kasaragod local

ജില്ലയില്‍ റാഗിങ് വര്‍ധിക്കുന്നു: നടപടിയെടുക്കാതെ പോലിസ്‌

കാസര്‍കോട്: ജില്ലയില്‍ റാഗിങ് വര്‍ധിക്കുമ്പോഴും നടപടിയെടുക്കാനാവാതെ പോലിസ്. സ്‌കൂളുകളില്‍ റാഗിങ് നടന്നാല്‍ പ്രിന്‍സിപ്പല്‍, പ്രധാനാധ്യാപകന്‍, പിടിഎ പ്രസിഡന്റ് എന്നിവര്‍ രേഖാമൂലം പരാതി നല്‍കിയാല്‍ മാത്രമേ പോലീസിനു കേസെടുക്കാന്‍ അധികാരമുള്ളു.
ഈ അധ്യയനവര്‍ഷം ജില്ലയിലെ മൂന്നു സ്‌കൂളുകളില്‍ റാഗിംഗ് നടന്നതായി റിപോര്‍ട്ട് ചെയ്‌തെങ്കിലും ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ബോവിക്കാനം ബിഎആര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്ലസ്ടു വിദ്യാര്‍ഥികള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികളെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയിട്ടും സ്‌കൂള്‍ അധികൃതര്‍ പരാതി നല്‍കാത്തതിനാല്‍ കേസെടുത്തിരുന്നില്ല.
സംഭവമറിഞ്ഞ് പോലിസ് സ്‌കൂളിലെത്തിയെങ്കിലും പ്രിന്‍സിപ്പലോ പിടിഎ പ്രസിഡന്റോ പരാതി നല്‍കാത്തതിനാല്‍ കേസെടുത്തിരുന്നില്ല. ചട്ടഞ്ചാല്‍ എംഐസി സ്‌കൂളില്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പുണ്ടായ റാഗിങ് സംഭവത്തിലും പരാതി ഇല്ലാത്തതിനാല്‍ പോലിസ് കേസെടുത്തിരുന്നില്ല. കഴിഞ്ഞ ദിവസമാണ് നീലേശ്വരം കോട്ടപ്പുറം സിഎച്ച് മുഹമ്മദ്‌കോയ സ്മാരക വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ റാഗിങ് പരാതി പുറത്തുവന്നത്. സംഭവത്തില്‍ രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
കഴിഞ്ഞദിവസം രണ്ടു വിദ്യാര്‍ഥികള്‍ക്ക് മര്‍ദ്ദനമേറ്റതിനെത്തുടര്‍ന്ന് സ്‌കൂള്‍ അനിശ്ചിതകാലത്തേയ്ക്ക് അടച്ചിട്ടിരിക്കുകയാണ്.
Next Story

RELATED STORIES

Share it