malappuram local

ജില്ലയില്‍ റേഷന്‍ വിതരണം അവതാളത്തില്‍

പൊന്നാനി:റേഷന്‍ വിതരണം ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന ഇ- പോസ് മെഷീന്‍ ഇടയ്ക്കിടെ പണിമുടക്കുന്നത് റേഷന്‍ വിതരണം താളം തെറ്റിക്കുന്നു. ഇതോടെ  ജനങ്ങളാണ്  ദുരിതത്തിലായത്. അര്‍ഹതപ്പെട്ടവരെ പട്ടിണിയിലാക്കുന്ന വിധത്തിലാണ് ഇ-പോസിന്റെ സംവിധാനങ്ങള്‍.ആധാര്‍ ലിങ്ക് ചെയ്തിട്ടും വിരലടയാളം പതിയാതെ റേഷന്‍ വാങ്ങാന്‍ കഴിയാതെ തിരിച്ചു പോരുന്ന അവസ്ഥയുണ്ടാവുന്നു.പ്രായമായ ആളുകളുടെയും പതിനഞ്ച് വയസ്സിനു താഴെയുള്ളവരുടെയും വിരലടയാളം സ്‌കാനറില്‍ പതിയുന്നുമില്ല.
വൈകുന്നേരങ്ങളില്‍ ഉണ്ടാവുന്ന നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങളും ഇതുവരെ ശരിയായിട്ടില്ല. എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് റേഷന്‍ വ്യാപാരികളും ഉദ്യോഗസ്ഥരും.അതിനിടയില്‍ ഇ-പോസിന്റെ കമ്പനിയായ വിഷന്‍ടെക്— അവരുടെ ടെക്‌നീഷന്മാരെ പിരിച്ചുവിട്ടതും റേഷന്‍ വ്യാപാരികള്‍ക്ക് തലവേദനയായി.
ഇപ്പോസിന്റെ പ്രവര്‍ത്തനത്തെ പറ്റി കൃത്യമായ വിവരങ്ങളില്ലാത്തവരാണ് റേഷന്‍ ഇന്‍സ്‌പെക്ടര്‍മാര്‍.അതുകൊണ്ട് തന്നെ രണ്ട് മാസമായി ഈ ടെക്‌നീഷന്മാരുടെ സേവനം റേഷന്‍ വ്യാപാരികള്‍ക്ക് ആശ്വാസമായിരുന്നു.അവരെ പിരിച്ചുവിട്ടതോടെ തങ്ങള്‍ക്ക് ടെക്‌നിക്കല്‍ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ലെന്നും ഓഫിസുകളിലേക്ക് വിളിച്ചാല്‍ മറുപടിയില്ലെന്നുമാണ് റേഷന്‍ വ്യാപാരികളുടെ പരാതി. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍വേണ്ട സംവിധാനങ്ങളൊരുക്കാന്‍ ഉദ്യോഗസ്ഥര്‍ തെയ്യാറാവണമെന്നു സാമൂഹിക സംഘടനകള്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it