kozhikode local

ജില്ലയില്‍ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തി തിങ്കളാഴ്ച തുടങ്ങും

കോഴിക്കോട്: ജില്ലയില്‍ മഴക്കെടുതിയില്‍ തകര്‍ന്ന പൊതുമരാമത്ത് റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ തിങ്കളാഴ്ച ആരംഭിക്കുന്നതിന് ജില്ലാ വികസന സമിതിയോഗത്തില്‍ തീരുമാനം. റോഡ് നിര്‍മാണത്തിന് അസംസ്—കൃത വസ്തുക്കളുടെ ക്ഷാമം കണക്കിലെടുത്ത് മഴയെ തുടര്‍ന്ന് നിര്‍ത്തിവെച്ച ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്നതിനും യോഗം അനുമതി നല്‍കി.
ദേശീയപാത ബൈപ്പാസുകളുടെ പുനരുദ്ധാരണം ബുധനാഴ്ചയും ആരംഭിക്കും. മഴക്കെടുതിയില്‍ എല്ലാം നഷ്ടമായവര്‍ക്ക് വീട്ടുപകരണങ്ങള്‍ നല്‍കാന്‍ സ്‌നേഹപൂര്‍വ്വം കോഴിക്കോട് എന്ന പദ്ധതി ആരംഭിച്ചതായും പൊതുജനങ്ങളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും യോഗത്തില്‍ ജില്ലാ കലക്ടര്‍ യു വി ജോസ് അറിയിച്ചു.
പൂര്‍ണമായും തകര്‍ന്നതും ആള്‍ താമസമില്ലാത്തതുമായ 27 വീടുകള്‍ ഒഴിച്ച് ബാക്കിയുള്ള മുഴുവന്‍ വീടുകളില്‍ വൈദ്യുതീകരണം പൂര്‍ത്തിയാക്കയി. ലാന്റ് അക്വിസിഷന്‍ സംബന്ധിച്ച് ധവളപത്രം നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ തയ്യാറാക്കാന്‍ തീരുമാനമായി. കൊയിലാണ്ടി ഹാര്‍ബറില്‍ കടല്‍ഭിത്തി പുനസ്ഥാപിക്കുന്നതിനും മഴക്കെടുതിയില്‍ തകര്‍ന്ന പുഴയോരങ്ങളില്‍ കരിങ്കല്‍ ഭിത്തി കെട്ടുന്നതിനും യോഗം തീരുമാനിച്ചു. വെള്ളക്കെട്ട് ഒഴിവാക്കി റോഡ് നിര്‍മാണം പുനരാരംഭിക്കാനും ദുരിത്വബാധിതരുടെ അപേക്ഷ പരിഗണിച്ച് മലയോര മേഖലയില്‍ ഉള്‍പ്പെടെ റേഷന്‍ കാര്‍ഡുകള്‍ കൊടുക്കുന്നതിനും നടപടിയായി.
തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് പരിഗണിച്ച് റേഷന്‍ കാര്‍ഡ് നല്‍കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് യോഗം നിര്‍ദേശം നല്‍കി. സാങ്കേതിക പ്രശ്‌നങ്ങളുടെ പേരില്‍ കാര്‍ഡ് നിഷേധിക്കരുതെന്നും റേഷന്‍ കാര്‍ഡ് അര്‍ഹത പെട്ടവര്‍ക്കെല്ലാം നല്‍കണമെന്നും മന്ത്രി പറഞ്ഞു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ കലക്ടര്‍ യു വി ജോസ് അധ്യക്ഷത വഹിച്ചു. മന്ത്രി ടി പി രാമകൃഷ്ണന്‍, എംഎല്‍എമാരായ വി കെ സി മമ്മദ് കോയ, സി കെ നാണു, എ പ്രദീപ് കുമാര്‍, ജോര്‍ജ് എം തോമസ്, കെ ദാസന്‍, പി ടി എ റഹീം, പുരുഷന്‍ കടലുണ്ടി, ഡോ.എം കെ മുനീര്‍, കാരാട്ട് റസാഖ്, ഇ കെ വിജയന്‍, സബ് കലക്ടര്‍ വി വിഘ്‌നേശ്വരി, ജില്ലാ പ്ലാനിങ് ഓഫീസര്‍ എം എ ഷീല, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it