thrissur local

ജില്ലയില്‍ മഴ ശക്തം : തീരപ്രദേശങ്ങളില്‍ നൂറുകണക്കിന് വീടുകള്‍ വെള്ളക്കെട്ട് ഭീഷണിയില്‍



ചേറ്റുവ: തുടര്‍ച്ചയായുണ്ടായ മഴയെ തുടര്‍ന്ന് തീരപ്രദേശങ്ങളില്‍ നൂറ് കണക്കിന് വീടുകള്‍ വെള്ളകെട്ട് ഭീഷണിയില്‍ തുടരുന്നു. മഴവെള്ളം റോഡുകളും ഓടകളും നിറഞ്ഞുകവിഞ്ഞ് വീടുകളിലേക്ക് കയറിക്കൊണ്ടിരിക്കുകയാണ്. തൊട്ടാപ്പ് മദ്‌റസയുടെ പരിസരത്ത് വെള്ളക്കെട്ട് രൂക്ഷമായതിനാല്‍ തൊട്ടടുത്തുള്ള വീടുകളില്‍ നിന്ന് താമസക്കാര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയായിരിക്കുകയാണ്. ഇത്തരത്തില്‍ പല വീടുകളും വെള്ളക്കെട്ടിനാല്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. വീടിനോട് ചേര്‍ന്നുള്ള കക്കൂസുകളിലെ ഓവര്‍ഫ്‌ളോ ടാങ്കില്‍ മഴവെള്ളം നിറഞ്ഞ് കവിഞ്ഞ് ദുര്‍ഗന്ധം വമിക്കുകയാണ്. ഇത് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു. കടപ്പുറം തൊട്ടാപ്പ് ഫോക്കസ് പരിസരം ചെമ്പുനംപറമ്പില്‍ സി എസ് റസിയയുടെ ഓലമേഞ്ഞ വീടിന് അടിത്തറയില്ലാത്തതിനാല്‍ വീടിനകത്തും വെള്ളം കെട്ടി നില്‍ക്കുന്ന അവസ്ഥയാണ്. വികലാംഗയായ റസിയയും മകനുമാണ് ഈ കുടിലില്‍ താമസിക്കുന്നത്. ഓടകള്‍ കാലവര്‍ഷം തുടങ്ങുംമുമ്പ് വൃത്തിയാക്കാത്തതിനാല്‍ മണ്ണും മറ്റ് മാലിന്യങ്ങളും നിറഞ്ഞ് കിടക്കുന്നതിനാല്‍ വെള്ളം ഒഴുകിപ്പോകാനിടമില്ലാതെയാണ് പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാകുന്നത്. വീടുകള്‍ക്ക് പുറമെ പല പഞ്ചായത്ത് റോഡുകളിലും വെള്ളം ഒഴുകിപോകാന്‍ കഴിയാത്തതിനാല്‍ വെള്ളക്കെട്ട് രൂക്ഷമാണ്. വെള്ളപ്പൊക്ക പ്രദേശം പഞ്ചായത്ത് പ്രസിഡന്റ് പി എം മുജീബ് സന്ദര്‍ശിച്ച് വെള്ളക്കെട്ട് ഒഴിവാക്കാനുള്ള താല്‍ക്കാലിക നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it