Idukki local

ജില്ലയില്‍ ഭൂഗര്‍ഭജല ഉപഭോഗം കൂടുതല്‍; ആശങ്ക ഉയരുന്നു

ഇടുക്കി: ബദല്‍ സംവിധാനങ്ങളുടെ അപര്യാപ്തതമൂലം ജില്ലയില്‍ വ്യാപകമായ ഭൂഗര്‍ഭജലം ഉപയോഗിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നു. അതേസമയം,  വേനല്‍ കടുത്തതോടെ ജില്ലയില്‍ വ്യാപകമായി മാനദണ്ഡങ്ങള്‍ ലംഘിച്ച് കുഴല്‍ക്കിണറുകള്‍ നിര്‍മിക്കുന്നതായും പരാതിയുണ്ട്. ഇതോടെ, ജില്ലയിലെ ഭൂഗര്‍ഭ ജലനിരപ്പ് അപകടകരമാംവിധം താഴുമെന്നാണ് ആശങ്ക ഉയര്‍ന്നിരിക്കുന്നത്. വ്യാവസായിക അടിസ്ഥാനത്തില്‍ അനിയന്ത്രിതമായി കുഴല്‍ക്കിണറുകള്‍ നിര്‍മിക്കുന്നത് വേനലില്‍ ശുദ്ധജലക്ഷാമം രൂക്ഷമാകാന്‍ കാരണമായെന്നാണ് ഗ്രൗണ്ട് വാട്ടര്‍ എസ്റ്റിമേഷന്‍ കമ്മിറ്റിയുടെ വിലയിരുത്തല്‍.
ആയിരക്കണക്കിനു മീറ്റര്‍ ആഴത്തില്‍ നിര്‍മിക്കുന്ന, വ്യാവസായിക ആവശ്യങ്ങള്‍ക്കായുള്ള കുഴല്‍ക്കിണറുകള്‍ ഗാര്‍ഹികാവശ്യങ്ങള്‍ക്കായി നിര്‍മിച്ച കുഴല്‍ക്കിണറുകളിലെയും ഉപരിതല ജലസ്രോതസ്സുകളിലെയും ജലനിരപ്പ് താഴാന്‍ കാരണമാകുന്നു. ഉപരിതലജലത്തിന്റെ അളവ് കുറവുള്ള പ്രദേശങ്ങളില്‍ ഭൂഗര്‍ഭജലം മാത്രമാണ് ജനങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. ലോറേഞ്ചിനെ അപേക്ഷിച്ച് തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ഹൈറേഞ്ച് പ്രദേശങ്ങളിലാണ് ഉപരിതല ഉറവകള്‍ ഏറ്റവും കുറവുള്ളത്. ഗാര്‍ഹികാവശ്യങ്ങള്‍ക്കായി നിര്‍മിച്ച കുഴല്‍ക്കിണറുകള്‍ വറ്റുന്നത് മരുവല്‍ക്കരണത്തിന്റെ ലക്ഷണമാണ്. നെടുങ്കണ്ടം, കട്ടപ്പന ബ്ലോക്കുകളില്‍ ഭൂഗര്‍ഭ ജലവിതാനം ആപല്‍ക്കരമായ അവസ്ഥയിലാണെന്നാണ് ഭൂജല വകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍.
കുഴല്‍ക്കിണറുകളുടെ എണ്ണം വര്‍ധിച്ചതു മൂലം ഭൂഗര്‍ഭ ജലവിതാനം മുന്‍പെങ്ങുമില്ലാത്ത വിധം താഴ്ന്നിരിക്കുകയാണ്. വീട്ടാവശ്യത്തിനുള്ള 110 എംഎം കുഴല്‍ക്കിണര്‍ (തൊടുപുഴ, ഇളംദേശം എന്നീ ബ്ലോക്കുകളില്‍ 100 മീറ്ററില്‍ കൂടാത്ത ആഴത്തിലും, ഇടുക്കി, നെടുങ്കണ്ടം, അഴുത, ദേവികുളം, അടിമാലി എന്നീ ബ്ലോക്കുകളില്‍ 150 മീറ്ററില്‍ കൂടാത്ത ആഴത്തിലും) കുഴല്‍ക്കിണറുകള്‍ നിര്‍മിക്കുന്നതിനു നിലവില്‍ നിയന്ത്രണമില്ല. സ്വകാര്യ വ്യക്തികളോ പൊതുസ്ഥാപനങ്ങളോ കുഴല്‍ക്കിണറുകള്‍ കുഴിക്കുന്നത് ഭൂജലവകുപ്പുള്‍പ്പെടെ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ അറിഞ്ഞിരിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം. എന്നാല്‍ പലരും ഇതു പാലിക്കാറില്ല.
സര്‍ക്കാരോ സര്‍ക്കാര്‍ ഏജന്‍സികളോ നിര്‍മിക്കുന്ന കുഴല്‍ക്കിണറുകള്‍ക്ക് ഭൂജലവകുപ്പിന്റെ അനുമതി തേടാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭൂഗര്‍ഭജലസാന്നിധ്യം കണ്ടെത്തി കുഴല്‍ കിണറുകളുടെ എസ്റ്റിമേറ്റ് തയാറാക്കി നല്‍കുന്നതും ഭൂജല വകുപ്പ്തന്നെയാണ്. 1975 മുതല്‍ തദ്ദേശഭരണ സ്ഥാപനങ്ങളും വിവിധ സര്‍ക്കാര്‍ ഏജന്‍സികളും അനവധി പദ്ധതികളില്‍പ്പെടുത്തി ജില്ലയിലാകെ 1400ല്‍ അധികം കുഴല്‍ക്കിണറുകളാണ് നിര്‍മിച്ചിട്ടുള്ളത്. ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്ക് കാര്‍ഷിക ആവശ്യങ്ങള്‍ക്കായി 50 ശതമാനം സബ്‌സിഡിയോടെ ഭൂജലവകുപ്പ് ആയിരത്തോളം കുഴല്‍ക്കിണറുകളും നിര്‍മിച്ച്‌നല്‍കിയിട്ടുണ്ട്. സ്വകാര്യ വ്യക്തികളോ, സ്വകാര്യ സ്ഥാപനങ്ങളോ നിര്‍മിച്ച കുഴല്‍ക്കിണറുകളുടെ കൃത്യമായ കണക്ക് വകുപ്പിന്റെ പക്കലില്ല. എങ്കിലും ജില്ലയിലാകെ ഇരുപതിനായിരത്തോളം കുഴല്‍ക്കിണറുകള്‍ ഉണ്ടെന്നാണ് അനൗദ്യോഗിക വിവരം.
ജില്ലയില്‍ ഭൂഗര്‍ഭജലത്തിന്റെ അളവ് അപകടകരമായ അവസ്ഥയിലായതിനാല്‍ കഴിഞ്ഞ വര്‍ഷവും രണ്ട് മാസത്തേക്ക് കുഴല്‍ക്കിണര്‍ നിര്‍മാണം നിരോധിച്ചിരുന്നു. എങ്കിലും പലയിടത്തും നിരോധനത്തിനു ശേഷവും കുഴല്‍ക്കിണര്‍ നിര്‍മാണം തുടര്‍ന്നു. ഭൂജലവകുപ്പിന് ഒരു ഓഫിസും ഏതാനും ജീവനക്കാരും മാത്രമാണ് ജില്ലയിലുള്ളത്.
അതുകൊണ്ട് തന്നെ നിയമവിരുദ്ധ കുഴല്‍ക്കിണര്‍ നിര്‍മാണം കണ്ടെത്താനോ, അന്വേഷണം നടത്താനോ സാധിക്കാറില്ല. പൊതു ജലസ്രോതസ്സുകളുടെ 30 മീറ്റര്‍ പരിധിയില്‍ കുഴല്‍ക്കിണര്‍ നിര്‍മാണം നടത്തരുതെന്നാണ് ചട്ടമെങ്കിലും ഇതാരും പാലിക്കാറില്ല. ഈ തീരുമാനം നടപ്പാക്കാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കും റവന്യു വകുപ്പിനും ഉത്തരവാദിത്തമുണ്ട്.
Next Story

RELATED STORIES

Share it