wayanad local

ജില്ലയില്‍ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി



കല്‍പ്പറ്റ: ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ ശുചിത്വ-മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. വൈത്തിരി, മീനങ്ങാടി, തിരുനെല്ലി, പൊഴുതന ഗ്രാമപ്പഞ്ചായത്തുകളിലും കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി നഗരസഭകളിലും ഹരിതസേനയുടെയും അജൈവ മാലിന്യശേഖരണ സംവിധാനങ്ങളുടെയും തുടക്കം കുറിച്ചു. ഹരിത കര്‍മസേന ജനപങ്കാളിത്തത്തോടെ വൈത്തിരി പുഴ ശുചീകരണം സംഘടിപ്പിച്ചു. അസി. പ്ലാനിങ് ഓഫിസര്‍ സുഭദ്ര നായരുടെയും ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍ പി യു ദാസിന്റെയും നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി. തിരുനെല്ലി പഞ്ചായത്തില്‍ തിരനെല്ലി അമ്പലം കേന്ദ്രീകരിച്ച് ജനപങ്കാളിത്തത്തോടെ അജൈവ മാലിന്യ ശേഖരണവും മിനി കലക്ഷന്‍ ഫെസിലിറ്റിയും ഹരിതസേനയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മായാദേവി, വൈസ് പ്രസിഡന്റ് പി വി ബാലകൃഷ്ണന്‍, അനന്തന്‍ നമ്പ്യാര്‍, ശുചിത്വമിഷന്‍ അസി. കോ-ഓഡിനേറ്റര്‍ എ കെ രാജേഷ് പ്രോഗ്രാം ഓഫിസര്‍ കെ അനൂപ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മീനങ്ങാടി ഗ്രാമപ്പഞ്ചായത്തില്‍ സമഗ്ര മാലിന്യ കര്‍മപദ്ധതി അവതരണവും ജൈവ ഭരണി വിതരണ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി നിര്‍വഹിച്ചു. പഞ്ചായത്തില്‍ തുമ്പൂര്‍മുഴി മോഡല്‍ കംപോസ്റ്റിങ് പ്രവര്‍ത്തനങ്ങളും ഹരിത കര്‍മസേന പരിശീലനങ്ങളും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ പി എ ജസ്റ്റിന്‍, സെക്രട്ടറി സിബി, അസി. കോ-ഓഡിനേറ്റര്‍ എം പി രാജേന്ദ്രന്‍, ടെക്‌നിക്കല്‍ കണ്‍സല്‍ട്ടന്റ് സാജിയോ ജോസഫ് പങ്കെടുത്തു. കല്‍പ്പറ്റ നഗരസഭയില്‍ മുഴുവന്‍ ഡിവിഷനുകളിലും കുടുംബശ്രീ പ്രവര്‍ത്തകര്‍ വീടുകളില്‍ വിവര വിജ്ഞാന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്റ്റിക്കര്‍ പതിപ്പിക്കലും ചര്‍ച്ചകളും സംഘടിപ്പിച്ചു. പൊഴുതന ഗ്രാമപ്പഞ്ചായത്തില്‍ ഹരിത കര്‍മസേനയ്ക്കും അജൈവ മാലിന്യ ശേഖരണത്തിനും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍ സി പ്രസാദിന്റെയും വൈസ് പ്രസിഡന്റ് ഇന്ദിര, സെക്രട്ടറി പ്രദീപ് എന്നിവരുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തനം ഏകോപിപ്പിച്ചു.
Next Story

RELATED STORIES

Share it