Kollam Local

ജില്ലയില്‍ വേനല്‍ ചൂടിന് കുറവില്ല

കൊല്ലം: വേനല്‍ ചൂടില്‍ കൊല്ലം വെന്തുരുകുന്നു. 37 ഡിഗ്രിയാണ് ഇന്നലെ രാവിലെ ജില്ലയില്‍ രേഖപ്പെടുത്തിയ ചൂട്. തെക്കന്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന ജില്ലയാണ് കൊല്ലം.

നിരവധി പേര്‍ക്കാണ് ജില്ലയില്‍ ഇതിനകം സൂര്യതാപം ഏറ്റിരിക്കുന്നത്. ചൂട് വര്‍ധിച്ചതോടെ പുനലൂര്‍ ടൗണിലിറങ്ങാന്‍ പോലും ജനങ്ങള്‍ മടിക്കുകയാണ്. രാവിലെ 10.30നും വൈകീട്ട് മൂന്നിനും ഇടയില്‍ ചൂട് 39 ഡിഗ്രിവരെയെത്തുന്നുണ്ട്. പുലര്‍ച്ചെ 7.30ന് ടൗണ്‍ ജനങ്ങളെ കൊണ്ട് സജീവമാകുമെങ്കിലും 11മണിയോടെ വിജനമാകുന്ന കാഴ്ചയാണിപ്പോള്‍.
വൈകീട്ട് 5മണിയോടെ വീണ്ടും ടൗണ്‍ സജീവമാകും. വെന്തുരുകുന്ന കനത്ത ചൂടിനെ ഭയന്നാണ് ജനങ്ങള്‍ ഉച്ച നേരത്ത് ടൗണിലെത്താന്‍ മടിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ടൗണില്‍ എത്തിയ നിരവധി പേര്‍ക്ക് സൂര്യാഘാതമേറ്റിരുന്നു. ജില്ലയിലെ മറ്റുഭാഗങ്ങളിലും സമാനമായ അവസ്ഥ തന്നെയാണ് നിലനില്‍ക്കുന്നത്. കടുത്ത ചൂടില്‍ നാടും നഗരവും ഒരുപോലെ പൊള്ളിപ്പൊരിയുന്ന കാഴ്ചയാണ് എങ്ങും. രാത്രിയിലും പകലും ഒരുപോലെയാണ് ചൂടിന്റെ കാഠിന്യം.ചൂട് അതികഠിനമായതോടെ ജില്ലയില്‍ ജലക്ഷാമവും രൂക്ഷമാണ്.
ജില്ലയിലെ പ്രധാന കുടിവെള്ള സ്‌ത്രോതസായ ശാസ്താംകോട്ട തടാകവും ഇന്ന് വരള്‍ച്ചയുടെ പിടിയിലാണ്. മഴകുറഞ്ഞതും ചൂട് ക്രമാതീതമായി വര്‍ധിച്ചതും വെള്ളം പെട്ടെന്ന് വറ്റുന്നതിന് ഇടയാക്കിയിട്ടുണ്ട്. ചവറ, പന്മന പഞ്ചായത്തുകളിലെ കുടിവെള്ള വിതരണം നടക്കാത്ത അവസ്ഥയുണ്ട്. കിണര്‍ വെള്ളം ഉപയോഗിക്കാന്‍ കഴിയാത്ത നീണ്ടകര പോലെയുള്ള പഞ്ചായത്തുകളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷമാണ്. അതേസമയം, ജില്ലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായ ഇടങ്ങളില്‍ തെന്‍മല ഡാമില്‍ നിന്ന് വെള്ളമെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ശാസ്താംകോട്ട കായലിലെ ജലനിരപ്പ് കുറഞ്ഞതിനാല്‍ കുടിവെള്ളം കുറഞ്ഞ കൊല്ലം ടൗണ്‍, പന്‍മന, ചവറ എന്നിവിടങ്ങളിലേക്കാണ് വെള്ളമെത്തിക്കുക. കനാലുകള്‍ വഴിയും വെള്ളം തുറന്ന് വിടും. മെയ് മൂന്നിനകം ഇത് നടപ്പില്‍ വരുത്താനാണ് ആലോചന.
Next Story

RELATED STORIES

Share it