thrissur local

ജില്ലയില്‍ വായ്പാ-നിക്ഷേപ അനുപാതം താഴേക്കെന്ന് ബാങ്കിങ് അവലോകന സമിതി

തൃശൂര്‍: വായ്പാ നിക്ഷേപ അനുപാതം ജില്ലയില്‍ കഴിഞ്ഞ ഏപ്രില്‍ 1 മുതല്‍ സപ്തംബര്‍ 30 വരെയുള്ള കാലയളവില്‍ 5. 22 ശതമാനം കുറവ് രേഖപ്പെടുത്തിയതായി ജില്ലാതല ബാങ്കിങ് അവലോകന സമിതിയോഗം വിലയിരുത്തി. ഇതേ കാലയളവില്‍ 2013 ല്‍ നിക്ഷേപം 36702 കോടിയും വായ്പ 25180 കോടിയുമായിരുന്നു. 2014 ല്‍ 43126 കോടിയുടെ നിക്ഷേപവും 29753 കോടിയുടെ വായ്പയുമാണ് ജില്ലയിലെ ബാങ്കുകളില്‍ ഉണ്ടായത്.
2015 സെപ്തംബറില്‍ നിക്ഷേപം 50651 കോടിയും വായ്പ 32309 കോടിയുമായി ഉയര്‍ന്നു. 2014 ല്‍ വായ്പാ നിക്ഷേപ അനുപാതം ഒരു ശതമാനം വര്‍ധന ഉണ്ടായെങ്കില്‍ 2015 ല്‍ 5.22 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. നിക്ഷേപ വളര്‍ച്ചയ്ക്ക് അനുപാതികമായി വായ്പ അപേക്ഷ ലഭിക്കാത്തത് ബാങ്കിങ് മേഖലയ്ക്ക് അശ്വാസമല്ലെന്നും യോഗം വിലയിരുത്തി.
2015-16 സാമ്പത്തിക വര്‍ഷം സമ്പാദ്യ വളര്‍ച്ച 17 ശതമാനം കടന്നപ്പോള്‍ വായ്പ വളര്‍ച്ച 9 ശതമാനമേ നേടായാനുള്ളു. പട്ടികവിഭാഗക്കാര്‍, സഹകരണ സ്ഥാപനങ്ങള്‍, കോര്‍പറേഷനുകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, ദേശസാല്‍കൃത ബാങ്കുകള്‍, സര്‍വീസ് സഹകരണ ബാങ്കുകള്‍, കുടുംബശ്രീ യൂനിറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയിട്ടുള്ളതും 2006 ഏപ്രില്‍ മുതല്‍ 2014 മാര്‍ച്ച് വരെ കുടിശ്ശികയായിട്ടുള്ള ഒരു ലക്ഷം വരെയുള്ള വായ്പകള്‍ പലിശയും പിഴപലിശയും അടക്കം എഴുതിത്തള്ളും. കാര്‍ഷിക വായ്പ, വിദ്യാഭ്യാസ വായ്പ, സ്വയം തൊഴില്‍ വായ്പ, വിവാഹ ആവശ്യത്തിനുളള വായ്പ, സ്വര്‍ണ പണയത്തിന്‍മേലുള്ള കാര്‍ഷിക വായ്പ എന്നിവ എഴുതിത്തളളുന്നവയില്‍പ്പെടും.
കടാശ്വാസം പരിഗണിക്കുന്നതിന് വായ്പയുമായി ബന്ധപ്പെട്ട ബാങ്കിങ് രേഖ, റേഷന്‍ കാര്‍ഡിന്റെ പതിപ്പ്, ജാതി സര്‍ട്ടിഫിക്കറ്റ്, ടിഇഒ യുടെ സാക്ഷ്യപത്രം എന്നിവ സഹിതം പട്ടികജാതി പട്ടിക വര്‍ഗ വികസന കോര്‍പറേഷന് അപേക്ഷ സമര്‍പ്പിക്കണം.
വായ്പാ തുക, മുതല്‍, പലിശ, പിഴപലിശ എന്നിവയുള്‍പ്പടെ കുടിശിക ഒരു ലക്ഷത്തില്‍ കൂടുതലാണെങ്കില്‍ അപേക്ഷകന്‍ അധിക തുക ധനകാര്യ സ്ഥാപനത്തില്‍ അടച്ചു തീര്‍ത്ത് തെളിവ് ഹാജരാക്കുന്ന പക്ഷം അവശേഷിക്കുന്ന ഒരു ലക്ഷം രൂപയ്ക്ക് ഇളവ് ലഭിക്കും.
സന്‍സദ് ആദര്‍ശ് ഗ്രാമയോജന പദ്ധതിയിലുള്ള ജില്ലയിലെ ആദര്‍ശ ഗ്രാമങ്ങളായ കോടശ്ശേരിയും താന്ന്യവും വിജയത്തിലെത്തിക്കുവാന്‍ എല്ലാവരുടെയും കൂട്ടായ സഹകരണവും യോഗം ആവശ്യപ്പെട്ടു.ഹോട്ടല്‍ പൂരം ഇന്റര്‍നാഷനലില്‍ നടത്തിയ അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ. എ കൗശിഗന്‍ അധ്യക്ഷത വഹിച്ചു.
റിസര്‍വ് ബാങ്ക് ലീഡ് ഡിസ്ട്രിക്ട് ഓഫിസര്‍ എംഎസ് പ്രവീണ്‍, ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ അന്നമ്മ സൈമണ്‍, കാനറാ ബാങ്ക് ഏറണാകുളം സര്‍ക്കിള്‍ ഡിജിഎം മായ ജി കെ , അഡീഷനല്‍ ജനറല്‍ മാനേജര്‍ എം കെ രവികൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
2015 സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ ജില്ലയിലെ ബാങ്കുകള്‍ 6519 കോടി വായ്പ നല്‍കി. മുന്‍ഗണന വിഭാഗത്തില്‍ 5474 കോടിയും കാര്‍ഷിക വിഭാഗത്തില്‍ 2471 കോടിയും എംഎസ്എംഇ വിഭാഗത്തില്‍ 1055 കോടിയുമാണ് നല്‍കിയത്.
Next Story

RELATED STORIES

Share it