thiruvananthapuram local

ജില്ലയില്‍ ലക്ഷങ്ങളുടെ പൊതുമുതല്‍ നാശോന്മുഖമെന്ന് ഓഡിറ്റ് റിപോര്‍ട്ട്

തിരുവനന്തപുരം: വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് തദ്ദേശസ്ഥാപനങ്ങള്‍ ആര്‍ജിച്ച ആസ്തികളില്‍ പൊതുജനോപകാരപ്രദമല്ലാത്തവയുടെ കണക്കെടുത്തപ്പോള്‍ ലക്ഷങ്ങളുടെ നിഷ്‌ക്രിയാസ്തിയെന്ന് ഓഡിറ്റ് റിപോര്‍ട്ട്. പരിപാലനം, നടത്തിപ്പ് എന്നിവയുടെ വീഴ്ച്ച മൂലമാണ് വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ പൊതുമുതല്‍ നാശോന്മുഖമാകുന്നത്.
കിളിമാനുര്‍ ഗ്രാമപഞ്ചായത്ത് പോങ്ങനാട് മാര്‍ക്കറ്റില്‍ 2008 ല്‍ പണി തുടങ്ങിയ ജൈവ മാലിന്യ പ്ലാന്റിന്റെ ആദ്യ ഘട്ടം മാത്രമാണ് പൂര്‍ത്തിയായത്. 5 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ലഭിക്കാത്തതിനാല്‍ പദ്ധതി നിഷ്‌ക്രിയമായി കിടക്കുകയാണ്. നെയ്യാറ്റിന്‍കര നഗരസഭാ കേന്ദ്രാവിഷ്‌കൃക പദ്ധതിയില്‍ നിന്നും 9.72 ലക്ഷം ചിലവിട്ട് നിര്‍മിച്ച ബയോഗ്യാസ് പ്ലാന്റിന്റെ നിര്‍മാണം 2013 ല്‍ പൂര്‍ത്തിയായി. എന്നാല്‍ ഇതുവരെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ഉഴമലക്കല്‍ ഗ്രാമപഞ്ചായത്ത് 96ല്‍ 3 ലക്ഷം രൂപയ്ക്ക് നിര്‍മിച്ച തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഒരു വിധ പരിശീലനവും നടക്കുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആറ്റിങ്ങല്‍ നഗരസഭ പ്രൈവറ്റ് ബസ് സ്റ്റാന്റ് മാമത്തേക്ക് മാറ്റി സ്ഥാപിക്കുവാന്‍ 2005 ല്‍ 9.54 ലക്ഷം മുടക്കി കെട്ടിടം പണി കഴിപ്പിച്ചു. എന്നാല്‍ വസ്തുവിന്റെ ഉടമസ്ഥതയെപറ്റി ആറ്റിങ്ങല്‍ മുനിസിപ്പല്‍ കോടതിയില്‍ കേസ് നിലവിലുള്ളതിനാല്‍ പദ്ധതി ലക്ഷ്യം കൈവരിച്ചില്ല.
സ്ഥലത്തിന്റെ ഉടമസ്ഥത , കൈവശരേഖ എന്നിവ പരിശോധിക്കാതെ പദ്ധതി നടപ്പാക്കിയതിനാല്‍ പത്തു വര്‍ഷമായി കെട്ടിടം അടഞ്ഞു കിടക്കുകയാമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആര്യനാട് ഗ്രാമ പഞ്ചായത്ത് 2003 ല്‍ നടപ്പാക്കിയ അല്ലനിയോട് മിച്ചഭുമി ലാട്ടര്‍ സപ്ലൈ സ്‌കീം നിഷ്‌ക്രിയാവസ്ഥയിലാണ്. 3.61 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവിട്ടത്. തദ്ദേശ സ്ഥാപനങ്ങള്‍ ലക്ഷക്കണക്കിന് രൂപ ചിലവിട്ട് നിര്‍മിച്ച മല്‍സ്യ മാര്‍ക്കറ്റുകള്‍ , ചന്തകള്‍, ഫിഷ് പ്രൊസസ്സിങ് സെന്ററുകള്‍ എന്നിവയില്‍ പലതും നിഷ്‌ക്രിയാസ്തികളായി മാറിയിട്ടുണ്ട്. ശരിയായ ആസുത്രണത്തിന്റേയും ദീര്‍ഘ വീക്ഷണത്തിന്റേയും അഭാവമാണ് അത്തരം പദ്ധതികളുടെ പരാജയത്തിന് കാരണമെന്ന് റിപ്പാര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പുതിയ അറവു ശാലകള്‍ സ്ഥാപിക്കുവാനും നിലവിലുള്ളവ നവീകരിക്കാനും വന്‍ തുകകളാണ് തദ്ദേശ സ്ഥാപനങ്ങള്‍ ചെലവുടുന്നത്. വക്കം ഗ്രാമപഞ്ചായത്ത് 2007 ല്‍ 4.03 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മിച്ച അറവുശാലക്ക് 2012 ല്‍ 2.18 ലക്ഷം രൂപ ചിലവില്‍ നവീകരണവും നടത്തി. എന്നാല്‍ ഇതുവരെ അറവുശാല പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ഉഴമനക്കല്‍ ഗ്രാമപഞ്ചായത്ത് 2011ല്‍ 7 ലക്ഷം രുപ മുടക്കി ഫാമിലി വെല്‍ഫയര്‍ സെന്റര്‍ നിര്‍മിച്ചു. നിലവില്‍ സെന്റര്‍ അടച്ചിട്ട നിലയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പദ്ധതി നടപ്പാക്കുന്നതില്‍ ആസൂത്രണത്തിന്റേയും സാധ്യതാ പഠനത്തിന്റേയും അഭാവവും തുടര്‍ നടപടികള്‍ കൈക്കൊള്ളുന്നതിലെ കാലതാമസവുമാണ് ആസ്തികള്‍ നിഷ്‌ക്രിയമാവുന്നതിന്റെ മുഖ്യ കാരണങ്ങളായി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ആസ്തികള്‍ പ്രയോജനപ്പെടുത്തുന്നതില്‍ ജനപ്രതിനിധികളിടേയും ഉദ്യോഗസ്ഥരുടേയും ഭാഗത്തു നിന്നും വീഴ്ച്ചയുണ്ടാവുന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
Next Story

RELATED STORIES

Share it