Kottayam Local

ജില്ലയില്‍ യുഡിഎഫ് ആധിപത്യം; ആറു സീറ്റു നേടി

കോട്ടയം: സംസ്ഥാനത്ത് ആഞ്ഞടിച്ച ഇടതുതരംഗത്തിലും യുഡിഎഫിനെ കൈവിടാതെ കോട്ടയം ജില്ല. കേരളാ കോണ്‍ഗ്രസ്സിന്റെ തട്ടകമായ ജില്ലയില്‍ ആകെയുള്ള ഒമ്പതില്‍ ആറു സീറ്റുകളാണ് യുഡിഎഫ് നേടിയത്. സീറ്റിങ് സീറ്റുകളായ ഏറ്റുമാനൂരും വൈക്കവും എല്‍ഡിഎഫ് നിലനിര്‍ത്തിയപ്പോള്‍ ഇരുമുന്നണികളുടെയും പിന്തുണയില്ലാതെ മല്‍സരിച്ച ജനപക്ഷ സ്ഥാനാര്‍ഥി പി സി ജോര്‍ജ് പൂഞ്ഞാറില്‍ വന്‍ വിജയം നേടി. ആറ് സീറ്റുകള്‍ കേരളാ കോണ്‍ഗ്രസ് എമ്മും രണ്ട് സീറ്റ് കോണ്‍ഗ്രസ്സും സിപിഎമ്മും സിപിഐയും ഓരോ സീറ്റും നേടി.
ഏറ്റവും ശ്രദ്ധേയ മല്‍സരം നടന്ന പാലായില്‍ 13ാം തവണയും കെ എം മാണി തന്നെ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞതവണ 5259 വോട്ടിന് വിജയിച്ച മാണി ഇത്തവണ 4703 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പനെ പരാജയപ്പെടുത്തിയത്. ഭൂരിപക്ഷത്തില്‍ നേരിയ കുറവ് വന്നതല്ലാതെ പാലായിലെ മാണിയുടെ തേരോട്ടത്തിന് തടയിടാന്‍ ഇടതിനായില്ല.
മണ്ഡലത്തില്‍ 24621 വോട്ട് നേടി ബിജെപി മുന്നേറ്റം നടത്തി. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷത്തില്‍ 6163 വോട്ടിന്റെ കുറവുണ്ടായതല്ലാതെ മണ്ഡലത്തില്‍ അദ്ഭുതങ്ങളൊന്നുമുണ്ടാക്കാന്‍ എല്‍ഡിഎഫിനായില്ല. കഴിഞ്ഞ തവണത്തെ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം 33255 വോട്ടില്‍ 27092 ലേക്ക് എത്തിക്കാനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിന് കഴിഞ്ഞുള്ളു. ബിജെപി സ്ഥാനാര്‍ഥി ജോര്‍ജ് കുര്യന്‍ 15933 വോട്ടു നേടി. കേരളാ കോണ്‍ഗ്രസുകള്‍ തമ്മില്‍ ഏറ്റുമുട്ടിയ കടുത്തുരുത്തിയില്‍ ജില്ലയിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തിനാണ് കേരളാ കോണ്‍ഗ്രസ് എമ്മിലെ മോന്‍സ് ജോസഫ് വിജയിച്ചത്.
42256 വോട്ടിനാണ് മോന്‍സ് ജോസഫ് എല്‍ഡിഎഫിലെ കേരളാ കോണ്‍ഗ്രസി ലെ(സ്‌കറിയ) സ്‌കറിയ തോമസിനെ പരാജയപ്പെടുത്തിയത്.
കഴിഞ്ഞ തവണ 23053 വോട്ടിനായിരുന്നു മോന്‍സ് വിജയിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ഥി കേരളാ കോണ്‍ഗ്രസിലെ സ്റ്റീഫന്‍ ചാഴികാടന്‍ 17536 വോട്ടു നേടി. ബിഡിജെഎസ് ഇടതു വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്തുമെന്ന് പ്രവചിച്ചിരുന്ന വൈക്കത്ത് കഴിഞ്ഞ തവണത്തേക്കള്‍ ഉയര്‍ന്ന ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് വിജയിച്ചത്. കഴിഞ്ഞ തവണ 10568 വോട്ടിന് എല്‍ഡിഎഫ് വിജയിച്ച വൈക്കത്ത് ഇത്തവണ 24584 വോട്ടിനാണ് സിപിഐയിലെ സി കെ ആശ വിജയിച്ചത്. ഇവിടെ ബിഡിജെഎസ് (എന്‍ഡിഎ) സ്ഥാനാര്‍ഥി 30067 വോട്ട് നേടി. വൈക്കത്ത് ബിഡിജെഎസിന്റെ സാന്നിധ്യം യുഡിഎഫ് വോട്ടുകളിലാണ് കനത്ത വിള്ളലുണ്ടാക്കിയത്.
കഴിഞ്ഞ തവണ 52035 വോട്ടു നേടിയ യുഡിഎഫിന് ഇത്തവണ ലഭിച്ചത് 37413 വോട്ടു മാത്രമാണ്. കഴിഞ്ഞ തവണത്തെ 4512 വോട്ട് ഇത്തവണ 30067 ലേക്ക് എത്തിക്കാന്‍ എന്‍ഡിഎയ്ക്ക് ആയി. 33632 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിന് കോട്ടയം മണ്ഡലം നില നിര്‍ത്താന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനായി. ചങ്ങനാശ്ശേരിയില്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസിലെ ഡോ. കെ സി ജോസഫിനെ 1849 വോട്ടിന് പരാജയപ്പെടുത്തി കേരളാ കോണ്‍ഗ്രസ് എമ്മിലെ സി എഫ് തോമസ് മണ്ഡലം നിലനിര്‍ത്തി.
കാഞ്ഞിരപ്പള്ളിയില്‍ ശക്തമായ മല്‍സരത്തിനൊടുവില്‍ 3890 വോട്ടിന്റെ ഭൂരിപക്ഷത്തിന് മണ്ഡലം നിലനിര്‍ത്താന്‍ സിറ്റിങ് എംഎല്‍എ ഡോ. എന്‍ ജയരാജിന് സാധിച്ചെങ്കിലും ഭൂരിപക്ഷത്തില്‍ ഇടിവുണ്ടായി. കഴിഞ്ഞ തവണ 12206 വോട്ടായിരുന്നു ഭൂരിപക്ഷം. കഴിഞ്ഞ തവണ 8037 വോട്ട് നേടിയ ബിജെപി ഇത്തവണ 31411 വോട്ട് നേടി.
മൂന്നു മുന്നണികളെയും പരാജയപ്പെടുത്തി പൂഞ്ഞാറില്‍ ജനപക്ഷ സ്ഥാനാര്‍ഥി പി സി ജോര്‍ജ് 27821 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിന് വിജയിച്ച് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചു. ഏറ്റുമാനൂരില്‍ കഴിഞ്ഞ തവണത്തേക്കള്‍ ഭൂരിപക്ഷത്തിനാണ് അഡ്വ. കെ സുരേഷ് കുറുപ്പ് വിജയിച്ചത്. കഴിഞ്ഞ തവണ 1801 വോട്ടിന് വിജയിച്ച സുരേഷ് കുറുപ്പ് ഇത്തവണ 8899 വോട്ടിനാണ് തോമസ് ചാഴികാടനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ 3385 വോട്ട് നേടിയ ബിജെപിയ്ക്ക് ഇത്തവണ മണ്ഡലത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കി. 27540 വോട്ടാണ് ഇത്തവണ ഇവിടെ ബിഡിജെഎസ് സ്ഥാനാര്‍ഥി എ ജി തങ്കപ്പന്‍ നേടിയത്.
Next Story

RELATED STORIES

Share it