Pathanamthitta local

ജില്ലയില്‍ രണ്ടാംവിള നെല്ലുസംഭരണം ആരംഭിച്ചു

പത്തനംതിട്ട: ജില്ലയില്‍ രണ്ടാംവിള നെല്ല് സംഭരണം ആരംഭിച്ചു. കിലോഗ്രാമിന് 23.30 രൂപ വില നല്‍കി സപ്ലൈകോ നടത്തുന്ന സംഭരണം കര്‍ഷകര്‍ക്ക് ഏറെ ആശ്വാസകരമാണ്. കഴിഞ്ഞ ഡിസംബര്‍ അഞ്ച് മുതല്‍ സംഭരണത്തിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ അപേക്ഷകള്‍ കൃഷിഭവന്‍ തലത്തില്‍ പരിശോധിച്ച് വിസ്തൃതിയും ഇനവും മറ്റ് വിവരങ്ങളും സാക്ഷ്യപ്പെടുത്തി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകള്‍ക്കായുള്ള പാഡി മാര്‍ക്കറ്റിങ് ഓഫീസിലൂടെ രജിസ്‌ട്രേഷന്‍ നല്‍കുകയാണ് ചെയ്തത്.
രജിസ്‌ട്രേഷന്‍ നമ്പര്‍ അലോട്ട്‌മെന്റ് പൂര്‍ത്തിയായ  പാടങ്ങളില്‍ കൊയ്ത്തിന്റെ തീയതി അനുസരിച്ച് സപ്ലൈകോയുമായി എഗ്രിമെന്റില്‍ ഏര്‍പ്പെട്ടിട്ടുള്ള മില്ലുകള്‍ക്ക് പാഡി മാര്‍ക്കറ്റിംഗ് ഓഫിസര്‍ പാടങ്ങള്‍ അലോട്ട് ചെയ്ത് സമയബന്ധിതമായി സംഭരണം നടത്തും. ജില്ലയില്‍ നാരങ്ങാനം, കടമ്പനാട്, കൊടുമണ്‍, ഏഴംകുളം, ഓമല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൊയ്ത്ത് കഴിഞ്ഞ പാടങ്ങളില്‍ നെല്ല് സംഭരണം പൂര്‍ത്തിയായിട്ടുണ്ട്.
75000 കിലോഗ്രാം നെല്ലാണ് ഇവിടങ്ങളില്‍ നിന്നും സംഭരിച്ചിട്ടുള്ളത്. മറ്റ് പഞ്ചായത്തുകളില്‍ കൃഷിഭവന്‍ തലത്തില്‍ അപേക്ഷയുടെ പരിശോധന നടന്നുവരികയാണ്.  സംഭരണം നടത്തിയതിന് ശേഷം മില്ലുകള്‍ ബന്ധപ്പെട്ട കര്‍ഷകരുടെ പേരില്‍ പാഡി റസീപ്റ്റ് ഷീറ്റ് നല്‍കും. സപ്ലൈകോയുമായി എഗ്രിമെന്റ് വച്ചിട്ടുള്ള ബാങ്കുകളില്‍ കര്‍ഷകര്‍ക്ക്  അക്കൗണ്ടുള്ള ശാഖയില്‍ പാഡി റസീപ്റ്റ് ഷീറ്റ് സമര്‍പ്പിക്കണം.
ബാങ്കുകള്‍ ഉടന്‍ തന്നെ കര്‍ഷകരുടെ പേരില്‍ വായ്പാ അക്കൗണ്ട് ആരംഭിച്ച് അതിന്റെ വിവരങ്ങള്‍ അടങ്ങിയ ലോണ്‍ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റും പാഡി റസീപ്റ്റ് ഷീറ്റിന്റെ പകര്‍പ്പും പേമെന്റ് ഓഫിസര്‍ക്ക് നല്‍കും. ഓഫിസര്‍ ഇവ പരിശോധിച്ച് ഓണ്‍ലൈനായി പേഓര്‍ഡര്‍ നല്‍കുന്നതോടെ കര്‍ഷകര്‍ക്ക് നെല്ലിന്റെ വില അക്കൗണ്ടില്‍ ലഭ്യമാകും. ഇങ്ങനെ ബാങ്കുകള്‍ നല്‍കുന്ന ലോണുകളുടെ ബാധ്യത സര്‍ക്കാരിനാണ്. നെല്ലിന്റെ വില സപ്ലൈകോയും പലിശ സര്‍ക്കാരും നല്‍കുന്നതിനാല്‍ കര്‍ഷകര്‍ക്ക് ലോണ്‍ അക്കൗണ്ട് മൂലം ബാധ്യതയുണ്ടാകില്ല. രജിസ്‌ട്രേഷന്‍ മുതല്‍ പേമെന്റ് വരെ ഓണ്‍ലൈനായി നടക്കുന്ന ഈ പദ്ധതി സുതാര്യവും കര്‍ഷകര്‍ക്ക് ഗുണകരവുമാണ്.
ഇത്തരത്തില്‍ സംഭരിക്കുന്ന നെല്ല് അരിയാക്കി സപ്ലൈകോയുടെ പൊതുവിതരണ സംവിധാനം വഴി കേരളത്തില്‍ തന്നെ വിതരണം   ചെയ്യുമെന്ന് തിരുവനന്തപുരം മേഖലാ നെല്ല് വിപണന ഓഫിസറും കൃഷി അസിസ്റ്റന്റ് ഡയറക്ടറുമായ സി എല്‍ മിനി അറിയിച്ചു.
Next Story

RELATED STORIES

Share it