ernakulam local

ജില്ലയില്‍ മൂന്നു പാലങ്ങള്‍ തുറന്നു

കൊച്ചി: ജില്ലയില്‍ ഇന്നലെ മൂന്നു പാലങ്ങള്‍ ഗതാഗതത്തിന് തുറന്നുകൊടുത്തതിനൊപ്പം വൈറ്റില, കുണ്ടന്നൂര്‍ ഫ്‌ളൈഓവറുകള്‍ക്ക് ശിലാസ്ഥാപനവും നടത്തി. മറ്റത്താംകടവ് പാലം, ആലുവ മണപ്പുറത്തെ നടപ്പാലം, ഏലൂക്കര- ഉളിയന്നൂര്‍ പാലങ്ങളാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നലെ ഗതാഗതത്തിന് തുറന്നുകൊടുത്തത്. ഇതോടൊപ്പം വൈറ്റില, കുണ്ടന്നൂര്‍ ഫ്‌ളൈഓവറുകളുടെ നിര്‍മാണത്തിനും തുടക്കമിട്ടു. വന്‍ജനാവലിയാണ് ഓരോ പ്രദേശത്തും ഉദ്ഘാടനചടങ്ങിനെത്തിയത്.
400 ദിവസം 100 പാലമെന്ന് ഈ സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ ആരുമത് വിശ്വസിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വൈറ്റിലയില്‍ ഫ്‌ളൈഓവര്‍ നിര്‍മാണോദ്ഘാടന വേളയില്‍ പറഞ്ഞു. ഇന്നലെ മൂന്നുപാലം തുറന്നുകൊടുത്തതിനൊപ്പം രണ്ട് ഫ്‌ളൈഓവറുകള്‍ക്കാണ് തുടക്കമിട്ടത്. കൊച്ചി മെട്രോ നവംബര്‍ ഒന്നിന് യാത്ര ആരംഭിക്കുന്നതിനായി അവസാനവട്ട ഒരുക്കങ്ങളിലാണ്. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇന്ന് വിമാനമിറങ്ങുന്നു. ഇതൊക്കെ കേരളത്തില്‍ ചിന്തിക്കാന്‍ പറ്റുന്ന കാര്യമായിരുന്നോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫിഷറീസ് മന്ത്രി കെ ബാബു, കെ വി തോമസ് എംപി, എംഎല്‍എമാരായ ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍, ഡോമനിക് പ്രസന്റേഷന്‍, ലൂഡി ലൂയീസ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍, പൊതുമരാമത്ത് സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് പങ്കെടുത്തു.
Next Story

RELATED STORIES

Share it