kannur local

ജില്ലയില്‍ രണ്ടാംദിവസവും കടലേറ്റം തുടരുന്നു; നാശനഷ്ടവും

കണ്ണൂര്‍/തലശ്ശേരി: ജില്ലയിലെ തീരമേഖലയില്‍ രണ്ടാം ദിവസവും രൂക്ഷമായ കടലേറ്റം. മാക്കൂട്ടം മുതല്‍ തലശ്ശേരി ജനറല്‍ ആശുപത്രി വരെയുള്ള ഭാഗങ്ങളില്‍ കൂറ്റന്‍ തിരമാലകള്‍ അടിച്ചുകയറി. കഴിഞ്ഞ ദിവസം കടല്‍പാലം, മല്‍സ്യ മൊത്ത മാര്‍ക്കറ്റ്, ചെറുകിട മല്‍സ്യവിതരണ മാര്‍ക്കറ്റ്, ജനറല്‍ ആശുപത്രിയുടെ പിന്‍ഭാഗം എന്നിവിടങ്ങളില്‍ കടലേറ്റമുണ്ടായിരുന്നു.
തീരദേശവാസികളെ ആശങ്കയിലാഴ്ത്തിയാണ് ഇന്നലെ വൈകീട്ട് തിരമാലകള്‍ കരയിലേക്ക് ഇരച്ചെത്തിയത്. ചിലയിടങ്ങളില്‍ തിരമാലകള്‍ 20 അടി വരെ ഉയര്‍ന്നു. മണ്ണും പൂഴിയും ഇളകിയതിനെ തുടര്‍ന്ന് തീരദേശത്തെ വൈദ്യുതിത്തൂണുകള്‍ തകര്‍ച്ചയുടെ വക്കിലെത്തി. അപകടാവസ്ഥ കണക്കിലെടുത്ത് തീരദേശത്തേക്കുള്ള വൈദുതിബന്ധം കെഎസ്ഇബി വിഛേദിച്ചു. ദിനേന നൂറുകണക്കിന് ലോറികള്‍ മല്‍സ്യം  കയറ്റാനെത്തുന്ന മൊത്ത മാര്‍ക്കറ്റ്, ചെറുകിട മാര്‍ക്കറ്റ് ഭാഗത്തെ പാര്‍ക്കിങ് യാര്‍ഡുകള്‍ തകര്‍ന്നു. ഇതോടെ ഇവിടേക്ക് വാഹനങ്ങള്‍ പ്രവേശിക്കാന്‍ കഴിയുന്നില്ല. കടല്‍പാല പരിസരം കേന്ദ്രീകരിച്ച് പുലിമുട്ട് നിര്‍മിക്കണമെന്ന തീരദേശവാസികളുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
എന്നാല്‍, ഇതുവരെ നടപ്പായില്ല. തലശ്ശേരിക്ക് പുറമെ മാക്കൂട്ടം, പുന്നോല്‍, ഏഴര കടപ്പുറം, മുഴപ്പിലങ്ങാട്, തോട്ടട, കിഴുന്ന, മൈതാനിപ്പള്ളി, നീര്‍ച്ചാല്‍, പുതിയങ്ങാടി, മാട്ടൂല്‍, പാലക്കോട് മേഖലയിലും കടലേറ്റം തുടരുന്നു. നിരവധി വീടുകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ചിലയിടങ്ങളില്‍ കിണറുകളില്‍ വരെ കടല്‍വെള്ളം കയറി. തീരപ്രദേശങ്ങളില്‍ മൂന്നു മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ പുറംകടലിലേക്ക് പോയിട്ടില്ല.
Next Story

RELATED STORIES

Share it