thiruvananthapuram local

ജില്ലയില്‍ വിധി നിര്‍ണയിക്കാന്‍ 26.99 ലക്ഷം പേര്‍

തിരുവനന്തപുരം: ജില്ലയില്‍ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിധി നിര്‍ണയിക്കുന്നത് 26.99 ലക്ഷം വോട്ടര്‍മാര്‍. ഇതില്‍ ഏറ്റവും കൂടുതല്‍ വനിതാ വോട്ടര്‍മാര്‍. പുരുഷവോട്ടര്‍മാരെക്കാള്‍ 1.43 ലക്ഷം വനിതാ വോട്ടര്‍മാരാണ് ഇത്തവണ ജില്ലയിലുള്ളത്.
14.23 ലക്ഷം വനിതാ വോട്ടര്‍മാരും 12.76 ലക്ഷം പുരുഷ വോട്ടര്‍മാരുമാണ് ഈ മാസം 16ന് വിധിയെഴുതുക. പുതിയ വോട്ടര്‍മാരെ ഉള്‍പ്പെടുത്തലും വോട്ടര്‍പ്പട്ടിക ശുദ്ധീകരണവും കഴിഞ്ഞുള്ള കണക്കാണിത്.
മുന്‍ തിരഞ്ഞെടുപ്പുകളില്‍ ജില്ലയിലെ ശരാശരി പോളിങ് ശതമാനമായ 69ല്‍ നിന്ന് 80ല്‍ എത്തിക്കാനുള്ള പ്രചാരണപരിപാടികള്‍ തുടങ്ങിയതായി കലക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. ഉള്‍ക്കാടുകളിലുള്ള ആദിവാസിമേഖലയില്‍ നിന്നു വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ ജില്ലാ ഭരണകൂടം തന്നെ വാഹനങ്ങള്‍ ഏര്‍പ്പെടുത്തും.
രോഗികളെ വോട്ടിങിനെത്തിക്കാനും പ്രത്യേക പരിഗണന നല്‍കും. ജില്ലയില്‍ ആകെ 2,203 ബൂത്തുകളുണ്ട്. രാവിലെ ഏഴുമുതല്‍ ആറുവരെയായിരിക്കും പോളിങ്. മുന്‍ തിരഞ്ഞെടുപ്പുകളിലെ 86 ബൂത്തുകള്‍ മാറിയിട്ടുണ്ട്. ജില്ലയില്‍ 70 മാതൃകാ പോളിങ് കേന്ദ്രങ്ങള്‍ സജ്ജീകരിക്കും. 32 ബൂത്തുകളില്‍ വനിതാ ഉദ്യോഗസ്ഥര്‍ മാത്രമാണു ജോലിക്കുണ്ടാവുക.
വട്ടിയൂര്‍ക്കാവ്, നേമം മണ്ഡലങ്ങളിലെ 186 ബൂത്തുകളില്‍ വോട്ടുചെയ്ത ശേഷം പരിശോധനാസൗകര്യമുള്ള വിവി പാറ്റ് മെഷീനുകള്‍ സ്ഥാപിക്കും. തിരഞ്ഞെടുപ്പു സുരക്ഷയ്ക്കായി പോലിസ് ഉദ്യോഗസ്ഥര്‍ക്കു പുറമെ 10 കമ്പനി കേന്ദ്രസേനയെ വിന്യസിക്കും.
അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശനനടപടികളുണ്ടാവും. ബൂത്തുകളില്‍ വെബ്കാസ്റ്റിങ്, സിസിടിവി എന്നീ സംവിധാനങ്ങള്‍ക്കു പുറമെ വിഡിയോഗ്രഫര്‍മാരെയും നിയമിച്ചിട്ടുണ്ട്.
പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ബൂത്തുകളില്‍ ശുദ്ധജലം, വെളിച്ചം, ശുചിമുറി സംവിധാനങ്ങള്‍ ഒരുക്കും. വോട്ടര്‍മാര്‍ക്കായി എല്ലാ ബൂത്തുകളിലും റാംപ് സൗകര്യമുണ്ടാവും. 12,672 പോളിങ് ഉദ്യോഗസ്ഥരെയാണ് ജില്ലയില്‍ വിന്യസിക്കുക.
പോളിങ് ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറയ്ക്കാനായി വിവിധ ഫോമുകള്‍ ഒന്നിച്ചു പുസ്തകരൂപത്തിലാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യമായാണ് ഈ പരീക്ഷണം.
തിരഞ്ഞെടുപ്പു കമ്മീഷന്‍ ഇക്കാര്യത്തില്‍ അഭിനന്ദനം അറിയിച്ചിട്ടുണ്ട്. പോളിങ് സാമഗ്രികളുടെ വിതരണകേന്ദ്രങ്ങളില്‍ കുടുംബശ്രീ ഭക്ഷണശാലകള്‍ പ്രവര്‍ത്തിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it