kasaragod local

ജില്ലയില്‍ ലഹരിമോചന ചികില്‍സാകേന്ദ്രം തുടങ്ങും

കാസര്‍കോട്: ജില്ലയിലെ ആദ്യ ലഹരി മോചന ചികില്‍സാകേന്ദ്രം പ്രവര്‍ത്തനം തുടങ്ങുന്നു. നീലേശ്വരം താലൂക്ക് ആശുപത്രിയിലാണ് ചികില്‍സാകേന്ദ്രം പ്രവര്‍ത്തനമാരംഭിക്കുക. ഇതിനായി ആശുപത്രിയിലെ പുതിയ ബ്ലോക്കില്‍ കെട്ടിടനിര്‍മാണം പുരോഗമിക്കുകയാണ്. സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുടെ ഭാഗമായി 14 ജില്ലകളില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ലഹരി മോചന ചികില്‍സാകേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ജില്ലയില്‍ നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ ചികില്‍സാകേന്ദ്രം തുടങ്ങുന്നത്.
കേന്ദ്രം തുടങ്ങുന്നതിന് തല്‍ക്കാലികമായി ആശുപത്രിയിലെ പഴയ കെട്ടിടത്തില്‍ സൗകര്യം അനുവദിച്ചുകിട്ടിയിട്ടുണ്ട്. പുതിയ കെട്ടിടത്തിന്റെ പ്രവൃത്തിയും വൈദ്യുതീകരണവും പൂര്‍ത്തിയാവുന്ന മുറയ്ക്ക് അവിടേയ്ക്ക് മാറ്റും. ഒരു അസിസ്റ്റന്റ്് സര്‍ജന്‍, ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, മൂന്ന് സ്റ്റാഫ് നേഴ്‌സ്, ഒരു സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ എന്നിവരുടെ സേവനം ലഭ്യമാകും. ചികില്‍സാകേന്ദ്രത്തിലേക്കായി 14 ജില്ലകളിലും 84 തസ്തികകള്‍ സൃഷ്ടിച്ചും മൂന്ന് സുരക്ഷാ ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവരെ പുറത്തുനിന്ന് നിയമിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ആവശ്യമായ ഫര്‍ണിച്ചറുകള്‍ വിതരണം ചെയ്യുന്നതിന് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനെയും ചുമതലപ്പെടുത്തി. ലഭ്യമായ സൗകര്യം ഉപയോഗപ്പെടുത്തി ഒക്ടോബറില്‍ തന്നെ ചികില്‍സാകേന്ദ്രത്തിന്റെ ഉദ്ഘാടനം നടത്തുമെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമീഷണര്‍ പി ബാലകൃഷ്ണന്‍ അറിയിച്ചു. മദ്യത്തിന്റെയും മറ്റ് ലഹരി വസ്തുക്കളുടെയും ഉപഭോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ലഹരിക്കടിമയായവരെ ശാസ്ത്രീയമായ ചികില്‍സയിലൂടെയും കൗണ്‍സിലിങിലൂടെയും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനും അതുവഴി ആരോഗ്യമുള്ള കുടുംബങ്ങളെയും സമൂഹത്തെയും സൃഷ്ടിക്കുക എന്നതുമാണ് ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം എക്‌സൈസ് ആസ്ഥാന കാര്യാലയത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന കൗണ്‍സിലിങ് സെന്ററില്‍ ടെലിഫോണ്‍ മുഖാന്തരവും നേരിട്ടും കൗണ്‍സിലിങ് സേവനവും ലഭ്യമാണ്. ഫോണ്‍: 9400022100, 940003310 0. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ കോഓഡിനേറ്റര്‍ എന്‍ ജി രഘുനാഥന്‍, എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ എന്‍ കെ ബാബുകുമാര്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it