Idukki local

ജില്ലയില്‍ വിവാഹ മോചിതര്‍ പെരുകുന്നു; കഴിഞ്ഞവര്‍ഷം ജില്ലയില്‍ റിപോര്‍ട്ട് ചെയ്തത് 801 കേസുകള്‍

തൊടുപുഴ: ജില്ലയിലെ വിവാഹമോചന കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. തൊടുപുഴയിലും കട്ടപ്പനയിലുമായി 2014- 15 വര്‍ഷം റിപോര്‍ട്ടു ചെയ്തത് 801 വിവാഹമോചന കേസുകളാണ്. കഴിഞ്ഞ ജനുവരി-ഡിസംബര്‍ വരെ 421 കേസുകളാണ് കട്ടപ്പനയില്‍ മാത്രം റിപോര്‍ട്ടു ചെയ്തത്.തൊടുപുഴയില്‍ 380 കേസുകളും കോടതിയിലെത്തി.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു വിവാഹമോചനകേസുകളുടെ എണ്ണം കൂടുകയാണെന്നു കുടുംബക്കോടതിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നു. കേസുകളില്‍ 75 ശതമാനത്തിലധികവും 25നും30നും ഇടയില്‍ പ്രായമുള്ളവരുടേതാണ്.വിദേശത്തു ജോലി ചെയ്യുന്നവരുടെ ഇടയിലും വിവാഹമോചനം തേടുന്നവര്‍ ഏറുകയാണ്. സ്ത്രീധനമായി നല്‍കിയ പണവും ആഭരണങ്ങളും തിരിച്ചു നല്‍കണമെന്നും കുട്ടിയെ വിട്ടു കിട്ടണമെന്നുമാവശ്യപ്പെട്ടുള്ള കേസുകളും ഇതില്‍ പ്പെടും.
തോട്ടം മേഖലകളില്‍ നിന്നും നിരവധി കേസുകളാണ് ഇപ്പോള്‍ വിവാഹ മോചനത്തിനായി എത്തുന്നത്. ഇതില്‍ ഏറിയ പങ്കും ലഹരി വസ്തുക്കളുടെ അമിത ഉപയോഗം മൂലമാണ്.കോടതിയിലെത്തുന്ന കേസുകളില്‍ അഞ്ചു ശതമാനം കേസുകള്‍ കൗണ്‍സിലിങ് വഴി വീണ്ടും ഒരുമിക്കുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. കേസുകള്‍ വീണ്ടും ധാരണയിലെത്തിക്കാന്‍ കോടതി പരമാവധി ശ്രമിക്കാറുണ്ടെങ്കിലും ഫലപ്രാപ്തിയിലെത്തുന്നത് കുറവാണ്. കോടതികളിലെത്തുന്ന കേസുകളുടെ പ്രധാന ലക്ഷ്യം നഷ്ടപരിഹാരം വാങ്ങലാണ്. ഇതാണ് കേസുകളുടെ എണ്ണം ഇതുപോലെ വര്‍ധിക്കാന്‍ കാരണം.
വിദേശത്ത് ജോലിയുള്ളവരുടെ ഇടയില്‍ നിസാര കാരണങ്ങളാണ് വിവാഹമോചനത്തിലെത്തിക്കുന്നതെന്നു കോടതി ജീവനക്കാര്‍ പറയുന്നു. ജില്ലയുടെ എല്ലാ താലൂക്കുകളില്‍ നിന്നും ഒരു പോലെയാണ് തൊടുപുഴ, കട്ടപ്പന കോടതികളിലേക്കു കേസുകള്‍ എത്തുന്നത്. കട്ടപ്പനയിലും തൊടുപുഴയിലുമായി ശരാശരി രണ്ട് വിവാഹമോചന കേസുകള്‍ ദിനം പ്രതി എത്തുന്നുണ്ട്.
ലോറേഞ്ചിനെക്കാളും ഹൈറേഞ്ചിലാണ് കേസുകളുടെ എണ്ണം കൂടുതല്‍. എല്ലാ മത വിഭാഗങ്ങള്‍ക്കിടയിലും ഈ സ്ഥിതി വ്യാപകമാണ്. കേസുകളുടെ എണ്ണത്തില്‍ സമീപ കാലത്തെ വര്‍ധന പെട്ടെന്നു തീര്‍പ്പാക്കുന്നതിലും കാലതാമസം നേരിടാന്‍ കാരണമാകുന്നു.ജില്ലയില്‍ തൊടുപുഴയിലും, കട്ടപ്പനയിലുമാണ് കുടുംബ കോടതികള്‍ ഉള്ളത്.
Next Story

RELATED STORIES

Share it