malappuram local

ജില്ലയില്‍ വനിതാ സ്ഥാനാര്‍ഥികള്‍ 12 എണ്ണം മാത്രം; സ്ത്രീ വോട്ടര്‍മാര്‍ പതിനഞ്ചര ലക്ഷം

പൊന്നാനി: 145 സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്ന ജില്ലയിലെ 16 മണ്ഡലത്തിലായി ആകെയുള്ളത് 12 സ്ത്രീ സ്ഥാനാര്‍ഥികള്‍ മാത്രം. ജില്ലയില്‍ പുരുഷന്മാരേക്കാള്‍ കൂടുതലുള്ളത് സ്ത്രീ വോട്ടര്‍മാരാണ്. 15,43,041 സ്ത്രീവോട്ടര്‍മാരാണ് ജില്ലയിലുള്ളത്. പുരുഷ വോട്ടര്‍മാരാവട്ടെ 14,90,823 പേരും.
കൊണ്ടോട്ടി മണ്ഡലത്തില്‍ പ്രധാന രാഷ്ട്രിയപ്പാര്‍ട്ടികളോ ചെറുപാര്‍ട്ടികളിലോ വനിതാ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടില്ല. ആകെയുള്ളത് സ്വതന്ത്രയാണ്. ഏറനാട് മണ്ഡലത്തിലും ഇതുതന്നെയാണ് സ്ഥിതി. ചപ്പാത്തി റോളര്‍ ചിഹ്നത്തില്‍ മല്‍സരിക്കുന്ന ഒരാള്‍ മാത്രമാണ് ഈ മണ്ഡലത്തിലെ ഏക വനിതാ സ്ഥാനാര്‍ഥി. നിലമ്പൂര്‍ മണ്ഡലത്തില്‍ ഒരൊറ്റ വനിതാ സ്ഥാനാര്‍ഥി പോലുമില്ല. ജില്ലയില്‍ ഏറ്റവും കുറവ് സ്ഥാനാര്‍ഥികള്‍ ഉള്ളതും നിലമ്പൂരാണ്. നാലുപേര്‍ മാത്രം. വണ്ടൂര്‍ മണ്ഡലത്തില്‍ പ്രധാന പാര്‍ട്ടികളൊന്നും വനിതകള്‍ക്ക് ടിക്കറ്റ് നല്‍കിയില്ലെങ്കിലും ബിജെപിക്ക് വേണ്ടി ഒരു വനിതാ സ്ഥാനാര്‍ഥിയുണ്ട്.
മഞ്ചേരി മണ്ഡലത്തില്‍ ഒരു വനിതാ സ്ഥാനാര്‍ഥി പോലുമില്ല. മങ്കടയിലും വേങ്ങരയിലും വള്ളിക്കുന്നിലും തിരൂരിലും തവനൂരിലും സമാന സ്ഥിതിയാണ്. പേരിന് പോലും ഒരു വനിതാ സ്ഥാനാര്‍ഥി ഇല്ല എന്ന് ചുരുക്കം. പെരിന്തല്‍മണ്ണയില്‍ എസ്ഡിപിഐക്കുവേണ്ടി സുനിയാ സിറാജ് മല്‍സരിക്കുന്നുണ്ട്. മലപ്പുറം മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ഥി വനിതയാണ്. വെല്‍ഫെയര്‍ പാര്‍ട്ടിക്കും വനിത തന്നെയാണ് രംഗത്ത്. രണ്ട് വനിതാ സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്ന അപൂര്‍വം മണ്ഡലങ്ങളിലൊന്നാണ് മലപ്പുറം.
തിരൂരങ്ങാടിയില്‍ ബിജെപി, വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ വനിതകളാണ്. താനൂരിലും ബിജെപിയില്‍ നിന്ന് വനിതാ സ്ഥാനാര്‍ഥിയാണ്. പൊന്നാനിയില്‍ സ്വതന്ത്രയായി ഒരു വനിത മല്‍സരിക്കുന്നുണ്ട്. കോട്ടക്കല്‍ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് വനിത മല്‍സരിക്കുന്നത്. ജില്ലയില്‍ ബിജെപിയും വെല്‍ഫെയര്‍ പാര്‍ട്ടിയും എസ്ഡിപിഐയും സിപിഐയും വനിതകള്‍ക്ക് ടിക്കറ്റ് നല്‍കിയിട്ടുണ്ട്. വിജയസാധ്യതയുള്ള ഒരിടത്തും പ്രധാന കക്ഷികള്‍ വനിതകള്‍ക്ക് മല്‍സരിക്കാന്‍ അവസരം നല്‍കിയിട്ടില്ല.
Next Story

RELATED STORIES

Share it