Idukki local

ജില്ലയില്‍ ലോട്ടറി വില്‍പനയില്‍ വീഴ്ച : ലോട്ടറി ഓഫിസര്‍, അസി. ഓഫിസര്‍ എന്നിവര്‍ക്ക് സസ്‌പെന്‍ഷന്‍



തൊടുപുഴ: ലോട്ടറി വില്‍പ്പനയില്‍ അശ്രദ്ധമൂലം സമ്മാന ടിക്കറ്റുകള്‍ക്ക് പണം നല്‍കാനാവാതെ പോയ സംഭവത്തില്‍ ജില്ലാ ലോട്ടറി ഓഫിസര്‍,അസി. ലോട്ടറി ഓഫിസര്‍ എന്നിവരെ സസ്‌പെന്റ് ചെയ്തു. ജില്ലാ ലോട്ടറി ഓഫിസര്‍ സുചിത്ര കൃഷ്ണന്‍, അസി ഓഫിസര്‍ വിജയകുമാര്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. വിജയകുമാര്‍ ഈ മാസം 30ന് സര്‍വീസില്‍ നിന്നും വിരമിക്കാനിരിക്കുകയാണ്. സംഭവം ഇങ്ങനെ:  കഴിഞ്ഞ ആഴ്ചയില്‍ നറുക്കെടുപ്പ് നടന്ന വിന്‍വിന്‍ ലോട്ടറിയുടെ 5000ടിക്കറ്റുകള്‍ തൊടുപുഴയിലെ ഒരു ഹോല്‍ സെയില്‍ ഏജന്‍സി ജില്ലാ ഓഫിസില്‍ നിന്നും വാങ്ങിച്ചു. പണം അടച്ചിട്ട് പോയി പിന്നീട് വന്ന് വാങ്ങുകയാണ് ചെയ്യുന്നത്.ഓഫിസില്‍ 5000 ടിക്കറ്റുകള്‍ എണ്ണിക്കെട്ടിവച്ചിരുന്നു.എന്നാല്‍ ഹോള്‍ സെയില്‍ ഏജന്‍സിയില്‍ നിന്നെത്തിയ ജീവനക്കാരന്‍ തിക്കുപിടിച്ച് അവിടെ വില്‍ക്കാതെ പോയെന്നു നോട്ട് ചെയ്ത് വച്ചിരുന്ന 5000 ടിക്കറ്റുകളാണ് എടുത്തുകൊണ്ടുപോയത്.ലോട്ടറിയെടുത്തുവെന്ന വിവരം ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തു.  എന്നാല്‍ ഇയാള്‍ക്കായി എടുത്തുവെച്ചതാണോ കൊണ്ടുപോയത് എന്നു നോക്കി നമ്പരുകള്‍ കംപ്യൂട്ടറില്‍ രേഖപ്പെടുത്തുകയോ ക്രോസ്‌ചെക്ക് ചെയ്യുകോ ഉണ്ടായില്ല.ഫലത്തില്‍ സര്‍ക്കാര്‍ രേഖയില്‍ വില്‍ക്കാതെ പോയെന്നു രേഖപ്പെടുത്തിയ ടിക്കറ്റുകള്‍ ജില്ലാഓഫിസില്‍ നിന്നും വിറ്റുപോയി.ടിക്കറ്റ് എറണാകുളം ,ആലപ്പുഴ ജില്ലകളിലേക്ക് ചില്ലറ വില്‍പ്പനയ്ക്കായി കൊണ്ടുപോവുകയും ചെയ്തു. അതിനിടെ,ടിക്കറ്റ് മാറിയ വിവരം അറിഞ്ഞെന്നും ഇക്കാര്യം അപ്പോള്‍ത്തന്നെ ലോട്ടറി ഓഫിസില്‍ വിളിച്ചു പറഞ്ഞെന്നും ലോട്ടറി ഏജന്റ് പറയുന്നു.അണ്‍ സോള്‍ഡ് വിഭാഗത്തില്‍ നിന്നും മാറ്റണമെന്നും ആവശ്യപ്പെട്ടിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. എന്നാല്‍ അത് ചെയ്യുന്നതില്‍ വീഴ്ചവരുത്തി. പിറ്റേന്ന് ഈ ലോട്ടറിക്ക് ഒന്നരലക്ഷത്തോളം രൂപ പല ജില്ലകളിലായി സമ്മാനവും അടിച്ചു. സമ്മാന ടിക്കറ്റുകളുമായി വന്നവര്‍ക്ക് ഈ ടിക്കറ്റ് വില്‍ക്കാത്തതാണ് എന്ന വിവരമാണ് കംപ്യൂട്ടറില്‍ നിന്നും ലഭിച്ചത്.ഇത് പലയിടത്തും ഒച്ചപ്പാടുകള്‍ക്കിടയാക്കി. സംസ്ഥാനത്ത് വ്യാജലോട്ടറികള്‍ വ്യാപകമെന്ന പ്രചാരണവുമുണ്ടായി.ഇതോടെ ലോട്ടറി ഏജന്റ് ഇടുക്കി ജില്ലാ ലോട്ടറി ഓഫിസിനെതിരെ തൊടുപുഴ പോലിസില്‍ പരാതിയും നല്‍കി. ഇതിനിടെ ടിക്കറ്റ് വില്‍പ്പനയില്‍ പിഴവ് പറ്റിയതിനെക്കുറിച്ചന്വേഷിക്കാന്‍ ധനമന്ത്രി ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡ്യൂട്ടിയില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്. മറ്റു രണ്ടു ജീവനക്കാര്‍ക്കെതിരെ കൂടി നടപടി ഉണ്ടായേക്കുമെന്നാണ് അറിയുന്നത്.
Next Story

RELATED STORIES

Share it