wayanad local

ജില്ലയില്‍ വീണ്ടും ഡിഫ്തീരിയ ;രോഗബാധിതര്‍ ഏഴ്



മാനന്തവാടി: ജില്ലയില്‍ വീണ്ടും ഡിഫ്തീരിയ രോഗബാധ. ഇതോടെ ഈ വര്‍ഷം റിപോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ ഏഴായി. സുല്‍ത്താന്‍ ബത്തേരി നായ്ക്കട്ടി പ്രദേശത്തെ യുവതിക്കാണ് രോഗം പിടിപെട്ടത്. മണിപ്പാല്‍ വൈറോളജി ലാബിലാണ് രോഗം സ്ഥിരീകരിച്ചത്. കടുത്ത തൊണ്ടവേദനയും പനിയുമായി ഈ മാസം മൂന്നിന് നൂല്‍പ്പുഴ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികില്‍സ തേടിയ യുവതിയെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. അവിടെ നിന്നാണ് സ്വാബ് കള്‍ച്ചര്‍ പരിശോധനയ്ക്കായി മണിപ്പാലിലേക്ക് അയച്ചത്. രോഗബാധ സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. സുല്‍ത്താന്‍ ബത്തേരി തൊവരിമല, വെള്ളമുണ്ട, ചീരാല്‍, മാനന്തവാടി, പൂതാടി മണല്‍വയല്‍, മുള്ളന്‍കൊല്ലി എന്നിവിടങ്ങളിലാണ് മുമ്പ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ ഒരു ഡിഫ്തീരിയ കേസ് മാത്രമാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. ഈ വര്‍ഷം ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ ഇത്രയധികം കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും തൊണ്ടവേദനയും പനിയും ഉള്ളവര്‍ എത്രയും പെട്ടെന്നു ചികില്‍സ തേടണമെന്നും അര്‍ബന്‍ ആര്‍സിഎച്ച് ഓഫിസര്‍ ഡോ. വി ജിതേഷ് അറിയിച്ചു.
Next Story

RELATED STORIES

Share it