wayanad local

ജില്ലയില്‍ വൈറോളജി ലാബ് ഡിസംബറില്‍ തുടങ്ങും

കല്‍പ്പറ്റ: കുരങ്ങുപനി രോഗനിര്‍ണയത്തിലെ കാലതാമസം ഒഴിവാക്കുന്നതിനായി വൈറോളജി ലാബ് ഡിസംബറില്‍ തുടങ്ങുമെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. പി ശശിധരന്‍ അറിയിച്ചു.
മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രത്യേക ലാബ് സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശൂപത്രിയിലാണ് തുടങ്ങുക. കുരങ്ങുപനി തടയുന്നതിനും മരണം ഒഴിവാക്കുന്നതിനും ഊന്നല്‍ നല്‍കിയുള്ള കര്‍മപദ്ധതിക്ക് ജില്ലാതലത്തില്‍ രൂപം നല്‍കി.
രോഗം തടയുന്നതിനായി വ്യക്തിഗതമായി സ്വീകരിക്കേണ്ട മാര്‍ഗങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണവും വാക്‌സിനേഷനും കാര്യക്ഷമമായി നടപ്പാക്കുന്നതോടൊപ്പം മരണം കുറയ്ക്കുന്നതിനായി കിടത്തിച്ചികില്‍സയുള്ള എല്ലാ സര്‍ക്കാര്‍ അശുപത്രികളിലും വിംസ് മെഡിക്കല്‍ കോളജിലും കുരങ്ങുപനി ചികില്‍സയ്ക്ക് സജ്ജീകരണം ഒരുക്കുകയും ചെയ്യുകയെന്നതാണ് കര്‍മപദ്ധതി കൊണ്ട് ലക്ഷ്യമാക്കുന്നത്.
ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ നടത്തിയ ജില്ലാതല യോഗ തീരുമാനത്തിന്റെ തുടര്‍ച്ചയായി കഴിഞ്ഞ വര്‍ഷം കുരങ്ങുപനി റിപോര്‍ട്ട് ചെയ്ത പൂതാടി, സുല്‍ത്താന്‍ ബത്തേരി, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി ആരോഗ്യകേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് അവലോകന യോഗങ്ങള്‍ നടത്തി. ഈ വര്‍ഷം പ്രതിരോധ കുത്തിവയ്പിനായി 4,000 ഡോസ് വാക്‌സിന്‍ ജില്ലയില്‍ ലഭ്യമാക്കി പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.
ആവശ്യമുള്ള ആരോഗ്യ സ്ഥാപനങ്ങള്‍ പുല്‍പ്പള്ളിയില്‍ നിന്ന് ഇവ ശേഖരിക്കണം. ഈ വര്‍ഷത്തെ വാക്‌സിനേഷന്‍ 16നു ചെതലയം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടക്കും. കഴിഞ്ഞ വര്‍ഷം ഒന്നാം ഡോസ് 3,471 പേര്‍ക്കും രണ്ടാം ഡോസ് 1,478 പേര്‍ക്കും നല്‍കി. രണ്ടും മൂന്നും ഡോസുകള്‍ നല്‍കാനാണ് ഈ വര്‍ഷം ഊന്നല്‍ നല്‍കുന്നത്.
കഴിഞ്ഞ വര്‍ഷം 102 പേര്‍ക്ക് കുരങ്ങുപനി സ്ഥീരീകരിച്ചിരുന്നു. 11 പേര്‍ മരിച്ചു. ജനുവരി മുതല്‍ ജൂണ്‍ വരെയാണ് ഈ കേസുകള്‍ ജില്ലയില്‍ റിപോര്‍ട്ട് ചെയ്തത്.
ആരോഗ്യ ബോധവല്‍ക്കരണം കാര്യക്ഷമമാക്കുന്നതിന് ആരോഗ്യവകുപ്പ് ജില്ലയില്‍ തയ്യാറാക്കിയ ഡോക്യുമെന്ററി സിഡി എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ലഭ്യമാക്കിയിട്ടുണ്ട്. വനാതിര്‍ത്തി, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, കോളനികള്‍, പൊതുജന ശ്രദ്ധാ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സ്ഥിരം ബോര്‍ഡുകള്‍ സ്ഥാപിച്ചു.
ഈ വര്‍ഷം ആദിവാസി കോളനികള്‍, സ്‌കൂളുകള്‍, വിവിധ സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണം നടത്തും.
കുരങ്ങ് ചത്താല്‍ ഉടന്‍ ആരോഗ്യവകുപ്പ് അധികൃതരെ വിവരമറിയിക്കണമെന്നു ഡിഎംഒ അറിയിച്ചു.
Next Story

RELATED STORIES

Share it