kannur local

ജില്ലയില്‍ വരള്‍ച്ച നേരിടാന്‍ ഊര്‍ജിത നടപടികള്‍

കണ്ണൂര്‍: ജില്ലയില്‍ സംസ്ഥാനത്തെ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തുകയും വരള്‍ച്ചയുടെ തുടക്കം കണ്ടുതുടങ്ങുകയും ചെയ്തതിനെ തുടര്‍ന്ന് വരള്‍ച്ച നേരിടാന്‍ ഒരുക്കങ്ങള്‍ തുടങ്ങി. കലക്ടറേറ്റില്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ സി ജോസഫിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
കഴിഞ്ഞവര്‍ഷം വരള്‍ച്ചാ ദുരിതാശ്വാസ നടപടിയുടെ ഭാഗമായി 41 കുഴല്‍ക്കിണറുകള്‍ ഉണ്ടാക്കുകയും നിലവിലുള്ളവ നന്നാക്കുകയും 117 കുടിവെള്ള സ്രോതസ്സുകള്‍ നവീകരിക്കുകയും ചെയ്തതായി ജില്ലാകലക്ടര്‍ പി ബാലകിരണ്‍ യോഗത്തി ല്‍ പറഞ്ഞു. 3.61 കോടി രൂപ ചെലവഴിച്ച് പൈപ്പ്‌ലൈനുകള്‍ നന്നാക്കിയിട്ടുണ്ട്.
സര്‍ക്കാരിന്റെ ഓപറേഷന്‍ അനന്ത പദ്ധതിയുടെ ഭാഗമായി ചെട്ട്യാര്‍കുളം, വലിയകുളം, ആനക്കുളം തുടങ്ങിയവ ഇപ്പോള്‍ പുനരുദ്ധരിച്ചെടുത്തതും ഒരു ലക്ഷംരൂപ വീതം ചെലവഴിച്ച് പ്രാദേശിക കുളങ്ങള്‍ നവീകരിച്ചെടുത്തതും വലിയ നേട്ടമാണെന്നും കലക്ടര്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ ഉദ്യോഗസ്ഥതല യോഗവും തുടര്‍ന്ന് ജനപ്രതിനിധികളുടെ യോഗവും ചേര്‍ന്ന് വരള്‍ച്ചാ ദുരിതാശ്വാസ നടപടികള്‍ ഊര്‍ജിതമാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മന്ത്രി കെസി ജോസഫ് യോഗത്തില്‍ അറിയിച്ചു.
ചൂടുകൂടി വരുന്നതിനാല്‍ ഒരുക്കങ്ങള്‍ നേരത്തേ ആരംഭിക്കണം. ജലലഭ്യതക്കായി ഹ്രസ്വകാല-ദീര്‍ഘകാല പദ്ധതികള്‍ ആസൂത്രണം ചെയ്യണം. ജല അതോറിറ്റി, ഗ്രൗണ്ട് വാട്ടര്‍, റവന്യൂ വകുപ്പ് എന്നിവയുടെ സംയുക്ത നടപടികളാണ് അനിവാര്യമെന്നും മന്ത്രി പറഞ്ഞു. ടാങ്കര്‍ ലോറികള്‍ ഉപയോഗിച്ച് കോണ്‍ട്രാക്റ്റര്‍മാരെ ഉപയോഗപ്പെടുത്തി പ്രാദേശികതലങ്ങളില്‍ ജലവിതരണത്തിന് നടപടി ഉണ്ടാകണം. അടിയന്തര സാഹചര്യം പരിഗണിച്ചുകൊണ്ടുള്ള വകുപ്പുതല ഏകോപനം നേരത്തേ കൈക്കൊള്ളണം. ജല അതോറിറ്റിയുടെ ഭാഗമായുള്ള 117 പദ്ധതികളില്‍ 110 എണ്ണം പൂര്‍ത്തിയാവുകയും 4 എണ്ണം പൂര്‍ത്തീകരണത്തിലുമാണെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. വോള്‍ട്ടേജ് പ്രശ്‌നം ചിലയിടങ്ങളില്‍ ബാധിക്കുന്നത് പരിഹരിക്കണം. ഇത് പരിശോധിച്ച് നടപടിയെടുക്കാമെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.
ജപ്പാന്‍ കുടിവെള്ള പദ്ധതി വഴി കുറേപേര്‍ക്ക് കൂടി കുടിവെള്ളം ലഭ്യമാക്കാന്‍ പൈപ്പ്‌ലൈ ന്‍ സംവിധാനം വിപുലീകരിക്കണമെന്ന് ജല അതോറിറ്റി തളിപ്പറമ്പ് ഡിവിഷന്‍ എന്‍ജിനീയര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ആവശ്യമായ നടപടി ആലോചിക്കാമെന്ന് കലക്ടര്‍ മറുപടി നല്‍കി. മടമ്പം റഗുലേറ്റര്‍, അഞ്ചരക്കണ്ടി-മുടപ്പത്തൂര്‍ ചെക്ക്ഡാം എന്നിവ വഴി ജലവിതരണം നടത്തുന്നുണ്ടെന്ന് മൈനര്‍ ഇറിഗേഷന്‍ എന്‍ജിനീയര്‍ പറഞ്ഞു. സൂര്യാഘാതത്തിനെതിരേ ബോധവല്‍ക്കരണത്തിന് പ്രത്യേക ഉത്തരവ് ഇറക്കുമെന്ന് കലക്ടര്‍ പറഞ്ഞു. ഇതിന് ആരോഗ്യവകുപ്പ് ജാഗ്രത പുലര്‍ത്തണം. ജില്ലയില്‍ വാട്ടര്‍ കിയോസ്‌കുകളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്ന് തഹസില്‍ദാര്‍മാര്‍ അറിയിച്ചു. അടിയന്തര അവലോകന യോഗ—ത്തില്‍ മന്ത്രി കെ സി ജോസഫ് അധ്യക്ഷത വഹിച്ചു.
കലക്ടര്‍ പി ബാലകിരണ്‍, സബ് കലക്ടര്‍ നവ്‌ജ്യോത് ഖോസ, എഡിഎം എച്ച് ദിനേശന്‍, ജല അതോറിറ്റി, കെഎസ്ഇബി, ഇറിഗേഷന്‍ അധികൃതരും തഹസില്‍ദാര്‍മാരും പങ്കെടുത്തു.
Next Story

RELATED STORIES

Share it