ദേശീയ സ്‌കൂള്‍ കായികമേളയില്‍ മഹാരാഷ്ട്രയുടെ ധിര മിശ്ര സ്ഥാപിച്ച 14.89 മീറ്ററെന്ന റെക്കോഡാണ് അനസിനു മുന്നില്‍ വഴിമാറിയത്. ഈ കായികമേളയിലെ രണ്ടാം മെഡലാണ് അനസ് ഇന്നലെ കൈക്കലാക്കിയത്.
ഈ വര്‍ഷത്തെ ജില്ലാ കായികമേളയില്‍ താരത്തിന് രണ്ടു സ്വ ര്‍ണവും ഒരു വെള്ളിയുമടക്കം മൂന്നു മെഡലുകള്‍ ലഭിച്ചിരുന്നു. പറളി സ്‌കൂളിലെ കോച്ചായ മനോജാണ് തന്നെ റെക്കോഡ് പ്രകടനത്തിനു പ്രചോദനമേകിയതെന്നു താരം പറഞ്ഞു. റെക്കോഡ് പ്രതീക്ഷിച്ചിരുന്നു. മല്‍സരശേഷം അനസിനെ അഞ്ജു നേരിട്ട് ഗ്രൗണ്ടിലെത്തി അഭിനന്ദിച്ചു. നല്ല പ്രതിഭയുള്ള താരമാണ് അനസെന്നും ഭാവിയില്‍ എല്ലാവിധ സഹായങ്ങളും നല്‍കാന്‍ ഒരുക്കമാണെന്നും അഞ്ജു പറഞ്ഞു. മണ്ണുവെട്ടുമട വീട്ടില്‍ ബേക്കറി ജോലിക്കാരനായ നാസറിന്റെ യും റഹിയാനയുടെയും ഏക മകനാണ് അനസ്.
Next Story

RELATED STORIES

Share it