malappuram local

ജില്ലയില്‍ മൂന്ന് ഡിവൈഎസ്പി ഓഫിസ് കൂടി സ്ഥാപിക്കും

കൊണ്ടോട്ടി: കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതും ജനസാന്ദ്രത കൂടിയതും കണക്കിലെടുത്ത് മലപ്പുറം ജില്ലയില്‍ മൂന്ന് ഡിവൈഎസ്പി ഓഫിസ് കൂടി സ്ഥാപിക്കുന്നു. ഇത് സംബന്ധിച്ച് സര്‍ക്കാറിന് സമര്‍പ്പിച്ച റിപോര്‍ട്ടില്‍ വൈകാതെ ഉത്തരവിറങ്ങും. കൊണ്ടോട്ടി, നിലമ്പൂര്‍, എടപ്പാള്‍ എന്നിവടങ്ങളിലാണ് പുതിയ ഡിവൈഎസ്പി ഓഫിസ് സ്ഥാപിക്കുന്നത്. നിലവില്‍ തിരൂര്‍, മലപ്പുറം, പെരിന്തല്‍മണ്ണ എന്നിവടങ്ങളിലാണ് ഡിവൈഎസ്പി ഓഫിസുകളുള്ളത്. ഇതോടെ ജില്ലയിലെ ഡിവൈഎസ്പി ഓഫിസുകളുടെ എണ്ണം ആറാവും.
പുതുതായി രൂപീകരിക്കുന്ന ഡിവൈഎസ്പി ഓഫിസുകള്‍ക്ക് കീഴില്‍ അഞ്ചുമുതല്‍ ആറുവരെ പോലിസ് സ്റ്റേഷന്‍ പരിധികള്‍ ഉള്‍പ്പെടുത്തും. കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതും, ജനസാന്ദ്രത കൂടിയതും മൂലം ജില്ലയിലെ നിലവിലെ ഡിവൈഎസ്പിമാരുടെ ജോലി ഭാരം കൂടിയിരിക്കുകയാണ്.
ഇത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുമാണ് മൂന്ന് ഡിവൈഎസ്പി ഓഫിസുകള്‍ പുതുതായി സ്ഥാപിക്കുന്നത്. കരിപ്പൂര്‍ വിമാനത്താവളം ഉള്‍പ്പെടുന്നതിനാലാണ് കൊണ്ടോട്ടിയില്‍ ഡിവൈഎസ്പി ഓഫിസ് സ്ഥാപിക്കുന്നത്.
വിമാനത്താവളം ഉള്‍ക്കൊള്ളുന്ന കരിപ്പൂര്‍, കൊണ്ടോട്ടി സ്‌റ്റേഷനുകള്‍ ഇതിന് പരിധിയിലാണ്. വാഴക്കാട്, അരീക്കോട്, തേഞ്ഞിപ്പലം സ്റ്റേഷനുകള്‍ കൂടി ഉള്‍പ്പെടുത്തിയാവും കൊണ്ടോട്ടി ഡിവൈഎസ്പി ആസ്ഥാനമൊരുക്കുക.
മാവോവാദി ഭീഷണിയും മറ്റും നിലനില്‍ക്കുന്നതിനാലാണ് നിലമ്പൂരില്‍ ഡിവൈഎസ്പി കേന്ദ്രം ഒരുക്കുന്നത്. വഴിക്കടവ്, എടക്കര, നിലമ്പൂര്‍, മമ്പാട് ഭാഗങ്ങള്‍ ഉള്‍പ്പെടെ നിലമ്പൂരിന് പരിധിയില്‍ വരും. തീരദേശമേഖലയില്‍ ആക്രമങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് തിരൂരിന് പുറമെ എടപ്പാളിലും ഡിവൈഎസ്പി ഓഫിസ് സ്ഥാപിക്കുന്നത്.
ജില്ലയിലെ പ്രധാന ആക്രമണ സംഭവങ്ങള്‍ ഏറെയും ഈ മേഖലകളിലാണെന്ന് ഇത് സംബന്ധിച്ചു നടത്തിയ പഠനത്തില്‍ വ്യക്തമാക്കിയിരുന്നു. മൂന്ന് ഡിവൈഎസ്പി ഓഫിസുകളുടേയും കീഴില്‍ വരുന്ന പോലിസ് സ്‌റ്റേഷനുകളും അതിര്‍ത്തികളും നിശ്ചയിച്ചുള്ള സമഗ്ര റിപോര്‍ട്ടിലാണ് സര്‍ക്കാര്‍ തീരുമാനം കൈകൊള്ളുന്നത്. ഇത് സംബന്ധിച്ചു ബന്ധപ്പെട്ട സ്‌റ്റേഷനുകളില്‍ വിവരം ലഭിച്ചിട്ടുണ്ട്.


Next Story

RELATED STORIES

Share it