kasaragod local

ജില്ലയില്‍ വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണം നിര്‍ത്തിവച്ചു

കാസര്‍കോട്: പുഴകളും തോടുകളും വറ്റി വരണ്ടതോടെ സാധാരണക്കാര്‍ക്ക് കുടിവെള്ളം എത്തിക്കേണ്ട വാട്ടര്‍ അതോറിറ്റി കുടിവെള്ള വിതരണം നിര്‍ത്തിവച്ചു. ഇതോടെ ആയിരക്കണക്കിന് ആളുകള്‍ ദുരിതത്തിലായി. കാസര്‍കോട് നഗരത്തിലും പരിസരങ്ങളിലും കുടിവെള്ള വിതരണം നടത്തുന്ന ബാവിക്കരയില്‍ വെള്ളം ക്രമാതീതമായി കുറഞ്ഞതാണ് ജലവിതരണം നിര്‍ത്തിവയ്ക്കാന്‍ കാരണമെന്ന് വാട്ടര്‍ അതോറിറ്റി വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയായി ശുദ്ധജലത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുകയാണ്. പല ഉപഭോക്താക്കളും സ്വന്തമായി ടാങ്കറില്‍ ജലം എത്തിച്ചാണ് ദൈനംദിനാവശ്യം നിര്‍വഹിക്കുന്നത്.
ഈ വര്‍ഷം ബാവിക്കരയില്‍ താല്‍ക്കാലിക തടയണ നിര്‍മിക്കാത്തതിനാല്‍ വേനല്‍ക്കാല ആരംഭത്തില്‍ തന്നെ ജനങ്ങള്‍ക്ക് ഉപ്പുവെള്ളമാണ് വാട്ടര്‍ അതോറിറ്റി നല്‍കിയത്. പുഴയില്‍ ജലാംശം കുറഞ്ഞതോടെ ഇത് 36 മടങ്ങായി വര്‍ദ്ധിച്ചിരുന്നു. ജലത്തില്‍ അനുവദനീയമായ ഉപ്പിന്റെ അംശം 250 മില്ലിഗ്രാം ആണെങ്കില്‍ കാസര്‍കോട് ഇത് 9000 മില്ലിഗ്രാമായി വര്‍ധിച്ചിരുന്നു. ലോകാരോഗ്യ സംഘടന കുടിവെള്ളത്തില്‍ അനുവദിക്കുന്ന പരമാവധി അളവ് 1000 മില്ലിഗ്രാമാണ്. ഇത് ദോഷകരമാവില്ലെന്നാണ് ജല അതോറിറ്റിയുടെ നിലപാട്. പുഴയില്‍ വെള്ളം വറ്റി തുടങ്ങിയതിനാല്‍ ഉപ്പുവെള്ളം വിതരണം ചെയ്താല്‍ ഗുരുതരമായ പ്രശ്‌നം ഉണ്ടാവുമെന്ന് കണ്ടെത്തിയതിനാലാണ് വാട്ടര്‍ അതോറിറ്റി ജലവിതരണം പൂര്‍ണമായി നിര്‍ത്തിവച്ചത്. കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ സ്ഥാപിച്ച 69 ജലകിയോസ്‌ക്കുകളില്‍ ജല അതോറിറ്റി വെള്ളം നിറയ്ക്കുന്നുണ്ട്.
ബിആര്‍ഡിസി കുടിവെള്ള പദ്ധതിയില്‍ നിന്നാണ് ഇതിലേക്ക് വെള്ളം നിറയ്ക്കുന്നത്. 1000 ലിറ്റര്‍ സംഭരണ ശേഷിയുള്ളതാണ് കിയോസ്‌ക്കുകള്‍. ഇതിന്റെ പുറത്ത് മൊബൈല്‍ നമ്പറുകള്‍ എഴുതിയിട്ടുണ്ട്. ഇതില്‍ വിളിച്ചാല്‍ ഉടന്‍ വെള്ളം നിറയ്ക്കുമെന്ന് ജലഅതോറിറ്റി അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതും പലയിടങ്ങളിലും നടക്കാറില്ല. പുഴകളില്‍ ജലവിതാനം താഴ്ന്നതിനെ തുടര്‍ന്ന് എന്‍മകജെ, വോര്‍ക്കാടി കുടിവെള്ള പദ്ധതികളിലും ജല അതോറിറ്റിയുടെ പമ്പിങ് നിര്‍ത്തിയിരുന്നു.
പുഴകളും കിണറുകളും വരണ്ടതോടെ ടാങ്കറില്‍ കുടിവെള്ളം എത്തിക്കാന്‍ നീരുറവയുള്ള 22 പോയന്റുകളാണ് ജല അതോറിറ്റി കണ്ടെത്തിയിരുന്നത്. 22 പോയന്റുകളില്‍ ഇപ്പോള്‍ ഒമ്പതെണ്ണം മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളു. 13 പോയന്റുകള്‍ ഉപേക്ഷിച്ചു. വെള്ളത്തിന്റെ അളവ് കുറഞ്ഞു വരുന്നു എന്നതിനേക്കാള്‍ കുടിവെള്ളം കൊണ്ടുപോവുന്നതിനുള്ള തടസ്സമാണ് പോയിന്റുകള്‍ ഉപേക്ഷിച്ചതിന് കാരണം. ജില്ലയില്‍ 78 ചെറിയ സ്‌കീമുകളും എട്ട് വലിയ സ്‌കീമുകളുമാണുള്ളത്. ഇതിന്റെ ഭൂരിഭാഗം സ്രോതസ്സുകളും വറ്റി. ഇന്ന് സ്‌കൂള്‍ തുറക്കുന്നതോടെ വിദ്യാലയങ്ങളിലും ജലക്ഷാമം അനുഭവപ്പെടും. ടാങ്കില്‍ വെള്ളം സംഭരിച്ച് വിതരണം ചെയ്യാനുള്ള സംവിധാനം മിക്ക സ്‌കൂളുകള്‍ക്കും ഇല്ല. നഗരത്തിലെ സ്‌കൂളുകളെല്ലാം വാട്ടര്‍ അതോറിറ്റിയുടെ കണക്ഷനില്‍ നിന്നാണ് വെള്ളം ശേഖരിക്കുന്നത്. വേനല്‍മഴ കാര്യമായി ലഭിക്കാത്തിനാല്‍ ജില്ലയിലെ മലയോര പഞ്ചായത്തുകളില്‍ ശുദ്ധജല ക്ഷാമം രൂക്ഷമാണ്. കാര്‍ഷിക മേഖലയും കരിഞ്ഞുണങ്ങുകയാണ്.
ഒരു ടാങ്ക് വെള്ളത്തിന് ആയിരം രൂപയോളമാണ് ഈടാക്കുന്നത്. എന്നാല്‍ സാധാരണക്കാര്‍ക്ക് പണം നല്‍കി ജലം വാങ്ങാനുള്ള കഴിവുമില്ല. ജില്ലാ ഭരണകൂടം ടാങ്കര്‍ ലോറികളില്‍ വെള്ളം വിതരണം ചെയ്യുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഇതും പ്രഹസനമാവുകയായിരുന്നു. മൈലാട്ടിയിലെ വാട്ടര്‍ ടാങ്കില്‍ നിന്നാണ് കാറഡുക്ക, മുളിയാര്‍ പഞ്ചായത്തുകളിലേക്ക് ലോറികളില്‍ ജലം കൊണ്ടുപോയിരുന്നത്. ഒരു ലോറിക്ക് 6000 രൂപ വീതമാണ് നല്‍കിയത്. ഇതില്‍ ചില മധ്യവര്‍ത്തികള്‍ ഇടപെട്ട് കമ്മീഷന്‍ പറ്റിയതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it